Breaking NewsCareersKeralaLead NewsLIFELife StyleMovieNEWSNewsthen SpecialTRENDING

വീണ്ടും ഒരു വരവുകൂടി; കണ്ണിന്റെ ചലനം മുതല്‍ ഫിറ്റ്‌നസ് വരെ; മലയാളം പഠിക്കേണ്ട അഭിനയപാഠങ്ങള്‍; സിനിമയ്ക്കായി ഭക്ഷണങ്ങളുടെ രുചിപോലും മറന്നയാള്‍; ഇന്നുവരെ മുടങ്ങാത്ത അഞ്ചുനേരത്തെ നിസ്‌കാരം; മമ്മൂട്ടിക്കപ്പുറം പറക്കാത്ത മലയാള സിനിമ

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ 80കളിലും 90കളിലും എല്ലാം മമ്മൂട്ടിയുടെ ശരീരശാസ്ത്രം മലയാള സിനിമാനടന്മാർക്ക് പാഠപുസ്തകമായിത്തീർന്നു. നടന്‍റെ ഉപകരണമാണ് ശരീരമെന്നും ഞാൻ എന്‍റെ ശരീരത്തെ ദിനവും എണ്ണയിട്ട് സൂക്ഷിക്കുന്നതായും മമ്മൂട്ടിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കേവലം വ്യായാമങ്ങളിലൂടെ ശരീരഘടന നിലനിർത്തൽ മാത്രമല്ല അത്.

സി. വിനോദ് കൃഷ്ണന്‍

ചെറുപ്പത്തിലെ സിനിമാമോഹത്തെപ്പറ്റി ചോദിച്ചപ്പോൾ മമ്മൂട്ടി ഒരിക്കൽ പറഞ്ഞു, എന്നെ അഭിനയിപ്പിച്ചില്ലെങ്കിൽ സിനിമയ്ക്കു തീപിടിച്ചേനെ ! സിനിമാലോകത്തിനു മുഴുവൻ തീപിടിപ്പിച്ചുകൊണ്ടു, സോഷ്യൽ മീഡിയയ്ക്കു മുഴുവൻ തീയിട്ടുകൊണ്ടു മമ്മൂട്ടി വീണ്ടും വരുന്നു, ഫീനിക്സ് പക്ഷിയെപ്പോലെ. ഏതു മനുഷ്യനും ആശങ്കപ്പെടുന്ന അർബുദമെന്ന രോഗം മഹാനടനേയും സ്പർശിച്ച വാർത്ത മമ്മൂട്ടിയേക്കാൾ ആകുലപ്പെടുത്തിയിരിക്കുക മലയാള സിനിമയെയും പ്രേക്ഷകരെയുമാവും. രോഗം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും അതൊട്ടും നിസാരമല്ലെന്നു മലയാളിക്ക് തെളിഞ്ഞത് മറ്റൊരു മഹാനടൻ മലകയറിയപ്പോഴാണ്. സാക്ഷാൽ മോഹൻലാൽ. ലാൽ ശബരിമലയിൽപോയി മമ്മൂട്ടിയുടെ ആരോഗ്യസൗഖ്യത്തിനായി വഴിപാടുകഴിച്ചതോടെ വാർത്തയ്ക്കു സ്ഥിരീകരണമായി, ഗൗരവമായി, അതിലെല്ലാമുപരി പരസ്പരം പോരടിക്കുന്ന ആരാധകക്കൂട്ടങ്ങൾക്കുള്ള ശാസനയായി.
