കപ്പിത്താന് ഉണ്ടായിട്ടു കാര്യമില്ല, കപ്പല്‍ മുങ്ങിത്താണു; ആഞ്ഞടിച്ച് പ്രതിപക്ഷം; ആരോഗ്യരംഗത്തെ അടച്ചാക്ഷേപിക്കുന്നുവെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം സംബന്ധിച്ച് ആസൂത്രിതമായി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ പൊതു ആരോഗ്യരംഗത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ അടച്ചാക്ഷേപിക്കുകയാണെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെക്കാള്‍ ചെലവ് സ്വകാര്യ ആശുപത്രിയിലാണെന്നാണ് പ്രമേയ അവതാരകന് പറയുന്നത്. ഇത് ആരെ സഹായിക്കാനാണെന്നും വീണാ ജോര്‍ജ് ചോദിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം ഒരു വാക്കാണ് പറഞ്ഞത്. കേരളത്തിലെ ആരോഗ്യരംഗം ഇരുട്ടില്‍ തപ്പുന്നു എന്നാണ് അത്. എന്നാല്‍ കേരളത്തിലെ ആരോഗ്യരംഗമല്ല, പ്രതിപക്ഷമാണ് ഇരുട്ടില്‍ തപ്പുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്തു ക്രമാതീതമായി വര്‍ധിക്കുന്നത് എന്തുകൊണ്ടാണെന്നു പറയാന്‍ സര്‍ക്കാരിനു ശാസ്ത്രീയമായി കഴിയുന്നില്ലെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് എന്‍.ഷംസുദീന്‍ എംഎല്‍എ പറഞ്ഞു. ആരോഗ്യരംഗം തകര്‍ന്നടിഞ്ഞുവെന്നും കപ്പിത്താന് ഉണ്ടായിട്ടു കാര്യമില്ല, കപ്പല്‍ മുങ്ങിത്താണുവെന്നു മന്ത്രിയെ ഓര്‍മിപ്പിക്കുകയാണെന്നും ഷംസുദീന്‍ പറഞ്ഞു. എന്നാല്‍ കേരളത്തിലെ ആരോഗ്രംഗത്തെ താറടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് വീണാ ജോര്‍ജ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തിലെ ശിശു മരണനിരക്ക് അമേരിക്കന്‍ ഐക്യനാടുകളെ പോലെയെത്തിയെന്നത് പൊതുജനാരോഗ്യത്തിന്റെ അഭിമാനമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് മരണനിരക്ക് 12 ആയിരുന്നു. അത് എല്‍ഡിഎഫ് അഞ്ചാക്കി. അമീബിക് മസ്ത്ഷിക ജ്വരവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം കൊണ്ടുവന്നിട്ട് ഒരു നിര്‍ദേശവും വെക്കാന്‍ പ്രതിപക്ഷത്തിന് കഴഞ്ഞിട്ടില്ല. അമീബിക് മസ്തിഷ്ക ജ്വരം അപൂര്‍വ രോഗമാണ്. 2016ലാണ് സംസ്ഥാനത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത്. അന്ന് അതിനെക്കുറിച്ച് പഠിക്കാന്‍ പോലും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. ഇന്ന് എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനങ്ങള്‍ ഉണ്ട്.
രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങളുള്ള സാങ്കേതിക മാര്‍ഗരേഖ കേരളത്തിനുണ്ട്. കുളം, പുഴ, തടാകം, സ്വിമ്മിങ് പൂള്, ടാപ്പിലെ വെള്ളം, കനാല്‍, വാട്ടര്‍ ടാങ്ക് തുടങ്ങി രോഗം പകരാന്‍ സാധ്യതയുള്ള എല്ലാ ജല ഉറവിടങ്ങളെക്കുറിച്ചും ഇതില്‍ ശാസ്ത്രീയമായി വിശദീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന് പുറമെ മറ്റ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഏകാരോഗ്യ കര്‍മ്മ പദ്ധതി കേരളത്തിനുണ്ട്. ലോകത്തില്‍ തന്നെ ഇത്തരത്തിലൊരു സംവിധാനം ആദ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2023ലെ നിപ വ്യാപനത്തിന് ശേഷമാണ്, കാരണം കണ്ടെത്താത്ത മസ്തിഷ്ക മരണങ്ങള് വിശദമായി പരിശോധിക്കാന്‍ തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. വൈറല്‍ പാനല്‍ ടെസ്റ്റുകള്‍ നെഗറ്റീവ് ആകുമ്പോള്‍ അമീബയുടെ സാന്നിധ്യം കൂടി പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്കി. ഇങ്ങനെയാണ് സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ കണ്ടെത്തിത്തുടങ്ങിയത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ഈ രോഗം വ്യാപകമാണെങ്കിലും പലപ്പോഴും കണ്ടെത്തപ്പെടാതെ പോകുകയാണെന്ന് മന്ത്രി പഠനങ്ങള്‍ ഉദ്ധരിച്ച് വിശദീകരിച്ചു.2020-ല്‍ എയിംസ് ന്യൂഡല്‍ഹിയിലെ മൈക്രോബയോളജി വിഭാഗം നടത്തിയ പഠനത്തില്‍, കാരണമറിയാത്ത മസ്തിഷ്ക ജ്വരങ്ങളില്‍ ഒരു ശതമാനം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തിയിരുന്നു.
2022-ല്‍ പിജിഐ ചണ്ഡീഗഢ് 156 മസ്തിഷ്ക ജ്വരം സംശയിച്ച രോഗികളില്‍ നടത്തിയ പരിശോധനയില്‍ 11 പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സ്കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനും സമാനമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ രോഗകാരണം അറിയാത്ത മസ്തിഷ്ക ജ്വരങ്ങളില്‍ ഏഴ് ശതമാനത്തോളം അമീബിക് മസ്തിഷ്ക ജ്വരം ആകാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹരിത കേരള മിഷന്, 14 ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുന്ന രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
നിരവധി രോഗങ്ങളെ കേരളം പിടിച്ചുകെട്ടി. കോവിഡ്, നിപ, സിക്കാ വൈറസ്, മങ്കി പോക്സ് തുടങ്ങിയ നിരവധി ഉദാഹരണങ്ങള്‍ പറാന്‍ കഴിയും. ചികിത്സാ മേഖലയില്‍ മാത്രമല്ല മെഡിക്കല്‍ മേഖലയിലും മികച്ച പ്രകടനമാണ് കേരളം നടത്തുന്നു. കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കാത്ത് ലാബ് ഉണ്ടെങ്കില്‍ അത് ഇടതുസര്‍ക്കാരിന്റെ കാലത്താണ് ഉണ്ടാക്കിയത്. കാര്‍ഡിയാക് രോഗികളുടെ മരണനിരക്ക് ആറ് ശതമാനമായി കുറച്ചു. ഇതെല്ലാം ഉണ്ടായത് കേരളത്തലെ ഇടതുമുന്നണിയുടെ നയത്തിന്റെ അടിസ്ഥാനനത്തിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
അപൂര്‍വമായി മാത്രം ബാധിക്കുന്ന രോഗം കേരളത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്നും എങ്ങനെ പ്രതിരോധിക്കണമെന്ന് ആരോഗ്യവകുപ്പിന് അറിയില്ലെന്നും ഷംസുദീന്‍ കുറ്റപ്പെടുത്തി. കോവിഡ്’മരണനിരക്ക് സര്‍ക്കാര്‍ പൂഴ്ത്തിവച്ചുവെന്നും ആരോപണമുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ പട്ടിക പരിഷ്കരിച്ചപ്പോള്‍ എണ്ണം 19 ആയി. ബാധിച്ചവരുടെ എണ്ണം 66 എന്നാണ് സര്‍ക്കാര്‍ കണക്ക്. വിവരങ്ങള്‍ മറച്ചുവച്ച് മേനി നടിക്കാനുളള ശ്രമമാണ് സര്‍ക്കാരും വകുപ്പും നടത്തുന്നത്. ഉറവിടം കണ്ടെത്തി രോഗം തടയുന്നതില്‍ ആരോഗ്യവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. പഞ്ചായത്തുകളെ അടക്കം ഏകോപിപ്പിച്ച് കര്‍മപദ്ധതി തയാറാക്കാന്‍ കഴിഞ്ഞിട്ടില്ല. കുളത്തില്‍ കുളിച്ചവര്ക്കാണു രോഗം വരുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ കുളിച്ചവരും രോഗം വന്നു മരിച്ചു. പിറന്നു നാലു മാസമായ കുഞ്ഞും മരിച്ചു. നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞില്ല.
