‘ഐസ്ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ ‘പാശ്ചാത്യം’ ; ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന്റെ അസാധാരണ നിരോധനം

പ്യൊംഗ്യോങ്: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായിട്ടാണ് സാധാരണഗതിയില്‍ കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയെ കണക്കാക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന നാട്ടുകാര്‍ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് അദ്ദേഹം വിചിത്ര നിയമവും കൊണ്ടുവന്ന് അമ്പരപ്പിക്കാറുണ്ട്. ഇതിലെ ഏറ്റവും പുതിയ വിശേഷം ചില മധുരമൂറുന്ന വാക്കുകള്‍ അദ്ദേഹം നിരോധിച്ചു എന്നതാണ്.
ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ രാജ്യത്ത് വിചിത്രമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രശസ്തനാണ്. ഹെയര്‍സ്റ്റൈല്‍, വാഹനങ്ങള്‍ കൈവശം വെക്കുന്നതിലെ നിയന്ത്രണം, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങി നിരവധി അസാധാരണ നിയമങ്ങള്‍ക്ക് ഈ രാജ്യം വിധേയമാണ്. ഇത്തവണ കിം ജോങ് ഉന്‍
തന്റെ ജനങ്ങള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന ‘ഐസ്ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ക്കാണ് നിരോധനമേര് പ്പെടുത്തിയത്. ഈ വാക്കുകള്‍ പാശ്ചാത്യമാണെന്നതാണ് നിരോധനത്തിന് കാരണം. ഇനി ഈ വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഉത്തര കൊറിയക്കാര്‍ എന്ത് ചെയ്യും? ഈ വാക്കുകള്‍ക്ക് പകരം കിം ജോങ് ഉന്‍ പുതിയ വാക്കുകള്‍ നിര്‍ദ്ദേശിച്ചു.
‘ഹാമ്പര്‍ഗര്‍’ എന്നതിന് ‘ദഹിന്‍-ഗോഗി ഗ്യോപ്പാങ്’ എന്നും ‘ഐസ്ക്രീം’ എന്നതിന് ‘എസെകിമോ’ എന്നും ‘കരോക്കെ’ യ്ക്ക് ‘അക്കമ്പനിമെന്റ് മെഷീനുകള്‍’ എന്നും പറയാനാണ് നിര്‍ദേശം. പാശ്ചാത്യ രാജ്യങ്ങളിലും ഉത്തര കൊറിയയുടെ അത്ര പ്രിയപ്പെട്ടതല്ലാത്ത അയല്‍ക്കാരായ ദക്ഷിണ കൊറിയയിലും വ്യാപകമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ ടൂര്‍ ഗൈഡുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതായി വിവരമുണ്ട്.
അടുത്തിടെ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചതിന് ഉത്തര കൊറിയ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിദേശ സിനിമകളും ടിവി ഷോകളും കാണുന്നവര്‍ക്കും പങ്കുവെക്കുന്നവര്‍ക്കും വധശിക്ഷ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.






