Breaking NewsLead NewsNEWSWorld

ഗാസയില്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം, ആറാം തവണയും വീറ്റോ ചെയ്ത് അമേരിക്ക; 20 ലക്ഷം പലസ്തീനികള്‍ ‘ചെകുത്താനും കടലി’നുമിടയ്ക്ക്

ന്യൂയോര്‍ക്ക്: ഗാസയില്‍ സ്ഥിരമായി അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. 15ല്‍ 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ കരയാക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയാണ് യുഎന്‍ വീണ്ടും പ്രമേയം അവതരിപ്പിച്ചത്. ഗാസയിലെ സാഹചര്യം ദുരന്തപൂര്‍ണമെന്ന് വിശേഷിപ്പിച്ച പ്രമേയം, 2.1 ദശലക്ഷം പലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇസ്രായേല്‍ നീക്കണമെന്നും ആവശ്യപ്പെട്ടു.

യുദ്ധം ആരംഭിച്ചതിന് ശേഷം ആറാം തവണയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന സുരക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്. അമേരിക്ക വീറ്റോ ചെയ്തതില്‍ അതിശയിക്കാനില്ലെന്ന് പശ്ചിമേഷ്യയിലെ യുഎസ് പ്രത്യക വക്താവ് മോര്‍ഗാന്‍ ഒര്‍താഗസ് പറഞ്ഞു. ‘ഹമാസിനെ അപലപിക്കാനും ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ മനസിലാക്കാനും ഈ പ്രമേയം പരാജയപ്പെട്ടു. ഹമാസിന് ഗുണം ചെയ്യുന്ന തെറ്റായ വിവരണങ്ങളെ നിയമാനുസൃതമാക്കുന്നു’, അദ്ദേഹം പറഞ്ഞു.

Signature-ad

വെടിനിര്‍ത്തല്‍ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തത് ഖേദകരവും വേദനാജനകവുമെന്ന് ഐക്യരാഷ്ട്ര സഭയിലെ പലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ പ്രതികരിച്ചു. ഈ ക്രൂരതകളെ നേരിടുന്നതില്‍ നിന്നും വംശഹത്യയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിനും സുരക്ഷാ സമിതിയുടെ പങ്കിനെ തടയുന്നുവെന്നും റിയാദ് പറഞ്ഞു. ‘നിര്‍ഭാഗ്യവശാല്‍ സുരക്ഷാ സമിതി അതിന്റെ വിശ്വാസ്യതയ്ക്കും അധികാരത്തിനും വലിയ വില കൊടുത്ത് നിശബ്ദത പാലിക്കുന്നു. ക്രൂരമായ കുറ്റകൃത്യങ്ങളില്‍ വീറ്റോയുടെ അധികാരം നല്‍കരുതെന്ന് ഇത് കാണിക്കുന്നു’, അദ്ദേഹം പറഞ്ഞു.

ഗാസയ്ക്കെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് നീതികരണത്തിന്റെ ആവശ്യമില്ലെന്ന് ഇസ്രയേല്‍ അംബാസഡര്‍ ഡാന്നി ഡാനന്‍ പറഞ്ഞു. വീറ്റോ ചെയ്തതിന് ഓര്‍താഗസിനോട് അദ്ദേഹം നന്ദി പറഞ്ഞു. പലസ്തീനിയന്‍ സഹോദരങ്ങള്‍ തങ്ങളോട് മാപ്പ് നല്‍കൂവെന്നായിരുന്നു അല്‍ജേരിയന്‍ അംബാസഡര്‍ അമര്‍ ബെന്ദ്ജമ പ്രതികരിച്ചത്. ‘ലോകം അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴും പലസ്തീനികള്‍ക്ക് അത് നിഷേധിക്കുന്നു, ഞങ്ങളോട് ക്ഷമിക്കൂ. ഞങ്ങളുടെ ശ്രമങ്ങള്‍ തകര്‍ന്നതില്‍ ക്ഷമിക്കൂ. ഗാസയിലെ യുദ്ധം 18,000 കുട്ടികളെ 12,000 സ്ത്രീകളെ 1400ഓളം ഡോക്ടര്‍മാരെയും നഴ്സുമാരെയും 250ഓളം മാധ്യമപ്രവര്‍ത്തകരെയും കൊല ചെയ്തു’, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പില്‍ 48 പേരാണ് കൊല്ലപ്പെട്ടത്. കടുത്ത പോഷകാഹാരക്കുറവും പട്ടിണിയും മൂലം നാല് പേര് കൂടി മരിച്ചതോടെ ആകെ പട്ടിണി എണ്ണം 435 ആയി. ഇതില്‍ 147ഉം കുട്ടികളാണ്. 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 65,141 ഓളം പേരാണ് കൊല്ലപ്പെട്ടത്. നിലവില്‍ വടക്കന്‍ ഗാസയില്‍ ഇന്റര്‍നെറ്റ്, ലാന്‍ഡ്‌ലൈന്‍ സേവനങ്ങള്‍ എന്നിവ പുനഃസ്ഥാപിച്ചിട്ടുണ്ട്.

 

Back to top button
error: