ശബരിമല സംരക്ഷണ സംഗമം, അയല്‍ക്കാരനായ മുന്‍ പ്രസിഡന്റിന് വരെ വേദിയില്‍ കസേര ; സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറേയും കൃഷ്ണദാസിനെയും ഇരുത്തിയത് പന്തലില്‍, ബിജെപിക്ക് അമര്‍ഷം

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ബദലായി ശബരിമല കര്‍മ്മസമിതി നടത്തിയ വിശ്വാസസംഗമത്തില്‍ വിവാദം. പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ വേദിയില്‍ ഇരുത്താതെ സദസ്സില്‍ ഇരുത്തിയതില്‍ ബിജെപിയ്ക്ക് അസംതൃപ്തി. തമിഴ്നാട്ടിലെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനേയും അന്യസംസ്ഥാന നേതാക്കളേയും വരെ വേദിയില്‍ കയറ്റി ഇരുത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറെയും ബിജെപി നേതാവ് പി. കൃഷ്ണദാസിനെയും സദസ്സില്‍ മാത്രം കസേര നല്‍കിയതെന്നാണ് ആക്ഷേപം.
ശബരിമല കര്‍മ്മസമിതി നടത്തിയ പരിപാടിയാണെങ്കിലും ഉദ്ഘാടനം ചെയ്തത് തമിഴ്നാട് മുന്‍ ബിജെപി പ്രസിഡന്റ് അണ്ണാമലൈ ആയിരുന്നു. കര്‍ണാടക ബിജെപി നേതാവ് തേജസ്വീ സൂര്യയും പരിപാടിയില്‍ വേദിയിലുണ്ടായിരുന്നു. ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി എന്നിവര്‍ക്കെല്ലാം പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വേദി കൊടുത്തപ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖറെയും പി കൃഷ്ണദാസിനെയുമെല്ലാം സദസ്സില്‍ ഇരുത്തിയത്.
അതേസമയം എന്തുകൊണ്ടാണ് ഇങ്ങിനെ ചെയ്തതെന്ന കാര്യത്തില്‍ ശബരിമല കര്‍മ്മസേന മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ഇത് വിശ്വാസികളുടെ സംഗമമാണെന്നും അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബര്‍ വരരുതെന്നും കണക്കാക്കിയാണെന്നാണ് സൂചനകള്‍. പരിപാടിക്ക് ‘ബിജെപിയുടെ പരിപാടി’ എന്ന ലേബല്‍ വരാതിരിക്കാനാണ് ഇങ്ങിനെ ചെയ്തതെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്നത്. അതേസമയം നിവേദനം സ്വീകരിക്കാന്‍ രാജീവ് ചന്ദ്രശേഖറെ വേദിയിലേക്ക് വിളിച്ചത് എന്തിനാണെന്നാണ് ബിജെപി ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ നേരത്തേ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തില്‍ അന്ന് എംപി ആയിട്ടും രാജീവ് ചന്ദ്രശേഖര്‍ സഹായിച്ചില്ല എന്നകാരണമാണോ ഇതിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്.






