Breaking NewsKeralaLead NewsNEWS

മദ്യപിച്ച് വാഹനപരിശോധന, പിഴ ആവശ്യപ്പെട്ടു; പാവപ്പെട്ടവരെ ഉപദ്രവിക്കാതെ കക്കാന്‍ പൊയ്ക്കൂടെയെന്ന് നാട്ടുകാര്‍, MVD ഉദ്യോഗസ്ഥനെ പിടികൂടി പോലീസിലേല്‍പ്പിച്ചു

കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍. എറണാകുളം ആര്‍ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തിട്ടുണ്ട്.

തൃക്കാക്കര തോപ്പില്‍ ജങ്ഷനില്‍ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തൃക്കാക്കരയില്‍ മത്സ്യവില്‍പ്പന നടത്തുകയായിരുന്ന കുടുംബത്തില്‍നിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിട്ടുള്ള കാര്യം മനസിലാക്കിയതും പോലീസിനെ വിവരം അറിയിച്ചതും.

Signature-ad

ഒരു യുവതിയും കുടുംബവും മത്സ്യവില്‍പന നടത്തിവരികയായിരുന്നു. മത്സ്യവില്‍പ്പന നടത്തുന്നതിന് തൊട്ടടുത്ത് തന്നെ ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ടായിരുന്നു. ഇത് ആരുടെ ഓട്ടോ ആണെന്ന് ചോദിച്ചപ്പോള്‍ തന്റെ ഭര്‍ത്താവിന്റേതാണെന്ന് യുവതി മറുപടിനല്‍കി. ഇതോടെ, ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തില്‍ ഗുഡ്‌സ് കയറ്റി എന്നാണ് പരാതിയെന്നും മൂവായിരം രൂപ പിഴയടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍, ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ മദ്യപിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. കൂടാതെ ഇയാള്‍ യൂണിഫോമിലും ആയിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമായത്. രൂക്ഷമായാണ് നാട്ടുകാര്‍ പ്രതികരിച്ചത്. ‘പാവപ്പെട്ടവരെ ഉപദ്രവിക്കാതെ കക്കാന്‍ പൊയ്ക്കൂടെ’ എന്നൊക്കെ നാട്ടുകാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

സംഭവത്തില്‍ മോശമായി സംസാരിച്ചതടക്കം ചൂണ്ടിക്കാണിച്ച് മത്സ്യവില്‍പ്പന നടത്തിയിരുന്ന കുടുംബം തൃക്കാക്കര പോലീസില്‍ പരാതി അറിയിച്ചിട്ടുണ്ട്. അതേസമയം ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നോ എന്നുള്ളതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണവും വരേണ്ടതുണ്ട്.

 

Back to top button
error: