പമ്പയിലെ ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഡല്‍ഹിയിലും അയ്യപ്പസംഗമം ; നാളെ വൈകിട്ട് ആര്‍കെ പുരം അയ്യപ്പ ക്ഷേത്രത്തില്‍ ഇന്ദുമല്ഹോത്രം അയ്യപ്പജ്യോതി തെളിയിക്കും

ന്യൂഡല്‍ഹി: പമ്പയില്‍ നടക്കുന്ന ദേവസ്വം ബോര്‍ഡിന്റെ ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഡല്‍ഹിയിലും അയ്യപ്പസംഗമം. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വ ത്തിലാണ് ഡല്‍ഹിയിലും ബദല്‍ അയ്യപ്പസംഗമം നടത്തുന്നത്. നാളെ നടക്കുന്ന ബദല്‍ അയ്യപ്പ സംഗമത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര പങ്കെടുക്കും.
ശബരിമല സ്ത്രീപ്രവേശനത്തില്‍ വിയോജന വിധി എഴുതിയ ജഡ്ജിയാണ് ഇന്ദുമല്‍ഹോത്ര. നാളെ വൈകിട്ട് ആര്‍കെ പുരം അയ്യപ്പ ക്ഷേത്രത്തില്‍ അയ്യപ്പജ്യോതി തെളിയിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഡല്‍ഹി എസ്എന്‍ഡിപി ഘടകവും അയ്യപ്പ സംഗമത്തിന് പൂര്‍ണപിന്തുണ എന്ന് ഡല്‍ഹി എന്‍എസ്എസും അറിയിച്ചു.
ആഗോള അയ്യപ്പ സംഗമത്തിന്റെ വേദിയടക്കമുള്ള എല്ലാ ഒരുക്കങ്ങളെല്ലാം പമ്പയില്‍ പൂര്‍ത്തിയായി. രാവിലെ ഒമ്പതരയോടെ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെ നാളെ പരിപാടിക്ക് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന് പരിപാടി ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന് അധ്യക്ഷത വഹിക്കും.
വിവിഐപികള്‍ അടക്കം മൂവായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി യില്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍, ശബരിമലയിലെ തിരക്ക് നിയന്ത്രണം, തീര്‍ത്ഥാടന ടൂറിസം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചാ വിഷയമാകും. 3,500 പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടമാണ് പ്രധാന വേദിയില്‍ ഒരുക്കിയിട്ടുള്ള്. പാനല്‍ ചര്‍ച്ചകള്‍ക്കും, ഭക്ഷണശാലയ്ക്കും പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്.
300ടണ്‍ ശേഷിയുള്ള ശീതീകരണ സംവിധാനമാണ് ഓരോ പന്തലിലും ഒരുക്കിയിട്ടുള്ളത്. വേദിയോട് ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് ശബരിമല ഐതീഹ്യവും ചരിത്രവും പറയുന്ന സ്റ്റാളും ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ സംഗമത്തില്‍ പങ്കെടുക്കും. തമിഴ്നാട്ടി ല്‍നിന്ന് പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന് എന്നീ രണ്ട് മന്ത്രിമാരാണ് പങ്കെടു ക്കുക.






