ഹൈക്കോടതി അനുമതി സ്റ്റേ ചെയ്യണം; ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്.
ഈ മാസം ഇരുപതാം തീയതി പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി. അയ്യപ്പസംഗമത്തില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അടിയന്തരമായി വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പരിപാടി സംഘടിപ്പിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ആണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ദേവസ്വം ബോര്‍ഡിനെ മറയാക്കി സര്‍ക്കാരിന്റെ രാഷ്ട്രീയനീക്കമാണ് ഇതെന്നും നിരീശ്വരവാദികളായ രാഷ്ട്രീയ നേതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടന പ്രകാരം ഒരു സര്‍ക്കാരിനും മതപരമായ പരിപാടി സംഘടിപ്പിക്കുന്നതിനുള്ള അനുമതി ഇല്ലെന്നും ചട്ടങ്ങള്‍ പ്രകാരം ഇത്തരമൊരു പരിപാടി നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ദേവസ്വം ബോര്‍ഡിന് ലഭിക്കുന്ന യഥാര്‍ഥ പണത്തിന്റെ അവകാശി ആരാധാനമൂര്‍ത്തിയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോട നടത്തുന്ന പരിപാടിക്ക് ഈ പണം വിനിയോഗിക്കാന്‍ കഴിയില്ല. പമ്പ പരിസ്ഥിതി ലോലപ്രദേശമായതിനാല്‍ ഇത്തരമൊരു പരിപാടിക്ക് അനുമതി നല്‍കുന്നത് കോടതി വിധിയുടെ ലംഘനമാണ്. അതുകൊണ്ട് ഹൈക്കോടതി ആഗോള അയ്യപ്പസംഗമത്തിന് നല്കിയ അനുമതി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സീനിയര്‍ അഭിഭാഷകന്പിബി കൃഷ്ണനാണ് ഹര്ജിക്കാരന് വേണ്ടി ഹാജരാകുക.






