ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയിലെ വീടിന് പുറത്ത് അജ്ഞാതരുടെ വെടി ; നടി ഹിന്ദു മതവിശ്വാസികളെയും സനാതന ധര്‍മ്മത്തെയും അപമാനിച്ചുവെന്ന് സാമൂഹ്യമാധ്യമ പോസ്റ്റും

മുംബൈ: ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയിലെ സിവില്‍ ലൈനിലുള്ള വീടിന് പുറത്ത് അജ്ഞാതരായ ചിലര്‍ വെടിയുതിര്‍ത്തു. വെള്ളിയാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഹിന്ദിയില്‍ എഴുതിയ ഒരു ഭീഷണിപ്പെടുത്തിയുള്ള സാമൂഹിക മാധ്യമ പോസ്റ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. വിരേന്ദ്ര ചരണ്‍, മഹേന്ദ്ര സരണ്‍ എന്നീ രണ്ട് വ്യക്തികളെക്കുറിച്ച് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഹിന്ദു മതവിശ്വാസികളെയും സനാതന ധര്‍മ്മത്തെയും അപമാനിച്ചുവെന്ന് ദിഷ പഠാണിയെ ഇവര്‍ ആരോപിക്കുന്നു. ഗോഡ്ലി ബ്രാര്‍, രോഹിത് ഗോദാര എന്നിവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ‘ഈ വെടിവെപ്പ് ഒരു ട്രെയിലര്‍ മാത്രമാണ്’, എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് സിനിമാ മേഖലയിലുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മതവികാരങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്ക് നേരെ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്നും പോസ്റ്റില്‍ ഭീഷണിപ്പെടുത്തുന്നു. ‘നമ്മുടെ ദൈവങ്ങളെ അപമാനിക്കുന്നത് സഹിക്കില്ല. ഇത് ഒരു ട്രെയിലര്‍ മാത്രമാണ്. അടുത്ത തവണ അവളോ മറ്റാരെങ്കിലുമോ നമ്മുടെ മതത്തോട് അനാദരവ് കാണിച്ചാല്‍, അവരുടെ വീട്ടില്‍ ആരും ജീവനോടെ ശേഷിക്കില്ല. ഈ സന്ദേശം അവള്‍ക്ക് മാത്രമല്ല, സിനിമാ മേഖലയിലെ എല്ലാ കലാകാരന്മാര്‍ക്കും കൂടിയുള്ളതാണ്” -പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ ആധികാരികത പോലീസ് പരിശോധിച്ചുവരികയാണ്. ഉറവിടം കണ്ടെത്താന്‍ സൈബര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. പഠാണിയുടെ വസതിക്ക് ചുറ്റും പ്രദേശത്തും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.






