പ്രത്യേക വൈദഗ്ദ്ധ്യവും ബിരുദവുമുള്ള വിദേശ തൊഴിലാളികളെ മൂന്ന് വര്‍ഷത്തേക്ക് പണിക്ക് വെയ്ക്കാം ; നിലവില്‍ അമേരിക്കയിലുള്ളത് 700,000 എച്ച്-1ബി വിസ ഉടമകള്‍

ന്യൂയോര്‍ക്ക്: കുടിയേറ്റം നിയന്ത്രിക്കാനായി ട്രംപിന്റെ ഏറ്റവും പുതിയ ഉപകരണം എച്ച്വണ് ബി വിസയ്ക്കുള്ള ഫീസ് കൂത്തനെ ഉയര്‍ത്തിയതായിരുന്നു. പ്രത്യേക വൈദഗ്ദ്ധ്യവും ബാച്ചിലര്‍ ബിരുദവുമുള്ള വിദേശ തൊഴിലാളികളെ മൂന്ന് വര്‍ഷ കാലയളവിലേക്ക് നിയമിക്കാന്‍ തൊഴിലുടമകളെ സഹായിക്കുന്ന സംവിധാനമാണ് എച്ച്-1ബി വിസ.
മൂന്ന് വര്‍ഷം കൂടി നീട്ടാനും സാധിക്കും. നിലവില്‍ രാജ്യത്ത് ഏകദേശം 700,000 എച്ച്-1ബി വിസ ഉടമകളും, അര ദശലക്ഷത്തോളം ആശ്രിതരും ഉണ്ടെന്ന് ക്യാപിറ്റല്‍ ഇക്കണോമി ക്സിലെ സാമ്പത്തിക വിദഗ്ദ്ധന് സ്റ്റീഫന്‍ ബ്രൗണ്‍ ഒരു കുറിപ്പില്‍ വ്യക്തമാക്കി. 2012 മുതല്‍ അംഗീകരിക്കപ്പെട്ട എച്ച്-1ബി വിസകളില്‍ 60 ശതമാനവും കമ്പ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ക്കുള്ളതാണെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നു. എന്നാല്‍ ആശുപത്രികള്‍, ബാങ്കുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് നിരവധി തൊഴിലുടമകള്‍ എന്നിവര്‍ക്കും എച്ച്-1ബി വിസ അപേക്ഷിക്കാന്‍ കഴിയും.
വര്‍ഷം തോറും അനുവദിക്കുന്ന പുതിയ വിസകളുടെ എണ്ണം 65,000 ആയി നിജപ്പെടുത്തി യിട്ടുണ്ട്, കൂടാതെ ബിരുദാനന്തര ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ളവര്‍ക്ക് 20,000 അധിക വിസകളും നല്കുന്നു. ഈ വിസകള്‍ ലോട്ടറി വഴിയാണ് നല്‍കുന്നത്. ചില തൊഴിലുടമകളായ സര്‍വ്വകലാശാലകള്‍ക്കും ലാഭരഹിത സ്ഥാപനങ്ങള്‍ക്കും ഈ പരിധികളില്‍ നിന്ന് ഒഴിവാക്കലുണ്ട്. 2023-ല്‍ അംഗീകാരം ലഭിച്ചവരില്‍ ഏകദേശം മുക്കാല്‍ ഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് പ്യൂ പറയുന്നു.