മമ്മൂട്ടി അമേരിയ്ക്കയിലേക്കു പോയി, ചികിത്സാർഥം. സിനിമാലോകത്തിനു ആകെതന്നെ മാതൃകയായ കുടുംബം മുഴുവൻ മമ്മൂട്ടിക്കൊപ്പംനിന്നു. ഇക്കാലയളവിൽ ഒരു പാപ്പരാസിക്കും മമ്മൂട്ടിയുടെ നിഴലിന്‍റെ ചിത്രംപോലും ലഭിച്ചില്ല എന്നത് മറ്റൊരു അദ്ഭുതം. അല്ലെങ്കിൽ എവിടെയെങ്കിലും മമ്മൂട്ടിയെ കണ്ടതായി ആരും വെളിപ്പെടുത്തിയില്ല. സോഷ്യൽ മീഡിയയുടെ ചാരക്കണ്ണുകൾക്കു പിടികൊടുക്കാതിരിക്കാനുള്ള കൗശലം പി.എ. മുഹമ്മദുകുട്ടിയെന്ന അഭിഭാഷകനെ വീണ്ടും ജയിപ്പിച്ചു. സമൂഹമധ്യത്തിൽനിന്നുള്ള അജ്ഞാതവാസക്കാലം അവസാനിക്കുന്നുവെന്ന വാർത്ത പുറത്തുവിട്ടതും മറ്റൊരു നടൻ, ശ്രീരാമൻ. രോഗമുക്തമായ ശരീരത്തോടെ, പഴയ മമ്മൂട്ടിയായി മലയാളത്തിന്‍റെ മഹാപൗരുഷം വൈകാതെ സിനിമയ്ക്ക് മുന്നിലെത്തും, ജനങ്ങൾക്ക് മുന്നിലെത്തും.
ഇന്ന് മമ്മൂട്ടിയുടെ എഴുപത്തിനാലാം ജന്മദിനം. മമ്മൂട്ടി മറ്റൊരിക്കൽ പറഞ്ഞു, തന്നെക്കുറിച്ച് എന്തു പറഞ്ഞാലും തന്‍റെ പ്രായവും ചേർത്തു പറയുമെന്ന്. എല്ലാവരും കാണുന്നത് മമ്മൂട്ടിയുടെ സൗന്ദര്യവും ഗ്ലാമറുമാണെങ്കിൽ മമ്മൂട്ടി അവയിലെല്ലാം പുലർത്തിയ ചില അഭിനയപാഠങ്ങളുണ്ട് തുടക്കംമുതലേ. ശരീരസൗന്ദര്യം നടന് അത്യന്താപേക്ഷിതമാണെന്ന് അന്നേ ഈ നടൻ മനസിലാക്കി. മമ്മൂട്ടിയുടെ തുടക്കകാലത്ത് ഇന്ത്യയിലെ മൊത്തം നടന്മാരെ നിരീക്ഷിച്ചാൽ മുൻഗാമികളിൽ ഒരു എംജിആറും ഒരു കമൽ ഹാസനുമൊഴിച്ച് മഹാഭൂരിപക്ഷവും ശരീരം സംരക്ഷിക്കുന്നതിൽ ഒരു ശ്രദ്ധയും പുലർത്തിയിട്ടില്ലെന്ന് നമുക്ക് മനസിലാകും. കുടന്തവയറും ചീർത്ത കവിളുമുള്ള അക്കാലത്തെ നായകന്മാർക്കിടയിൽ ശരീരത്തിന്‍റെ അനുപാതം ഏറെയൊന്നും തെറ്റാതെ കാത്തുസൂക്ഷിച്ച നടനായിരുന്നു മമ്മൂട്ടി. സംശയമുള്ളവർക്ക് മമ്മൂട്ടിക്കൊപ്പം അഭിനയജീവിതം ആരംഭിച്ചവരുമായി ഒത്തുനോക്കാം. ഫിറ്റ്നസ് എന്ന വാക്കെല്ലാം പ്രചാരത്തിലാവുന്നത് എത്രയോ കഴിഞ്ഞാണ്.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ 80കളിലും 90കളിലും എല്ലാം മമ്മൂട്ടിയുടെ ശരീരശാസ്ത്രം മലയാള സിനിമാനടന്മാർക്ക് പാഠപുസ്തകമായിത്തീർന്നു. നടന്‍റെ ഉപകരണമാണ് ശരീരമെന്നും ഞാൻ എന്‍റെ ശരീരത്തെ ദിനവും എണ്ണയിട്ട് സൂക്ഷിക്കുന്നതായും മമ്മൂട്ടിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കേവലം വ്യായാമങ്ങളിലൂടെ ശരീരഘടന നിലനിർത്തൽ മാത്രമല്ല അത്. ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾപോലും മമ്മൂട്ടി ഉപേക്ഷിച്ചു. സംവിധായകൻ സത്യൻ അന്തിക്കാട് ഒരിക്കൽ പറയുകയുണ്ടായി, ഇഷ്ടമുള്ളത് എന്തും കഴിക്കാം ഇഷ്ടമുള്ളയത്ര കഴിക്കാതിരിക്കുക എന്നതാണ് മമ്മൂട്ടിയുടെ ഭക്ഷണശാസ്ത്രമെന്ന് . മമ്മൂട്ടിയെവച്ച് സിനിമകൾ എഴുതുകയും സംവിധാനം ചെയ്യുകയുംചെയ്ത രൺജി പണിക്കർ പറയുന്നു മമ്മൂട്ടി പല ഭക്ഷണങ്ങളും ഉപേക്ഷിച്ചുപേക്ഷിച്ച് അവയുടെ രുചിപോലും അറിയാതെയായി എന്ന്. അഭിനയത്തിനുവേണ്ടി, നടനായി നിലനിൽക്കാൻവേണ്ടി, തന്‍റെ ശരീരം കാത്തുസൂക്ഷിക്കുന്ന ഒരു നടൻ എഴുപതുകഴിഞ്ഞ വയസിലും പുലർത്തുന്ന നിഷ്കർഷ എക്കാലത്തും മലയാള സിനിമാനടൻമാർക്ക് മാതൃകയാകണം.
