”അമ്മയെ അച്ഛന് വിവാഹം ചെയ്തിരുന്നില്ല, മരണം വരെ വേറൊരു വിവാഹം കഴിക്കില്ലെന്ന വാക്കും പാലിച്ചു; താരമായപ്പോള്‍ ആ വീട്ടില്‍നിന്ന് അമ്മ എന്നെയും കൊണ്ട് സ്വയം ഇറങ്ങി ”

അന്തരിച്ച നടന് ജയന്റെ മകനാണെന്ന അവകാശവാദവുമായി രംഗത്ത് വന്ന മുരളി ജയന് എന്ന വ്യക്തി നേരത്തെ പല തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. പേരും പ്രശ്സതിയും വന്ന കാലത്ത് ജയന്റെ ചുറ്റുമുള്ളവര്‍ തന്നെയും അമ്മയെയും ആ വീട്ടില്‍ നിന്ന് അകറ്റുകയായിരുന്നു എന്നാണ് മുരളി ജയന് പറയുന്നത്. പുതിയ അഭിമുഖത്തിലും മുരളി ജയന് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. തന്റെ അമ്മയെ ജയന് വിവാഹം ചെയ്തിരുന്നില്ലെന്ന് മുരളി ജയന് പറയുന്നു. സേഫ്ഗാര്‍ഡ് എന്റര്ടെയിന്മെന്റ്സിന് നല്കിയ അഭിമുഖത്തിലാണ് പരാമര്‍ശം.
അമ്മ ആ വീട്ടിലെ സഹായിയായിരുന്നു. പലരും പറയുന്നത് ജോലിക്ക് നിന്നിരുന്ന ആളെന്നാണ്. അങ്ങെനെയാെന്നുമില്ല. അമ്മയ്ക്ക് സ്വന്തമായി തീപ്പെട്ടി കമ്പനിയില്‍ ജോലി ഉണ്ടായിരുന്നു. അന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ള സാമ്പത്തികം ഉണ്ടായിരുന്നു. അമ്മ ആദ്യം വിവാഹം ചെയ്തിരുന്നു. ആ ബന്ധത്തില്‍ രണ്ട് മക്കള്‍ ജനിച്ചു. പിന്നെ ആ വിവാഹ ബന്ധം വേര്‍പെട്ടു. അച്ഛന്റെ (ജയന്) കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ സഹായിച്ച വ്യക്തിയാണ് അമ്മ. ഒരുവിധം ജീവിതം മെച്ചപ്പെട്ടപ്പോള്‍ ഇനി തങ്കമ്മ ജോലിക്കൊന്നും പോകേണ്ട, നീ എന്റെ മോളായി ഈ വീട്ടില്‍ താമസിക്കണം, നീയാണ് ഞങ്ങളെയെല്ലാം രക്ഷപ്പെടുത്തിയത് എന്ന് ഭാരതിയമ്മ (ജയന്റെ അമ്മ) പറഞ്ഞു.
അങ്ങനെ അമ്മയെ ആ വീട്ടില്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു. എട്ട് വര്‍ഷം ആ വീട്ടിലെ അംഗത്തെ പോലെ അവിടെ താമസിക്കുകയായിരുന്നു. ഇദ്ദേഹത്തില്‍ (ജയന്) നിന്നും മോശമായ പെരുമാറ്റമോ സംസാരമോ ഇല്ല. വളരെ നീറ്റായ വ്യക്തിയായിരുന്നു അച്ഛന്. തങ്ങളെ സഹായിച്ച ആള് എന്ന നിലയില്‍ അമ്മയ്ക്ക് ജീവിതം കൊടുക്കാന്‍ അദ്ദേഹം തയ്യാറായി. ഭാരതിയമ്മ വിവാഹത്തിന് അനുമതി നല്കി. അങ്ങനെ അമ്മയ്ക്ക് വാഗ്ദാനം കൊടുത്തു, ഞാന്‍ ജനിക്കുന്നു. അമ്മയെ അച്ഛന് വിവാഹം ചെയ്തില്ല. ഭാര്യയെന്ന് പറയണമെങ്കില്‍ താലി കെട്ടണം. അപ്പോള്‍ ഭാര്യയല്ല.
