മെസ്സി കൊച്ചിയില്‍ പന്തുതട്ടും! അര്‍ജന്റീനയെ കലൂരില്‍ കളിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന

കൊച്ചി: നവംബറില്‍ കേരളത്തിലെത്തുന്ന അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സംഘവും കൊച്ചിയില്‍ പന്തുതട്ടിയേക്കും. കേരളത്തിലെ അര്‍ജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. നേരത്തേ തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
കേരളത്തിലെത്തുന്നത് സംബന്ധിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അടുത്തിടെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്.
നവംബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീന കളിക്കും. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. അതേസമയം മെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒക്ടോബറില്‍ അമേരിക്കയിലാണ് അര്‍ജന്റീന ടീം കളിക്കുന്നത്.






