മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു; തൃശൂര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍

തൃശൂര്‍: അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നു കുറച്ചു ദിവസമായി ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50നാണ് വിയോഗം. കബറടക്കം പിന്നീട്.
തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്ഥാനങ്ങളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച മാര്‍ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതല്‍ കാച്ചേരിയിലെ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ജീവന് ടിവിയുടെ സ്ഥാപക ചെയര്‍മാനാണ്. 1997-ല്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് സ്ഥാനമേറ്റെടുത്ത മാര്‍ ജേക്കബ് തൂങ്കുഴി 10 വര്‍ഷം അതേ സ്ഥാനത്തു തുടര്‍ന്നു. 22 വര്‍ഷം മാനന്തവാടി രൂപതയുടെ ബിഷപ് ആയിരുന്നു.
കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കര്‍ഷക ദമ്പതികളായ കുരിയന്റെയും റോസയുടെയും നാലാമത്തെ മകനായി 1930 ഡിസംബര്‍ 13നാണു ജനനം.