കൊല്ലം ജില്ലാ ആശുപത്രിയിലാണ് എന്നെ പ്രസവിച്ചത്. പ്രസവശ്രുശ്രൂഷയെടുത്തത് ഭാരതിയമ്മയാണ്. എന്റെ രണ്ട് വയസ് വരെ ഞങ്ങള്‍ അവിടെ താമസിച്ചു. ആ സമയത്ത് അദ്ദേഹം സിനിമയിലെത്തി. പിന്നെ ബന്ധുക്കളായി. അതുവരെയും ഒരു മനുഷ്യന് അവര്‍ക്കില്ലായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. ജയന് തരംഗം ഉണ്ടായ ശേഷമാണ് ഞാന്‍ ജയന്റ അളിയനാണ്, അമ്മാവന്റെ മോനാണ് എന്ന് പറഞ്ഞ് ആളുകള്‍ വന്നത്.
സിനിമാ നടനായി വെച്ചടി വെച്ചടി കയറി വന്നപ്പോള്‍ ചില ആളുകളുടെ സംസാരം മോശമായി. ഇങ്ങനെ ഒരു സ്ത്രീയും മകനും അവിടെയുള്ളത് സിനിമയിലെ ഭാവിയെ തകര്‍ക്കാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് കുഞ്ഞിനെയും തള്ളയെയും എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് മാറ്റുന്നതാണ് നല്ലതെന്ന് പറഞ്ഞു. ഈ സംസാരങ്ങള്‍ അമ്മ കേട്ടു. അമ്മയ്ക്ക് അദ്ദേഹത്തേക്കാള്‍ രണ്ട് വയസ് കൂടുതലുണ്ട്.
ബേബി മോന്റെ (ജയന്) സിനിമാ ഭാവിയാണല്ലോ നിങ്ങളുടെ വിഷയം, ഞാന്‍ എന്റെ മകനെയും കൊണ്ട് മാറിത്തരാം, ഇവന് സിനിമയില്‍ വലിയ ആളായിക്കോട്ടെ എന്ന് പറഞ്ഞ് അമ്മ അവിടെ നിന്നും ഇറങ്ങുകയായിരുന്നെന്ന് മുരളി പറയുന്നു. അച്ഛന് പലകുറി എന്നെയും അമ്മയെയും തിരിച്ചു വിളിക്കാനായി വന്നു. ഒരുമിച്ചു ജീവിക്കണം എന്ന ആഗ്രഹം പറഞ്ഞു. എന്നാല്‍, എന്റെ അമ്മയ്ക്ക് അച്ഛന് വീട്ടുകാരെ ഭയമായിരുന്നതിനാല്‍ ‘അമ്മ പോയില്ല. അച്ഛന്റെ പണം വേണ്ട എന്ന് പറയുകയും ചെയ്തു. പക്ഷേ അദ്ദേഹം എന്റെ കാര്യങ്ങള്‍ നോക്കുമായിരുന്നു. ചെലവുകള്‍ വഹിക്കുമായിരുന്നു. മരണം വരെ വേറൊരു വിവാഹം കഴിക്കില്ല എന്ന് അമ്മയ്ക്ക് വാക്ക് കൊടുക്കുകയും ചെയ്തു. അത് അദ്ദേഹം മരണം വരെ പാലിച്ചുവെന്നും മുരളി പറഞ്ഞു.
മലായള സിനിമയിലെ സമാനതകളില്ലാത്ത താരമായിരുന്നു ജയന്. മരിച്ച് 45 വര്‍ഷം പിന്നിടുമ്പോഴും ജയനെക്കുറിച്ചുള്ള ഓര്‍മകള്‍ സജീവമാണ്.
ജയന് തരംഗം അലയടിച്ച ആ കാലഘട്ടം ഇന്നു ചര്‍ച്ചയാകാറുണ്ട്.