അഭിനയത്തിന്‍റെ ആധികാരിക ഗ്രന്ഥങ്ങളിലെല്ലാം രേഖപ്പെടുത്തിയിട്ടുള്ള ഒന്ന്, മമ്മൂട്ടി തുടക്കംമുതൽ ശ്രദ്ധയോടെ പുലർത്തിയിരുന്നത് കാണാം, കണ്ണ്. ശാസ്ത്രീയമായ അഭിനയരീതികളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് കണ്ണിന്‍റെ ചലനങ്ങൾ. ഓരോ ഭാവങ്ങൾക്കനുസരിച്ച് കണ്ണ് എങ്ങനെ ചലിപ്പിക്കണം എന്നുവരെയുണ്ട്. സിനിമാലോകത്ത് അതാരും അത്ര പറഞ്ഞു കേട്ടിട്ടില്ല. ഇന്ന് ഫഹദ് ഫാസിലിന്‍റെ കണ്ണ് എല്ലാവരും പ്രകീർത്തിക്കുന്നുണ്ടെങ്കിൽ, 80 കളിൽ അത് സമർഥമായി ഉപയോഗിച്ച ഏകനടൻ മമ്മൂട്ടിയാണ്.
വികാരതീവ്രമായ രംഗങ്ങളിൽ മമ്മൂട്ടിയുടെ കണ്ണുകളുടെ ചലനം ശ്രദ്ധിച്ചാൽ മതിയാകും.
എല്ലാവരും കളിയായും കാര്യമായുംപറയുന്ന മമ്മൂട്ടിയുടെ ഫാഷൻ ഭ്രമം ശ്രദ്ധിക്കുക. തുടക്കകാലം മുതൽ തന്‍റെ ശരീരത്തിനുചേരുന്ന, ഭംഗി വർധിപ്പിക്കുന്ന, വസ്ത്രധാരണങ്ങൾ മമ്മൂട്ടി സിനിമയിലും പുറത്തും പുലർത്തി. മമ്മൂട്ടിയുടെ വസ്ത്രങ്ങളുടെ ബ്രാൻഡ് തന്നെ പ്രശസ്തമായി. കൂളിംഗ് ഗ്ലാസ് മുതൽ ഷൂസ് വരെ നിത്യനൂതനവും വ്യത്യസ്തവുമായ പാറ്റേണുകൾ. ഒരു നടൻ സിനിമയ്ക്കുള്ളിൽ മാത്രമല്ല പുറത്തും ഗ്ലാമറുള്ളവനാകവണമെന്ന തമിഴ് ദൈവം എംജിആറിന്‍റെ തത്വം മലയാള സിനിമയിൽ ആവർത്തിച്ചത് മമ്മൂട്ടിയായിരിക്കും.
