പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ വെടിവെച്ച് കൊന്ന് യുവാവ്; പ്രതിയെ കീഴടക്കിയത് ടിയര്‍ഗ്യാസ് എറിഞ്ഞ്; മരിച്ച യുവതി മൂന്നാംഭര്‍ത്താവിനെ കൊന്നകേസില്‍ പ്രതി

ഭോപാല്‍: പട്ടാപ്പകല്‍ നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗ്വാളിയോര്‍ നിവാസിയായ നന്ദിനി(28)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് അരവിന്ദ് പരിഹാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് രൂപ്സിങ് സ്റ്റേഡിയത്തിന് സമീപത്താണ് നാട്ടുകാരെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. അരവിന്ദ് പരിഹാറും നന്ദിനിയും ദാമ്പത്യപ്രശ്നങ്ങളെത്തുടര്‍ന്ന് വേര്‍പിരിഞ്ഞാണ് താമസം. വെള്ളിയാഴ്ച വൈകീട്ട് സ്റ്റേഡിയത്തിന് സമീപത്തുകൂടെ നടന്നുവരികയായിരുന്ന യുവതിയെ ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് യുവതിക്ക് നേരേ വെടിയുതിര്‍ത്തു. പോയിന്റ് ബ്ലാങ്കില്‍ യുവതിക്ക് നേരേ അഞ്ചുതവണയാണ് പ്രതി നിറയൊഴിച്ചത്. വെടിയേറ്റ് യുവതി റോഡില്‍വീണതോടെ പ്രതിയും കൈയില്‍ തോക്കുമായി ഇവര്‍ക്ക് സമീപത്തായി ഇരുന്നു. ഇതേസമയം, ആളുകള്‍ ഓടിക്കൂടിയെങ്കിലും ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതി കൈയില്‍ തോക്കുമായി ഭീഷണി തുടര്‍ന്നു. ആളുകള്‍ക്ക് നേരേ വെടിയുതിര്‍ക്കുമെന്നും സ്വയം നിറയൊഴിച്ച് മരിക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. ഇതോടെ പോലീസ് സംഘം തന്ത്രപൂര്‍വം ഇടപെട്ടു. പ്രതിയെ കീഴ്പ്പെടുത്താനായി പോലീസ് ആദ്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. പിന്നാലെ മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പ്രതിയെ കൈകാര്യംചെയ്തു. അതിനിടെ, വെടിയേറ്റുവീണ നന്ദിനിയെ പോലീസ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കരാറുകാരനായ അരവിന്ദും നന്ദിനിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്ന് പോലീസ് പറഞ്ഞു. അരവിന്ദിനെതിരേ നന്ദിനി പലതവണ പോലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റിലാവുകയുംചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ അരവിന്ദ് ജയിലില്‍നിന്നിറങ്ങി. ഇതിനുശേഷം പ്രശ്നങ്ങളെല്ലാം പരിഹരിച്ച് രണ്ടുപേരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. മറ്റൊരുഭാര്യയും കുട്ടികളും ഉണ്ടെന്ന കാര്യം മറച്ചുവെച്ച് തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് സെപ്റ്റംബര്‍ ഒന്‍പതിനും നന്ദിനി അരവിന്ദിനെതിരേ പരാതി നല്‍കിയിരുന്നു. 2024 നവംബറില്‍ അരവിന്ദും ഇയാളുടെ സുഹൃത്തും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്ന് ആരോപിച്ചും പരാതി നല്കി.
എന്നാല്‍, അടുത്തിടെ നന്ദിനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ദമ്പതിമാര്‍ക്കിടയില്‍ വീണ്ടും വഴക്കുണ്ടായെന്നും കൊല്ലപ്പെട്ട നന്ദിനി തന്റെ മൂന്നാംഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊലക്കേസില്‍ ജയിലിലായിരുന്ന നന്ദിനി 2022-ലാണ് ജയില്‍മോചിതയായതെന്നും പോലീസ് വ്യക്തമാക്കി.






