മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ വിടാതെ പിന്തുടര്‍ന്ന് കെ.ടി.ജലീല്‍. പി.കെ. ഫിറോസിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലകളില്‍ നേരിട്ടുപോയി ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ആരോപണങ്ങള്‍ ഉന്നയിച്ച ജലീല്‍, ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും രംഗത്തുവന്നു. ‘തമ്പീ, പുറത്തുവരൂ, പത്രക്കാര്‍ കട്ട വെയ്റ്റിംഗില്‍ ആണ്’. ഫിറോസിന്റെ കമ്പനി നടത്തുന്നതു റിവേഴ്‌സ് ഹവാലയോ എന്നും ജലീല്‍ ചോദിക്കുന്നു.
ദുബായില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍ മൂന്നു ജീവനക്കാരാണുള്ളതെന്നും ഇതില്‍ ഫിറോസ് ആണെന്നും ജലീല്‍ രേഖകള്‍ പുറത്തുവിട്ടുകൊണ്ടു പറയുന്നു. 2021ല്‍ നോമിനേഷന്‍ നല്‍കുമ്പോള്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയോ എന്നും അന്വേഷിക്കണമെന്നു ജലീല്‍ ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തമ്പീ! പുറത്തു വരൂ! പത്രക്കാർ കട്ട വെയിറ്റിംഗാണ്!
ഫിറോസിൻ്റെ കമ്പനി നടത്തുന്നത് റിവേഴ്സ് ഹവാലയോ?
ദുബായിയിൽ റജിസ്റ്റർ ചെയ്ത “Fortune House General Trading L.L.C” എന്ന കമ്പനിയിൽ ആകെ ഉള്ളത് മൂന്ന് ജീവനക്കാരാണ്. അവർ മൂന്നു പേരും മൂന്നു വിഭാഗത്തിൻ്റെ മാനേജർമാരുമാണ്.
1) ഫിറോസ് പാലുള്ളക്കണ്ടിയിൽ മാമു (Sales Manager)
2) റയീസ് മുന്തോട്ടുതറമ്മൽ അബ്ദുറഹിമാൻ (Office Manager)
3) അരട്ടൻകണ്ടി മുഹമ്മദ് അസ്ലം പുതുക്കുടി (Purchasing Manager)
ഒരു എം.ഡിയോ, ക്ലാർക്കോ, സിസ്റ്റം ഓപ്പറേറ്ററോ, അറ്റൻഡറോ ഇല്ലാത്ത വെറും മൂന്ന് മാനേജർമാർ മാത്രം ജീവനക്കാരായ ലോകത്തിലെ “ഒരേയൊരു കമ്പനി”, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫിറോസ് സെയിൽസ് മാനേജരായി ജോലി ചെയ്യുന്ന കമ്പനിയാവും! കമ്പനിയുടെ ജോലിക്കാരുടെ ലിസ്റ്റ് ഇമേജിൽ.
പി.കെ ഫിറോസ് ഈ കമ്പനിയിൽ ഏറ്റവും പുതിയ ജോബ് വിസ എടുക്കുന്നത് 21.03.2024-നാണ്. എന്നാൽ അതിനും എത്രയോ മുമ്പു മുതൽക്കേ അദ്ദേഹത്തിന് ജോബ് വിസ ഉണ്ട് എന്നാണ് “Fortune” കമ്പനിയുടെ സൈറ്റിലെ വിവരങ്ങൾ പറയുന്നത്. അതിൻ്റെ രേഖയും ഇമേജിലുണ്ട്. നേരത്തെയുള്ള സെയിൽസ് മാനേജർ വിസ കാലഹരണപ്പെടുന്നതായി രേഖകളിൽ ഉള്ളത് 19.05.2024 എന്നാണ്. സ്വാഭാവികമായും രണ്ടു വർഷങ്ങൾക്കു മുമ്പാകണം അദ്ദേഹം ആ വിസ എടുത്തിട്ടുണ്ടാവുക!