ഡെങ്കിയും നിപ്പയും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഒരു പ്രത്യേക മാസത്തില്‍ വരുന്ന വവ്വാലാണ് നിപ്പ പടര്‍ത്തുന്നതെന്നാണ് ഇപ്പോള്‍ പറയുന്നത്. 2013ല്‍ പഠനം നടത്തിയെന്നും അന്നത്തെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നുമാണു മന്ത്രി പറയുന്നത്. പഠനം നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് കൊടുത്തത് 2018ല്‍ ആണ്. അന്ന് കെ.കെ.ശൈലജയാണ് ആരോഗ്യമന്ത്രി. ഉമ്മന്‍ ചാണ്ടിയെ ചാരി ശൈലജയ്ക്ക് ഒരു അടി എന്നതാണ് ആരോഗ്യമന്ത്രി ലക്ഷ്യമിട്ടതെന്നു തോന്നുന്നു. പരസ്പരം പഴിചാരി, തന്റെ കാലത്ത് എല്ലാം ശരിയാണെന്നു വരുത്തുകയാണോ മന്ത്രി ചെയ്യേണ്ടതെന്ന് ഷംസുദീന്‍ ചോദിച്ചു.
‘ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഡോ.ഹാരിസിനെ വേട്ടയാടാന്‍ ശ്രമിക്കുകയായിരുന്നു. കേരളത്തിലെ ആരോഗ്യരംഗത്തിന്റെ നേര്‍സാക്ഷ്യമാണു ഡോക്ടറുടെ വെളിപ്പെടുത്തല്‍. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും സ്ഥിതി ഇതാണ്. കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയ മുടങ്ങിയിട്ടു മാസങ്ങളായി. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് 114 കോടി സര്‍ക്കാര്‍ കൊടുക്കാനുണ്ട്. 594 കോടി രൂപ മരുന്ന് വിതരണക്കാര്‍ക്കും കൊടുക്കാനുണ്ട്. കാരുണ്യ കുടിശിക 1255 കോടിയാണ്. സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ കാരുണ്യപദ്ധതി അംഗീകരിക്കുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി മുടങ്ങി. ആരോഗ്യരംഗത്ത് 2000 കോടിയുടെ കുടിശികയാണുള്ളത്.
പാവപ്പെട്ടവന്റെ ആരോഗ്യം വച്ചാണ് കളിക്കുന്നത്. കപ്പിത്താനുണ്ടായിട്ടു കാര്യമില്ല, കപ്പല്‍ മുങ്ങിപ്പോയി എന്ന് ആരോഗ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നു. ഈ കപ്പല്‍ പൊങ്ങുകില്ല. പൊങ്ങാന്‍ കഴിയാത്ത വിധം മുങ്ങിത്താണു കഴിഞ്ഞു. സിസ്റ്റം തകരാറിലാണ്. കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന മന്ത്രി അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന് പറഞ്ഞു. ഒരു പാവപ്പെട്ട സ്ത്രീ മണിക്കൂറുകള്‍ അതില്‍ കുടുങ്ങി മരിച്ചു. സര്‍ക്കാരാണ് അതിന് ഉത്തരം നല്‍കേണ്ടത്. ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ്’- ഷംസുദീന്‍ പറഞ്ഞു. മറുപടിക്കിടെ പ്രമേയ അവതാകരന് എന്‍ ഷംസുദ്ദീനെതിരെ മോശം പ്രയോഗം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.