മമ്മൂട്ടിയെ പുറത്തു കാണുന്നതും തിരശീലയിൽ കാണുന്നതും പ്രേക്ഷകനു തുല്യ അകലമാണ്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിദഗ്ധനായ ഒരാൾ പറയുകയുണ്ടായി, ലോകത്ത് ഏത് പുതിയ ഇലക്ട്രോണിക് ഉപകരണം കാമറ ആവട്ടെ, മൊബൈൽഫോൺ ആവട്ടെ, ലാപ്ടോപ്പുകൾ ആവട്ടെ എന്തിറങ്ങിയാലും കേരളത്തിൽ ആദ്യമെത്തുക മമ്മൂട്ടിയുടെ വീട്ടിലായിരിക്കുമെന്ന്. ലോകത്തിന്‍റെ ഏതു മൂലയിലുള്ള, ഏതു പുതിയ ടെക്നോളജിയെക്കുറിച്ചും ഈ നടൻ സംസാരിക്കുമ്പോൾ മലയാളിക്ക് ആദ്യമൊക്കെ അതുൾക്കൊള്ളാൻ വിഷമമായിരുന്നു കാശുള്ളവന്‍റെ അഹന്ത എന്ന വെറുംവാക്കിൽ അതിനെയെല്ലാം തള്ളി. എന്നാൽ ഇന്ന് വിരലറ്റത്തുള്ള വിവരസാങ്കേതികവിദ്യയുടെ കാലത്തും പലർക്കും അത്തരം അറിവുകൾ അപ്രാപ്യമാണ് എന്നുള്ളതാണ് സത്യം.
 തിക്കുറിശി മുതലുള്ള മലയാള സിനിമാ നായകന്മാരെ എടുത്താലറിയാം, മലയാളത്തിൽ പ്രമുഖസ്ഥാനംവഹിച്ച അവരിൽ 99% മറ്റു ഭാഷകൾക്ക് അന്യമായിരുന്നു. അഥവാ അഭിനയിച്ചാൽതന്നെ അർഹമായസ്ഥാനം ലഭിക്കാതെ പോയി. സ്വഭാവനടന്മാരാണ് അല്പമെങ്കിലും അപവാദം. ആ ശീലവും മാറ്റിമറിച്ചത് മമ്മൂട്ടി തന്നെ. തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം മമ്മൂട്ടി അഭിനയിച്ചു. അതും നായകനായി തന്നെ. കെ. ബാലചന്ദ്രറും കെ. വിശ്വനാഥും മണിരത്നവും ശെൽവമണിയും ലിങ്കുസ്വാമിയും രാജീവ് മേനോനും എല്ലാം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മികച്ച വേഷങ്ങളിൽ സംഭാവനചെയ്തവരാണ്. കേവലം അന്യഭാഷയിലെ ഒരു ചിത്രത്തിൽ അഭിനയിക്കുകയല്ല മമ്മൂട്ടി ചെയ്യുന്നത്.  മമ്മൂട്ടി ഒഴിച്ചുള്ള പല നായകന്മാർക്കും ഇന്നും അക്കാര്യം അന്യമാണ്.
മറ്റുഭാഷകളിലെത്തുമ്പോൾ കേവലം കൂടുതൽ വരുമാനം, അല്ലെങ്കിൽ അവിടുത്തെ ഏതെങ്കിലും ഒരു താരത്തിന്‍റെ അനുയായി അതൊക്കയേ പതിവുള്ളു. കമൽഹാസൻ വിളിച്ചിട്ടുപോലും കഥാപാത്രത്തിന്‍റെ പ്രാധാന്യക്കുറവിനാൽ ക്ഷണം നിരസിച്ച നടനാണ് മമ്മൂട്ടി. ഏറ്റവും വലിയ തെളിവാണല്ലോ ദളപതി. കത്തിജ്വലിച്ചു നിൽക്കുന്ന സൂപ്പർതാരം രജനീകാന്തിനൊപ്പം ദളപതിയിൽ തുല്യപ്രാധാന്യമുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടെ ദേവ. രണ്ടും വിപരീത ധ്രുവങ്ങളിലുള്ള അഭിനയ ശൈലികൾ. എന്നാൽ ആ കാലാപാത്രം നൽകിയ മണിരത്നംതന്നെ ഇരുവരിലേക്ക് ക്ഷണിച്ചപ്പോൾ മമ്മൂട്ടി പോയില്ല. അംബേദ്കർ എന്ന അന്യഭാഷ സിനിമയിൽ അഭിനയിച്ച്, ദേശീയ പുരസ് കാരം നേടിയ ഏക മലയാളനടനാണ് മമ്മൂട്ടി എന്നുകൂടി ഓർക്കണം. ഏതെങ്കിലും ഒരു വേഷത്തിന് സമീപിച്ചാൽ മമ്മൂട്ടി സ്വീകരിക്കില്ല എന്ന് മമ്മൂട്ടിയെക്കാൾ കൂടുതൽ മറ്റുള്ളവർക്കറിയാം.
