Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

അമേരിക്കയുടെ അടുപ്പക്കാരായിട്ടും അറിയിച്ചില്ലേ? ഖത്തര്‍ ആക്രമണം ട്രംപ് അറിഞ്ഞത് പാതിവഴിയില്‍; ഹമാസ് നേതാക്കള്‍ എവിടെയുണ്ടോ അവിടെല്ലാം ഇസ്രയേല്‍ എത്തും, ആരെങ്കിലും രക്ഷപ്പെട്ടെങ്കില്‍ അടുത്തവട്ടം ‘എടുക്കു’മെന്ന് യുഎസ് അംബാസഡര്‍

ദോഹ: അമേരിക്കയുടെ ഏറ്റവും വലിയ അടുപ്പക്കാരനായിട്ടും യുഎസിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുണ്ടായിട്ടും ഖത്തിറില്‍ കടന്നുകയറി ഇസ്രയേല്‍ ആക്രമണം നടത്തിയതിന്റെ അമ്പരപ്പിലാണു ലോകം. ‘ഇസ്രയേല്‍ ആക്രമണത്തിന്റെ വിവരം അറിയിക്കുമ്പോഴേക്കും ഏറെ വൈകിയിരുന്നെന്നും തടയാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല’ എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എങ്കിലും വിവരമറിഞ്ഞയുടന്‍ താന്‍ പ്രതിനിധിവഴി വിവരം ഖത്തറിനെ അറിയിച്ചു. പ്രതിരോധിക്കാനാകും വിധം വൈകി, എന്നായിരുന്നു ട്രംപിന്റെ കരുതലോടെയുള്ള പ്രതികരണം.

ട്രംപ് പറഞ്ഞത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദോഹ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങള്‍ പറന്നതിന് ശേഷമാണ് ഇസ്രയേല്‍ ആക്രമണ വിവരം യുഎസിനെ അറിയിക്കുന്നത്. കിഴക്ക് ലക്ഷ്യമാക്കി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നത് കണ്ട് യുഎസ് സൈന്യം ഇസ്രയേലില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുകയായിരുന്നെന്ന് ഇസ്രയേലി മാധ്യമായ ചാനല്‍12 റിപ്പോര്‍ട്ട് ചെയ്യുന്നു.

Signature-ad

ഇതിന് മറുപടിയായാണ് ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പോവുകയാണെന്ന് ഇസ്രയേല്‍ യുഎസിന് വിവരം നല്‍കുന്നത്. ഈ വിവരം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കൈമാറി. ഖത്തറിനെ വിവരമറിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. മിസൈലുമായി യുദ്ധവിമാനങ്ങള്‍ ആകാശത്തുള്ളപ്പോഴാണ് യുഎസ് വിവരമറിയുന്നത്.

സംഭവത്തിന് തൊട്ടുതലേന്ന് ഇസ്രയേല്‍ സ്ട്രാറ്റജിക് അഫയേഴ്‌സ് വകുപ്പ് മന്ത്രി റോണ്‍ ഡെര്‍മര്‍ യുഎസ് മധ്യപൂര്‍വേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായും ട്രംപിന്റെ മരുമകന്‍ ജെറാദ് കുഷ്നറുമായി മിയാമിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈസമയത്തൊന്നും ഇക്കാര്യം യുഎസിനോട് വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം.

ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അടുത്തവട്ടം ‘എടുക്കു’മെന്നാണ് ഇസ്രയേലിന്റെ യുഎസ് അംബാസഡര്‍ പറഞ്ഞത്. ഹമാസിന്റെ എല്ലാ നേതാക്കളും ‘നോട്ടീസി’നു പുറത്താണു കഴിയുന്നത്. അവര്‍ എവിടൊക്കെയുണ്ടോ അവിയെല്ലാം ഞങ്ങളെത്തുമെന്നും അംബാസഡര്‍ യാച്ചിയേ ലെയ്റ്റര്‍ പറയുന്നു.

ഖത്തര്‍ ആക്രമണത്തില്‍ ട്രംപിന് അതൃപ്തിയുണ്ടെങ്കിലും ഹമാസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തില്‍നിന്നു പിന്നോട്ടില്ല എന്നതിന്റെ സൂചനയും നല്‍കുന്നുണ്ട്. ‘എല്ലാ ബന്ദികളെയും, മരിച്ചവരുള്‍പ്പെടെ വിട്ടുകൊടുത്താല്‍ യുദ്ധം ഇപ്പോള്‍ നില്‍ക്കും’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

 

Back to top button
error: