ഇന്ത്യയിലെ ഏറ്റവും നല്ല പോലീസുകാര്‍ കേരളത്തിലേത് ; എന്നാല്‍ സമ്പൂര്‍ണ്ണമായി നല്ലവര്‍ എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി ; ഒമ്പത് വര്‍ഷത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടതായും ഒന്നോ രണ്ടോ പോലീസുകാരുടെ പേരില്‍ മുഴുവന്‍ സേനയെയും പഴിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സുജിത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി നാലുപോലീസുകാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. വകുപ്പ്തല നടപടികളില്‍ പുന: പരിശോധന നടന്നുവരികയാണെന്നും പറഞ്ഞു.
2016 മെയ് മുതല്‍ 2024 ജൂണ്‍ വരെ 108 പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്. 2024 ഒക്‌ടോബര്‍ മുതല്‍ 2025 സെപ്തംബര്‍ വരെ 36 പോലീസുകാരെ പിരിച്ചുവിട്ടു. കഴിഞ്ഞ ഒമ്പത് വര്‍ഷകാലത്ത് 144 പോലീസുകാരേയും പിരിച്ചുവിട്ടു. 2016 മുതല്‍ സമഗ്രമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. കുന്നംകുളം സുജിത്ത് മര്‍ദ്ദനക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തെന്നും തെറ്റുകാരായ പോലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും തുടര്‍നടപടിയില്‍ പിന്നീട് തീരുമാനം എടുക്കുമെന്നും പറഞ്ഞു.
ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത്. ഇത് കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം പോലീസില്‍ കൊണ്ടുവന്ന മാറ്റത്തിന്റെ ഗുണമാണ്. രാജ്യത്ത് തന്നെ ഏറ്റവും അഴിമതി കുറഞ്ഞ പോലീസാണ് കേരളം. അതിന്റെയര്‍ത്ഥം അഴിമതി പൂര്‍ണ്ണമായും ഇല്ലാതായി എന്ന് കണക്കാലല്ല. എന്നാല്‍ അതുകൊണ്ട് പോലീസ് മുഴുവനും കുഴപ്പമാണെന്ന് പറയാനാകില്ലെന്നും പറഞ്ഞു. അത് നല്ല മാറ്റമാണ് പോലീസ് സേനയില്‍ ഉണ്ടാക്കിയത്. നിപ്പയും പ്രളയവുമൊക്കെയായി അതിരൂക്ഷമായ കാലവര്‍ഷ ഘട്ടത്തിലും കോവിഡ് കാലത്തുമെല്ലാം വളരെ വ്യത്യസ്തമായ പോലീസിനെയാണ് കണ്ടത്.
ഉപകാരമായ കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട പോലീസുകാരെയാണ് കണ്ടത്. വലിയമാറ്റമായിരുന്നു ഈ കാലയളവില്‍ കേരളത്തിലെ പോലീസില്‍ ഉണ്ടായത്. എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില തെറ്റായ കാര്യങ്ങള്‍ പോലീസ് യൂണിഫോം ഇട്ടു എന്നത് കൊണ്ടുമാത്രം എല്ലാവരില്‍ നിന്നും ഒഴിഞ്ഞുപോയെന്ന് കരുതാനാകില്ല. പോലീസിലെ പുതിയ സമീപനം ഉള്‍ക്കൊള്ളാത്തവരും പഴയ പോലീസ് ഹാങ്ഓവറില്‍ നില്‍ക്കുന്നതുമായ പോലീസുകാര്‍ ഇപ്പോഴുമുണ്ട്. അവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.






