പെണ്‍കുട്ടിക്ക് നേരെ പിതാവിന്റെ സുഹൃത്തിന്റെ ലൈംഗികാതിക്രമം, കണ്ടുനിന്ന നാട്ടുകാര്‍ കൈകാര്യം ചെയ്തു

കൊച്ചി: പറവൂരില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. സുഹൃത്തിന്റെ മകളോട് പറവൂരിലെ ഹോട്ടലില്‍ വെച്ചായിരുന്നു അഖില്‍ എന്നയാള്‍ ലൈംഗികാതിക്രമം കാട്ടിയത്.
പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുന്നത് കണ്ട ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അഖിലിനെതിരേ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
പറവൂരിലെ ഒരു ഹോട്ടലില്‍ പെണ്‍കുട്ടിയും സഹോദരനും പിതാവും പിതാവിന്റെ സുഹൃത്തുമായാണ് ഭക്ഷണം കഴിക്കാനെത്തിയത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പുറത്തേക്കിറങ്ങി. ഈ സമയത്ത് പ്രതിയായ അഖില്‍ സുഹൃത്തിന്റെ മകളോട് അതിക്രമം കാണിക്കുകയായിരുന്നു. ഇത് കണ്ട് നിന്ന ഹോട്ടല്‍ ജീവനക്കാര്‍ ഇടപെട്ടതോടെ നാട്ടുകാരടക്കം ഇടപെടുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതി അഖില്‍ വളരെ മോശമായി പെണ്‍കുട്ടിയോട് പെരുമാറിയതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. പെണ്‍കുട്ടിയും പരാതി പറഞ്ഞതോടെ നാട്ടുകാര്‍ അഖിലിനെ കൈയേറ്റം ചെയ്തതിന് ശേഷമാണ് പോലീസില്‍ ഏല്‍പ്പിച്ചത്. പറവൂര്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