സിനിമയുടെ മായികലോകത്തിനും അഹന്തയ്ക്കുമപ്പുറം അടിയുറച്ച ഒരു ദൈവവിശ്വാസിയാണ് മമ്മൂട്ടി. ഏത് പെരുന്നാളുകൾക്കും സമീപത്തുള്ള മസ്ജിദുകളിൽ മമ്മൂട്ടി നിസ്കരിക്കാൻ പോകുന്നത് ഇന്ന് പത്രമാധ്യമങ്ങളുടെ നിർബന്ധ കാഴ്ചയാണ്. താരപ്രഭയിലും തനിക്കുപരി ഒരാളുണ്ടെന്ന വിശ്വാസത്തിൽ ജീവിക്കുക. മഹാഭൂരിപക്ഷം നടന്മാരും അവസാനകാലങ്ങളിൽ മാത്രം തിരിച്ചറിയുന്ന ഒന്നാണത് ദിവസവും അഞ്ചുനേരം നിസ്കരിക്കുന്ന രണ്ട് സെലിബ്രിറ്റികളേ താൻ കണ്ടിട്ടുള്ളൂ എന്ന് മമ്മൂട്ടിയുടെ പ്രധാന നായികമാരിലൊരാളായ ശോഭന പറഞ്ഞതോർക്കുന്നു. ഒന്ന് മമ്മൂട്ടിയും മറ്റൊന്ന് എ.ആർ. റഹ്മാനും. ഈ നിമിഷം കേരളത്തിലാണെങ്കിൽ അടുത്ത നിസ്കാരസമയത്ത് ഒരുപക്ഷേ അവർ മറ്റ് സംസ്ഥാനങ്ങളിലോ, മറ്റു രാജ്യത്തോ പോലും ആയിരിക്കും. എന്നാലും അവർ നിസ്കാരം മുടക്കില്ല.
നാലുപതിറ്റാണ്ടുപിന്നിട്ട മമ്മൂട്ടിയുടെ അഭിനയജീവിതം കൃത്യമായി നാലുഘട്ടങ്ങളിലായി തിരിക്കാം. എം.ടിയും കെജി. ജോർജും ഐ.വി. ശശിയും ടി. ദാമോദരനും പദ്മരാജനും എല്ലാം ചേർന്നൊരുക്കിയ നായകവേഷങ്ങൾ. 80 കളുടെ അവസാനമായപ്പോൾ കുട്ടി-പെട്ടി-മമ്മൂട്ടിയെന്ന ആവർത്തനവിരസതകൊണ്ട് തകർന്നടിയുന്നു. അഭിനയം മതിയാക്കി ഗൾഫിൽ ജോലിക്കുപോകാൻ ഒരുങ്ങിയ മമ്മൂട്ടിയെക്കുറിച്ച് കൊച്ചിൻ ഹനീഫയും തിലകനും ഡെന്നീസ് ജോസഫും എല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രിയ സുഹൃത്ത് ജോഷിയുടെ ന്യൂഡൽഹിയിലൂടെ ഗംഭീരമായ തിരിച്ചുവരവ്. സിബിഐ ഡയറിക്കുറിപ്പും ജോഷി ചിത്രങ്ങളും ലോഹിതദാസ് രചനകളുമായി മമ്മൂട്ടി ഡബിൾ പ്രമോഷനോടെ മെഗാതാരപദവിയിലേക്ക്. 90കളിൽ അടൂർ ഗോപാലകൃഷ്ണൻ ശ്രദ്ധയിൽപ്പെടുന്നു. ഭരതനും ജോഷിയും സിബി മലയിലും മറുവശത്ത് ടി.വി. ചന്ദ്രനും പവിത്രനും ഹരികുമാറും. പൊന്തൻമാടയായ ഈ നടൻ തന്നെയാണ് ജോണിവാക്കറായതും. കോമളനായ കുട്ടേട്ടനും സൂര്യമാനസത്തിലെ പുട്ടുറുമീസും ഈ നടൻ. മമ്മൂട്ടിയുടെ സുവർണദശകം.
