‘ബുള്ളറ്റ് പ്രൂഫ് പാനല്‍, മുന്‍കരുതല്‍ വേണം; കൊല്ലപ്പെടാന്‍ 100 ശതമാനം സാധ്യത’: കര്‍ക്കിന് മുന്നറിയിപ്പ് നല്‍കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍

വാഷിങ്ടന്‍: ജീവനു ഭീഷണിയുണ്ടെന്ന് ചാര്‍ളി കര്‍ക്കിന് മുന്നറിയിപ്പു നല്‍കിയിരുന്നതായി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍. വലതുപക്ഷ ആക്ടിവിസ്റ്റും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാര്‍ളി കര്‍ക്ക് ബുധനാഴ്ച യൂട്ടാവാലി സര്‍വകലാശാലയില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
”മാര്‍ച്ച് 6ന് കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വെച്ച് കര്‍ക്കിനെ കണ്ടശേഷം ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ വരാനിരിക്കുന്ന യൂണിവേഴ്സിറ്റി പ്രസംഗ പരിപാടികളിലൊന്നില്‍ കൊല്ലപ്പെടാനുള്ള സാധ്യത 100 ശതമാനമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. രക്ഷക്കായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനലുകളും ആളുകളെ പരിശോധിക്കാന്‍ മെറ്റല്‍ ഡിറ്റക്ടറുകളും ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചു.
ഒരു സ്നൈപര്‍ തലയ്ക്ക് വെടിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, അതായത് ബാലിസ്റ്റിക് ഗ്ലാസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു” എക്‌സിക്യൂട്ടീവ് പ്രൊട്ടക്ഷന്‍ ഏജന്‍സിയായ ദി ബോഡിഗാര്‍ഡ് ഗ്രൂപ്പ് ഓഫ് ബെവര്‍ലി ഹില്‍സിന്റെ ഉടമയായ ക്രിസ് ഹെര്‍സോഗ് പറഞ്ഞു. കര്‍ക്കിനെ വെടിവച്ച പ്രതി ടൈലര്‍ റോബിന്‍സനെ വ്യാഴാഴ്ച രാത്രി, വെടിവയ്പ്പിന് ഏകദേശം 33 മണിക്കൂറിന് ശേഷം കസ്റ്റഡിയിലെടുത്തിരുന്നു.






