‘എല്ലാവരെയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോള്‍ ഒറ്റപ്പെട്ടു, വേട്ടയാടരുത്’: വേദനയായി ബിജെപി കൗണ്‍സിലറുടെ ആത്മഹത്യക്കുറിപ്പ്

തിരുവനന്തപുരം: ‘ ഒറ്റപ്പെട്ടുപോയി, വേട്ടയാടരുത്’ഓഫിസില്‍ തൂങ്ങിമരിച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്പറേഷന് തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനിലിന്റെ (കെ.അനില്‍കുമാര്‍-58 ) ആത്മഹത്യക്കുറിപ്പിലെ വരികളാണിത്. ആത്മഹത്യക്കുറിപ്പില്‍ ആരുടെയും പേരു പറയുന്നില്ല. കുടുംബത്തെ വേട്ടയാടരുതെന്നും അനിലിന്റെ കുറിപ്പിലുണ്ട്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് തിരുമല ജങ്ഷനിലുള്ള വാര്‍ഡ് കമ്മിറ്റി ഓഫിസില്‍ അനില്‍ എത്തിയത്. പിന്നീട് 10നാണ് മരണ വിവരം പുറത്തറിഞ്ഞത്. വലിയശാലയില്‍ അനില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ജില്ലാ ഫാം ടൂര്‍ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് തിരുവനന്തപുരം സഹകരണ സംഘം തകര്‍ച്ചയിലേക്ക് നീങ്ങിയതെന്നാണ് സൂചന. പത്ത് വര്‍ഷം മുന്‍പാണ് വലിയശാലയില്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. അതിനിടെ പലിശയ്ക്ക് പണം കടം വാങ്ങി അനില്‍ ചിലരുടെ നിക്ഷേപം തിരികെ നല്‍കിയതായും സൂചനയുണ്ട്.
ഓഫീസില്‍നിന്നാണ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തത്. ‘സംഘത്തിന് 11 കോടിയുടെ ആസ്തിയുണ്ട്. 6 കോടിയുടെ ബാധ്യതയും. അത് പിരിച്ചു നിക്ഷേപകര്‍ക്ക് നല്‍കണം. കുടുംബത്തെ ഒറ്റപ്പെടുത്തരുത്. താന്‍ എല്ലാവരെയും സഹായിച്ചു. പ്രതിസന്ധി വന്നപ്പോള്‍ ഒറ്റപ്പെട്ടു’ എന്ന് കുറിപ്പിലുണ്ടെന്നു പൂജപ്പുര പൊലീസ് അറിയിച്ചു.
നിക്ഷേപം തിരികെ നല്‍കാത്തതു സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്ന് തമ്പാനൂര്‍ പൊലീസ് പറഞ്ഞു. സംഘത്തിലെത്തി ബഹളംവച്ചതിന് ഒരു നിക്ഷേപകനെതിരെ ഭാരവാഹികള്‍ നല്കിയ പരാതി പിന്നീട് ഒത്തുതീര്‍പ്പായിരുന്നു. കോര്പറേഷന് മുന്‍ കൗണ്‍സിലില്‍ തൃക്കണ്ണാപുരം വാര്‍ഡിനെയും അനില്‍ പ്രതിനിധീകരിച്ചിരുന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റും നേമം മണ്ഡലം പ്രസിഡന്റുമായിരുന്നു. ആര്‍എസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലും 11ന് തിരുമല ജംക്ഷനിലും വീട്ടിലും പൊതുദര്‍ശനത്തിനു ശേഷം ഒന്നിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം നടത്തും.






