അമേരിക്കക്കാര്‍ പുറം തിരിഞ്ഞു നില്ക്കുന്ന ഇന്ത്യാക്കാരെ തേടി ജര്‍മ്മനി ; ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളിലെ ”അതിവിദഗ്ദ്ധരായ ഇന്ത്യക്കാരെ” ജര്‍മ്മനിയിലേക്ക് സ്വാഗതം ചെയ്തു

ന്യൂഡല്‍ഹി: അമേരിക്ക കുടിയേറ്റം നിയന്ത്രിക്കാന്‍ എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി ഉയര്‍ത്തി ഇന്ത്യാക്കാരെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ജര്‍മ്മനി ഈ അവസരം ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തുകയാണ് ജര്‍മ്മനി. ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളിലെ ”അതിവിദഗ്ദ്ധരായ ഇന്ത്യക്കാരെ” ജര്‍മ്മനിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ജര്‍മ്മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കര്മാന് ആഹ്വാനം ചെയ്തു.
‘എല്ലാ അതിവിദഗ്ദ്ധരായ ഇന്ത്യക്കാരോടുമുള്ള എന്റെ ആഹ്വാനമാണിത്. സ്ഥിരതയുള്ള കുടിയേറ്റ നയങ്ങളും, ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളില്‍ മികച്ച തൊഴിലവസരങ്ങളുമുള്ള രാജ്യമാണ് ജര്‍മ്മനി,’ ചൊവ്വാഴ്ച എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അക്കര്മാന് കുറിച്ചു. പോസ്റ്റിനൊപ്പം പങ്കുവെച്ച വീഡിയോയില്‍, ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നവരില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തെ അമേരിക്കയുടെ കുടിയേറ്റ നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്, ജര്‍മ്മന്‍ അംബാസഡര്‍ തന്റെ രാജ്യത്തിന്റെ കുടിയേറ്റ നിയമങ്ങളെ ജര്‍മ്മന്‍ കാറുകളുമായി താരതമ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ വാഹനങ്ങളിലൊന്നാണ് ജര്‍മ്മന്‍ കാറുകള്‍. ‘ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജര്‍മ്മന്‍ കാര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത് വിശ്വസനീയവും, ആധുനികവും, പ്രവചിക്കാവുന്നതുമാണ്. അതിന് വളവുകളില്ലാതെ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ കഴിയും. ഉയര്‍ന്ന വേഗതയില്‍ പെട്ടെന്നൊരു ബ്രേക്ക് ഉണ്ടാവുമെന്ന് നിങ്ങള്‍ ഭയപ്പെടേണ്ടതില്ല,’ ജര്‍മ്മനി തങ്ങളുടെ നിയമങ്ങളില്‍ ഒറ്റരാത്രികൊണ്ട് വലിയ മാറ്റങ്ങള്‍ വരുത്താറില്ലെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് അക്കര്മാന് പറഞ്ഞു.
സമീപ വര്‍ഷങ്ങളില്‍ എച്ച്-1ബി പ്രോഗ്രാമില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതല്‍, ഇത് മൊത്തം സ്വീകര്‍ത്താക്കളില്‍ 70 ശതമാനത്തിലധികം വരും. ഈ പുതിയ നീക്കം അവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത്.






