ലോക ബോക്സിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യ; സ്വര്‍ണം ‘ഇടിച്ചിട്ട്’ ജെയ്സ്മിന്‍ ലംബോറിയ

ലിവര്‍പൂള്‍: ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ജെയ്സ്മിന്‍ ലംബോറിയ സ്വര്‍ണം നേടി. ലിവര്‍പൂളില്‍ നടന്ന ഫൈനലില്‍ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവ് പോളണ്ടിന്റെ ജൂലിയ ഷെറെമെറ്റയെയാണ് 24കാരിയായ ജെയ്സ്മിന്‍ ഇടിച്ചുതോല്‍പ്പിച്ചത്.
ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തില്‍ പോളണ്ട് താരമായിരുന്നു പോയിന്റ് നിലയില്‍ മുന്നില്‍. ഗാലറിയില്‍ വലിയ പിന്തുണ ലഭിച്ചതും പോളണ്ട് താരത്തിനായിരുന്നു. എന്നാല്‍ രണ്ടാം റൗണ്ട് എത്തിയതോടെ ജെയ്സ്മിന്‍ കുതിപ്പ് തുടങ്ങി. ഒടുവില്‍ അവസാന റൗണ്ടില്‍ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയെടുക്കുകയായിരുന്നു.
80 പ്‌ളസ് കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ നുപൂര്‍ വെള്ളി മെഡല്‍ നേടി. ഫൈനലില്‍ പോളണ്ട് താരം അഗത കച്മാര്‍ക്സാണ് ജയിച്ചത്. ഇന്ത്യന്‍ താരം പൂജാ റാണി വെങ്കല മെഡലും സ്വന്തമാക്കി.






