ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പ്; കോണ്‍ഗ്രസ് നേതാവിന്റെ പേരുള്ളതായി സൂചന

പുല്പള്ളി: ആത്മഹത്യചെയ്ത ജോസ് നെല്ലേടത്തിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് പരിശോധിക്കുന്നു. ഇതില്‍ ജോസിന്റെ മറുപക്ഷത്തുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരുള്ളതായാണ് സൂചന. പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒപ്പംനിന്നില്ലെന്നതിനൊപ്പം സൈബര്‍ അധിക്ഷേപങ്ങളും വല്ലാതെ വേദനിപ്പിച്ചതായ പരാമര്‍ശങ്ങള്‍ കത്തിലും ആവര്‍ത്തിക്കുന്നതായാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം വരുംദിവസങ്ങളിലേ നടക്കൂവെന്നാണ് അറിയുന്നത്.
നിലവില്‍ സ്‌ഫോടകവസ്തുക്കളും മദ്യവും തങ്കച്ചന്റെ വീട്ടില്‍വെച്ച കേസില്‍ ആരോപണവിധേയരായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജയില്‍മോചിതനായശേഷം തങ്കച്ചന്‍ ചില നേതാക്കളാണ് കള്ളക്കേസില്‍ കുടുക്കിയതെന്ന് ആരോപിച്ചിരുന്നു. ഇതില്‍ ഒരാളായ അനീഷ് മാമ്പള്ളിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ഇയാള്‍ സ്ഥലത്തില്ലെന്നാണ് മനസ്സിലാക്കുന്നതെന്നുമാണ് പോലീസ് പറയുന്നത്. ഇപ്പോള്‍
അറസ്റ്റിലായ പ്രസാദും അനീഷ് മാമ്പള്ളി സ്വന്തം ആവശ്യത്തിനാണെന്നു പറഞ്ഞാണ് മദ്യം വാങ്ങിപ്പിച്ചതെന്ന് മൊഴിനല്‍കിയതായി സൂചനയുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍പ്പേരുടെ മൊഴി രേഖപ്പെടുത്തി, അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്കു പോകുമെന്നും പോലീസ് പറയുന്നു. ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുള്‍ ഷെരീഫിനാണ് അന്വേഷണച്ചുമതല.