 രണ്ടായിരത്തിനുശേഷം മമ്മൂട്ടി മറ്റൊന്നായി. മൂന്ന് ദേശീയപുരസ്കാരവും പത്മശ്രീയും അടക്കം മലയാളത്തിലെ മറ്റൊരു നടനും എത്തിപ്പെടാത്ത ഉയരത്തിൽ. മലയാള സിനിമ സൂപ്പർതാരപദവിക്കുകീഴിൽ ഒതുങ്ങിക്കൂടാൻ ആരംഭിച്ച വർഷം. മമ്മൂട്ടിയും മാറി. വല്യേട്ടനായും പ്രജാപതിയായുമൊക്കെ മമ്മൂട്ടിയും തിരശീലയിൽ എതിരാളികളെ ആകാശത്തേക്കെറിഞ്ഞു. മലയാള സിനിമയിലെ പ്രതിഭാധനരായ മുതിർന്ന സംവിധായകരുടെയും എഴുത്തുകാരുടെയും പിന്മാറ്റക്കാലമായിരുന്നു അത്.
അതിൽപെട്ടുപോയനടനാണ് സത്യത്തിൽ മമ്മൂട്ടി. മികച്ച കഥാപാത്രങ്ങളോ, കഥയോ ലഭിക്കാതെ മമ്മൂട്ടിയും വിരസമായി. ലോഹിതദാസിന്‍റെ വേർപാടും എംടിയുടെ ഗാഢമൗനവും ടി. ദാമോദരന്‍റെ അപ്രസക്തിയും ഡെന്നീസ് ജോസഫിന്‍റെ അപ്രത്യക്ഷതയും എല്ലാംകൂടി മമ്മൂട്ടിയെ ഏകനാക്കി. അതിനന്‍റേതായ പരാജയങ്ങൾ മമ്മൂട്ടി ചിത്രങ്ങളിലും ഉണ്ടായി . മമ്മൂട്ടി അഭിനയം നിർത്തണം എന്ന് ഒരു പ്രമുഖ പത്രത്തിന്‍റെ സിനിമാപേജിൽവന്ന ലേഖനത്തെക്കുറിച്ച് ഇപ്പോഴും ഓർക്കുന്നു. അത്രത്തോളം ഉയർന്ന ചർച്ചയായി മമ്മൂട്ടിയുടെ ജീവനറ്റ കഥാപാത്രങ്ങൾ.
വീണ്ടും ഫീനിക്സ് പക്ഷി ചിറകടിച്ചു. ക്രോണിക് ബാച്ചിലർ എന്ന സിദ്ദിഖ് ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി. അഭിനയത്തിൽ മാത്രമല്ല മമ്മൂട്ടിയുടെ ഗ്ലാമറും അന്ന് ചർച്ചയായി. തുടർന്ന് ലാൽ ജോസിന്‍റെയും ബ്ലെസിയുടെയും രഞ്ജിത്തിന്‍റെയും കഥാപാത്രങ്ങൾ. ഒപ്പം ഒരുപറ്റം പുതിയ സംവിധായകരും. മലയാള സിനിമയിൽ ഏറ്റവുമധികം നവാഗതത സംവിധായകരെ കൊണ്ടുവന്ന റിക്കാർഡ് മമ്മൂട്ടിക്ക് മാത്രമായിരിക്കും. ആരും വെറുതെയല്ല, പ്രതിഭാധനർതന്നെ. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയതുകൊണ്ടാണ് ഒരുപക്ഷേ അവർക്ക് സിനിമയും പ്രാധാന്യവും കൈവന്നത്. അതിൽ കാഴ്ച സംവിധാനം ചെയ്ത ബ്ലസി മുതൽ ഭ്രമയുഗം സംവിധാനംചെയ്ത രാഹുൽ സദാശിവൻവരെയുണ്ട്. മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങൾ എല്ലാം ശ്രദ്ധിക്കുക, എല്ലാം പുതുമുഖ സംവിധായകർ. നല്ലൊരു ആശയമുണ്ടെങ്കിൽ ധൈര്യമായി സമീപിക്കാവുന്ന, എളുപ്പം കൈക്കലാക്കാവുന്ന നടനാണ് മമ്മൂട്ടി. ഒരു പുതുമുഖ സംവിധായകനെ പരീക്ഷിച്ച് ചിത്രം പരാജയമായാൽ അതിന്‍റെ ഭാരം മമ്മൂട്ടിയിലേക്കുവരുന്നില്ലായെന്നതും മറ്റൊരു വസ്തുതയാണ്.
വിനയം അല്പംകുറഞ്ഞ ഒരു വാക്കുപോലും അനുവദിച്ചുകൊടുക്കാൻ കഴിയാത്ത മലയാളികൾക്ക് അഹന്തയുടെ അല്ലെങ്കിൽ ജാഡയുടെ ബ്രാൻഡ് അംബാസിഡറാണ് മമ്മൂട്ടി. ജാഡ കാണിക്കാൻ കേരളീയർ അനുവാദം നൽകിയ ഒരേയൊരു വ്യക്തി മമ്മൂട്ടി മാത്രമായിരിക്കും. ജാഡയില്ലാത്ത മമ്മൂട്ടിയെ മലയാളികൾക്ക് സങ്കൽപ്പിക്കാൻപോലുമാകില്ല. അതിന്‍റെ പത്തിലൊന്ന് മറ്റേതു നടൻ കാണിച്ചാലും മലയാളി പൊങ്കാലയിടും. മമ്മൂട്ടിയുടെ സംസാരവും ചലനവും വേഷഭൂഷാദികളും എല്ലാം ജാഡകലർന്നതാവണമെന്ന് മമ്മൂട്ടിയെക്കാളും നിർബന്ധമിപ്പോൾ മലയാളികൾക്കാണ്.
മലയാള സിനിമയുടെ ഒന്നാംപേരുകാരൻ ഇപ്പോൾ മമ്മൂട്ടിയാണ്. ഗ്ലാമറിനൊപ്പം അഭിനയത്തിനും ജീവിതത്തിലും പുലർത്തിയ ഗൗരവമാണ് മമ്മൂട്ടിയെ സഹപ്രവർത്തകർക്കും മറ്റു ഭാഷാ നടന്മാർക്കും മുന്നിൽ ആദരണീയനാക്കിയത്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പുലർത്തുന്ന ഗൗരവം, അച്ചടക്കം. ദുൽഖർ സൽമാൻ എന്ന ഇന്നത്തെ പാൻ ഇന്ത്യൻ താരം അച്ചടക്കമുള്ള, ഒരു നല്ല വ്യക്തിയായി എല്ലാവർക്കും തോന്നുന്നുണ്ടെങ്കിൽ അതിനുകാരണം മമ്മൂട്ടിയല്ലാതെ മറ്റാരാണ് ?
 മമ്മൂട്ടിയുടെ സമകാലീനനായ, മമ്മൂട്ടിക്കൊപ്പംനിൽക്കുന്ന മറ്റൊരു മഹാനടൻ പത്മഭൂഷൺ മോഹൻലാൽ പറഞ്ഞതുപോലെ മലയാള സിനിമയിലെ മാറ്റങ്ങൾക്കെല്ലാം നാന്ദികുറിച്ചത് മമ്മൂട്ടിയാണ്. മമ്മൂട്ടിക്കുശേഷം ഇന്നുവരെയുള്ള എല്ലാ നടന്മാരും മമ്മൂട്ടി തുടക്കംകുറിച്ച വഴികളിലൂടെയാണ് നടക്കാൻ ശ്രമിച്ചത്. സിനിമകളുടെ തെരഞ്ഞെടുപ്പായാലും പൊതുരംഗത്തെ സാന്നിധ്യമായാലും വേഷഭൂഷാദികളിലായാലും ഇലക്ട്രോണിക്സ് – കാറുകൾ എന്നിവരെയുള്ള ഭ്രമംപോലും ആരംഭിച്ചത് മമ്മൂട്ടിയിൽനിന്നാണ്. എന്നാൽ മറ്റുള്ളവർക്കെല്ലാമുപരിയായി മമ്മൂട്ടിയെ നിലനിർത്തുന്ന ഒന്നുണ്ട് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം.
 മമ്മൂട്ടിയെന്ന മഹാനടന് ജന്മദിനാശംസകൾ…

Back to top button
error: