അവിവാഹിതയായ നടി 40-ാം വയസില്‍ പ്രസവിച്ചു; ഇരട്ടകളില്‍ ഒരു കുഞ്ഞ് നഷ്ടമായി

വിവാഹിതയാവാതെ ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭിണിയായ കന്നഡ നടി ഭാവന രാമണ്ണ പ്രസവിച്ചു. 40കാരിയായ ഭാവനയ്ക്ക് ഇരട്ടകളാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രസവത്തില്‍ ഒരു കുഞ്ഞ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് ഭാവന ജന്മം നല്‍കിയത്. ഇതില്‍ ഒരു കുഞ്ഞ് മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് മാസം അവസാനമാണ് ഭാവന പ്രസവിച്ചത്.
ഗര്‍ഭകാലത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഭാവനയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പരിശോധനയില്‍ ഇരട്ടകുട്ടികളില്‍ ഒരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് നടിയെ എട്ടാം മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാവന പ്രസവിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴാണ് വാര്‍ത്ത പുറത്തുവന്നത്. അമ്മയും ഒരു പെണ്‍കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.
2025 ജൂലൈ നാലിനാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഭാവന അറിയിച്ചത്. ബീജദാനത്തിലൂടെയുള്ള ഐവിഎഫ് ചികിത്സയിലൂടെയാണ് 40കാരിയായ ഭാവന ഇരട്ടകളെ ഗര്‍ഭം ധരിച്ചത്. നിറവയറുമായി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഗര്‍ഭിണിയാണെന്ന് വിവരം അറിയിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു.
‘ഒരു പുതിയ അദ്ധ്യായം, ഒരു പുതിയ താളം. ഇങ്ങനെ ഒരുകാര്യം ഞാന്‍ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഇതാ ഇപ്പോള്‍, ഞാന്‍ ആറുമാസം ഗര്‍ഭിണിയാണ്. ഇരട്ടകളെയാണ് ഗര്‍ഭം ധരിച്ചിരിക്കുന്നത്. എന്റെ 20കളിലും 30കളിലും അമ്മയാകണമെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ 40 വയസ് ആയപ്പോള്‍ ആ ആഗ്രഹം എനിക്ക് തോന്നി. അവിവാഹിതയായ സ്ത്രീ എന്ന നിലയില്‍ അത് അത്ര എളുപ്പമായിരുന്നില്ല. പല ഐവിഎഫ് ക്ലിനിക്കുകളും എന്റെ മുന്നില്‍ വാതിലടച്ചു.
പക്ഷേ പിന്നീടാണ് ഞാന്‍ ഡോ. സുഷമയെ കണ്ടുമുട്ടിയത്. അവര്‍ എന്നെ സഹായിച്ചു. ആദ്യ ശ്രമത്തില്‍ തന്നെ ഞാന്‍ ഗര്‍ഭം ധരിച്ചു. എന്റെ അച്ഛനും സഹോദരങ്ങളും പ്രിയപ്പെട്ടവരും അഭിമാനത്തോടെയും സ്‌നേഹത്തോടെയും എന്റെ കൂടെ നിന്നു. ചിലര്‍ എന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു. പക്ഷേ എനിക്ക് എന്റെ ഹൃദയത്തെ അറിയാം. എന്റെ കുട്ടികള്‍ക്ക് അച്ഛനില്ലായിരിക്കാം. പക്ഷേ കല, സംഗീതം, സംസ്‌കാരം സ്‌നേഹം എന്നിവയാല്‍ നിറഞ്ഞ വീട്ടിലായിരിക്കും അവര്‍ വളരുക’ – ഭാവന അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. അടുത്തിടെ നടി ബേബി ഷവറിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരുന്നു.






