Breaking NewsKeralaLead NewsNEWS

‘ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ല; മുഖ്യമന്ത്രിക്ക് പരാതി നല്‍കും’, കോണ്‍ഗ്രസിനെ വിശ്വസിക്കില്ലെന്ന് എന്‍ എം വിജയന്റെ മരുമകള്‍

സുല്‍ത്താന്‍ബത്തേരി: ഇനി കോണ്‍ഗ്രസിനെ വിശ്വസിക്കില്ലെന്ന് വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ. കെപിസിസി നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍ എം വിജയനുണ്ടായ ബാദ്ധ്യതകളെല്ലാം ജൂണ്‍ മുപ്പതിനകം തീര്‍ക്കാമെന്ന തരത്തില്‍ പാര്‍ട്ടിയുമായി ധാരണാപത്രം ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു പത്മജയുടെ ആരോപണം.

ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്നാണ് പത്മജ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ‘കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. വീടിന്റെ ആധാരം എടുത്ത് നല്‍കിയില്ല. ഫോണ്‍ വിളിച്ചാല്‍ പോലും നേതാക്കള്‍ എടുക്കില്ല. കരാര്‍ പ്രകാരം ഇനി അഞ്ച് ലക്ഷം തരാനുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ടി സിദ്ദിഖും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അക്കാര്യത്തില്‍ ആദ്യം വ്യക്തത വരണം’- പത്മജ പറഞ്ഞു.

Signature-ad

ഇന്നലെ ഉച്ചയോടെയാണ് പുല്‍പ്പള്ളിയിലെ വീട്ടില്‍വച്ച് പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ‘കൊലയാളി കോണ്‍ഗ്രസ് നിനക്കിതാ ഒരു ഇരകൂടി’ എന്നെഴുതിയ പത്മജയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.

ഭര്‍ത്താവ് വിജേഷിന് അസുഖം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ബുദ്ധിമുട്ടിലായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയിലെ ബില്ലടക്കാമെന്ന് പറഞ്ഞ തുകപോലും നല്‍കിയില്ല. പി വി അന്‍വറിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ആശുപത്രിയില്‍ വിളിച്ചുപറഞ്ഞിട്ടാണ് ഡിസ്ചാര്‍ജായി പോരാന്‍ സാധിച്ചത്. ആശുപത്രിയില്‍ നിന്നെത്തിയശേഷം പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണാപത്രം വാങ്ങാന്‍ അഭിഭാഷകന്റെ ഓഫീസിലെത്തിയെങ്കിലും ലഭിച്ചില്ല.

ധാരണാപത്രം പാര്‍ട്ടി പ്രസിഡന്റ് പഠിക്കാന്‍ വാങ്ങിയെന്നാണ് കല്‍പ്പറ്റ എംഎല്‍എ പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ കോണ്‍ഗ്രസ് ഇല്ലാതാക്കുകയാണ്. കള്ളന്‍മാര്‍ വെള്ളയുമിട്ട് നടക്കുന്നു. തങ്ങള്‍ താമസിക്കുന്ന വീടിരിക്കുന്ന സ്ഥലംപോലും ബാങ്കില്‍ പണയത്തിലാണെന്നും പത്മജ നേരത്തെ പറഞ്ഞിരുന്നു.

 

Back to top button
error: