കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്; തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറെ സിപിഎം പുറത്താക്കി

തിരുവനന്തപുരം: റോഡ് നിര്‍മാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് തെളിവുകള്‍ സഹിതം പുറത്ത് വന്ന പശ്ചാത്തലത്തില്‍ കൗണ്‍സിലറോട് രാജി ആവശ്യപ്പെട്ടതായും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും ജില്ലാ സെക്രട്ടറി അഡ്വ. വി ജോയി എംഎല്‍എ അറിയിച്ചു.
പാര്‍ട്ടി ജില്ലാ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും നടത്തിയ അന്വേഷണത്തില്‍ കൗണ്‍സിലര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ഗുരുതരമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജോയ് പറഞ്ഞു. സിപിഎം ഒരു കാലത്തും അഴിമതി നടത്തുന്നവരെ സംരക്ഷിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ ഈ കൗണ്‍സിലറുടെ ഭാഗത്ത് നിന്ന് ഇതിന് മുമ്പ് ഒരിക്കലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ല. ഇത്തരം വൃത്തിക്കേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി പാര്‍ട്ടി എല്ലായിപ്പോഴും സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും പാര്‍ട്ടി അതു തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്നും വി ജോയ് പറഞ്ഞു.
കോര്‍പ്പറേഷനില്‍ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ അനുവദിച്ചതിനു പിന്നാലെ പ്രദേശവാസികളോട് രാജേന്ദ്രന് ഒരു ലക്ഷം രൂപ കമ്മിഷന് ചോദിച്ചുവെന്നായിരുന്നു ആരോപണം. രാജേന്ദ്രന് പണം വാങ്ങുന്നതിന്റെ ദൃശ്യവും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കുറിപ്പ്
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടത്തറ വാര്‍ഡ് കൗണ്‍സിലര്‍ ബി.രാജേന്ദ്രനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് തെളിവുകള്‍ സഹിതം പുറത്ത് വന്ന പശ്ചാത്തലത്തില്‍ കൗണ്‍സിലറോട് രാജി ആവശ്യപ്പെടാനും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാനും തീരുമാനിച്ചതായി പാര്‍ട്ടി ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എല്‍.എ അറിയിച്ചു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ഒരു കാലത്തും അഴിമതി നടത്തുന്നവരെ സംരക്ഷിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ ഈ കൗണ്‍സിലറുടെ ഭാഗത്ത് നിന്ന് ഇതിന് മുമ്പ് ഒരിക്കലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ല. ഇത്തരം വൃത്തിക്കേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി പാര്‍ട്ടി എല്ലായിപ്പോഴും സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും പാര്‍ട്ടി അതു തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. സിപിഐ(എം) മറ്റ് പാര്‍ട്ടികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇങ്ങനെയല്ല സ്വീകരിച്ചിട്ടുള്ളത്. നേരത്തെ യുഡിഎഫിന്റെയും ബിജെപിയുടെയും കൗണ്‍സിലര്‍മാര്‍ക്കെതിരായി ഗുരുതരമായ സാമ്പത്തിക ആരോപണങ്ങല്‍ വന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്തത്.കോര്പ്പറേഷന് കഴിഞ്ഞ കാലങ്ങളില്‍ അഴിമതിക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാരുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ മേയര്‍ തന്നെ നേരിട്ട് പോലീസില്‍ പരാതി നല്കുന്ന രീതിയും സ്വീകരിച്ചിട്ടുണ്ട്.