ഇനി അറിയേണ്ടത് 2021-ൽ ഫിറോസ് നോമിനേഷൻ കൊടുക്കുമ്പോൾ ഇത്തരം ഒരു വിസ ഹോൾഡർ ആയിരുന്നോ എന്നാണ്. അക്കാര്യവും പരിശോധിക്കുന്നുണ്ട്.
മാനേജർമാർ മാത്രമുള്ള “Fortune House” കമ്പനി ഇന്ത്യയിൽ നിന്ന് റിവേഴ്സ് ഹവാലയാണ് ചെയ്യുന്നത് എന്ന ആരോപണം ശക്തമാണ്. എത്ര ലീഗ് നേതാക്കൾ അവരുടെ കള്ളപ്പണം ഫിറോസിൻ്റെ കമ്പനി മുഖേന ഗൾഫിലേക്ക് കടത്തിയിട്ടുണ്ടാകും? ഇതിനെല്ലാം വ്യക്തത വരുത്തേണ്ടത് പി.കെ ഫിറോസാണ്. അദ്ദേഹം ഒളിവു ജീവിതത്തിൽ നിന്ന് പുറത്തു വരണം. മാധ്യമങ്ങളെ കാണണം. വസ്തുതകൾ വ്യക്തമാക്കണം. ഒരു ദിവസം നാല് നേരം മാധ്യമങ്ങളെ കണ്ടിരുന്ന ഫിറോസ് ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്? തമ്പീ പുറത്തു വരൂ. പത്രക്കാർ കട്ട വെയിറ്റിംഗാണ്.
NB: പണ്ട് ലീഗ് പിളർന്നപ്പോൾ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് നേതാക്കൾ കൂടുതലും അണികൾ കുറവുമുള്ള അഖിലേന്ത്യാ ലീഗിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഫിറോസിൻ്റെ മാനേജർ മാർ മാത്രമുള്ള ജോലി ചെയ്യാൻ ജീവനക്കാരില്ലാത്ത കമ്പനിയെ സംബന്ധിച്ചും പ്രസക്തമാണ്: ”ഡച്ചു പട്ടാളം പോലെയാണ് വിമതലീഗ്. എല്ലാവരും കമാൻ്റെർ ഇൻ ചീഫുമാരാണ്. യുദ്ധം ചെയ്യാൻ പട്ടാളക്കാരില്ല”
കെ.ടി.ജലീലിന്റെ ആരോപണങ്ങളെ അവഗണിക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം. കെ.ടി.ജലീലിന്റെ ഭാര്യയ്്ക്ക് സ്വാധീനം ഉപയോഗിച്ച് പ്രമോഷന്‍ ലഭിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം കെ.ടി.ജലീല്‍ മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. മന്ത്രിയായിരുന്ന സമയത്ത് ബന്ധു നിയമനവുമായി ബന്ധപ്പെട്ട് താന്‍ ഒരു തെറ്റും ചെയ്തില്ലെന്ന് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിച്ച് സത്യം ചെയ്യുകയായിരുന്നു ജലീല്‍.
അക്കാലത്ത് ഏറ്റവും അധികം കെ.ടി.ജലീലിനെ വിമര്‍ശിച്ച യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ കൂടുതല്‍ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ത്തുകയായിരുന്നു കെ.ടി. ജലീല്‍. പിന്നാലെ പി.കെ. ഫിറോസിന് പങ്കാളിത്തമുളള ഭക്ഷണശാലയില്‍ കെ.ടി.ജലീലെത്തി. ജീവനക്കൊര്‍ക്കൊപ്പം ചിത്രമെടുത്ത് അതും പി.കെ. ഫിറോസിനെതിരെ ആയുധമാക്കി. ഫിറോസിന്റെ വരുമാന സ്രോതസ് അന്വേഷിക്കണമെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു.
kt-jaleel-pk-firoz-political-feud-kerala