Breaking NewsKeralaLead NewsNEWS

ദേശീയപാത നിര്‍മാണം തുടങ്ങിയതു മുതല്‍ അപകടം; മക്കളെയും അച്ചാച്ചനെയും കാണണമെന്ന് ബിന്ധ്യ, എന്തു പറയുമെന്നറിയാതെ ബന്ധുക്കള്‍; ഞെട്ടല്‍ വിട്ടുമാറാതെ വലിയകുളങ്ങര നിവാസികള്‍

കൊല്ലം: ഉത്രാടനാള്‍ നാടുണര്‍ന്നത് ദുരന്തവാര്‍ത്തയും കേട്ടുകൊണ്ടാണ്. ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് എസ്യുവി ഇടിച്ചുകേറി മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കെന്നായിരുന്നു ആദ്യംകേട്ട വാര്‍ത്ത. ജനം അങ്ങോട്ടൊഴുകാന്‍ തുടങ്ങി. പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ടത് ആരാണെന്നറിയാന്‍ മാര്‍ഗമില്ലായിരുന്നു. എട്ടുമണി കഴിഞ്ഞപ്പോഴേക്കും തേവലക്കരയിലുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് മനസ്സിലായി. ആരാണെന്ന് വ്യക്തമായതോടെ തേവലക്കരയും ദുഃഖത്തിലായി.

ബന്ധുവിനെ യാത്രയാക്കാന്‍ നെടുമ്പാശ്ശേരിയില്‍ പോയിമടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടതെന്നും വ്യക്തമായി. ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയതോടെ അന്തരീക്ഷം സങ്കടഭരിതമായി. പരിക്കേറ്റ പ്രിന്‍സിന്റെ ഭാര്യ ബിന്ധ്യയെ പ്രിന്‍സും രണ്ടുമക്കളും മരിച്ച വിവരം അറിയാതിരിക്കാനായി ആരെയും അങ്ങോട്ട് വിടാതെനോക്കി. പ്രിന്‍സിന്റെ അച്ഛന്‍ തോമസും അമ്മയും ആശുപത്രിയിലെത്തി. വിതുമ്പിക്കൊണ്ട് നടന്നുവന്ന ഇരുവരെയും ബന്ധുക്കളും സുഹൃത്തുക്കളും താങ്ങിപ്പിടിച്ചു. തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം തോന്നിയ ഇരുവരെയും ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാ പ്രതീക്ഷകളും തകര്‍ന്ന ഒരുകുടുംബത്തിന്റെ ദുഃഖം അവിടെ കണ്ടുനിന്നവരിലേക്കും പടര്‍ന്നു.

Signature-ad

മക്കളെയും അച്ചാച്ചനെയും കാണണമെന്നു വാശിപിടിച്ചു കരയുന്ന, പ്രിന്‍സിന്റെ ഭാര്യ ബിന്ധ്യക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും. അപകടം നടന്ന ഉടന്‍തന്നെ ബോധം നഷ്ടപ്പെട്ട ബിന്ധ്യ മക്കളെവിളിച്ചു കരച്ചിലായിരുന്നു. കാറിന്റെ കതകു പൊളിച്ചു പുറത്തേക്കിറക്കാന്‍ ശ്രമിച്ചപ്പോഴും ഓര്‍മ്മ നഷ്ടപ്പെട്ടനിലയിലായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴും നിലയില്‍ മാറ്റമുണ്ടായില്ല. കാലിനു പറ്റിയ ഒടിവിനെക്കുറിച്ച് അറിവില്ലാത്തതുപോലെയായിരുന്നു പെരുമാറ്റം. ബിന്ധ്യയുടെ അവസ്ഥ മനസ്സിലാക്കിയ പോലീസ് കൗണ്‍സലറെ ഏര്‍പ്പാടാക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമായപ്പോഴേക്കും ഏതാണ്ട് ബോധം തിരികെ കിട്ടിയപോലെയായി. പിന്നീടാണ് ഭര്‍ത്താവ് പ്രിന്‍സിനെയും മക്കളെയും കാണണമെന്നു വാശിപിടിച്ചു കരയാന്‍ തുടങ്ങിയത്. എന്തു മറുപടി പറയുമെന്നറിയാതെ പകച്ചുനില്‍ക്കുകയായിരുന്നു ബന്ധുക്കളും ആശുപത്രി ജീവനക്കാരും.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കിയുള്ള മടക്കം; ഥാര്‍ ജീപ്പെത്തിയത് അതിവേഗത്തില്‍, പ്രിന്‍സിന്റെയും രണ്ട് മക്കളുടെയും ജീവനെടുത്ത അപടകത്തില്‍ പരിക്കേറ്റ ഐശ്വര്യയുടെ നില ഗുരുതരം; ഞെട്ടല്‍ മാറാതെ തേവലക്കര

പ്രിന്‍സിന്റെ അച്ഛന്‍ തോമസും അമ്മ മറിയാമ്മയും മകന്റെയും പേരക്കുട്ടികളുടെയും ചേതനയറ്റ ശരീരം കാണാനായി ഓച്ചിറ പരബ്രഹ്‌മ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ എത്തി. ഇരുവരെയും താങ്ങിയാണ് മോര്‍ച്ചറിയിലേക്ക് കൊണ്ടുവന്നത്. മൃതശരീരം കണ്ടതോടെ ഹൃദയംപൊട്ടുമാറ് നിലവിളിയുയര്‍ന്നു. അപ്പന്റെ സൗന്ദര്യം അതേപടി ലഭിച്ച അതുല്‍മോനേ…, എന്റെ പൊന്നുമോളോടു ഞാന്‍ ഇതെങ്ങനെ പറയും… എന്നിങ്ങനെ പതംപറഞ്ഞുള്ള കരച്ചില്‍ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. എന്റെ പൊന്നുമക്കളെ ഇവിടെയിട്ടിട്ടു ഞാന്‍ പോകില്ലെന്നു വാശിപിടിച്ചുകരഞ്ഞ മറിയാമ്മയെ മോര്‍ച്ചറിയുടെ സമീപം ബന്ധുക്കള്‍ കസേരയിട്ടിരുത്തി സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു.

തേവലക്കര സ്വദേശി പ്രിന്‍സ് തോമസും (44) കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേരാണ് ഇതിലുണ്ടായിരുന്നത്.
പ്രിന്‍സും മക്കളായ അതുല്‍ (14), അല്‍ക്ക (അഞ്ച്) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ സൂസന്‍ വര്‍ഗീസും മറ്റൊരു മകള്‍ ഐശ്വര്യയും ചികിത്സയിലാണ്.

ദേശീയപാതയുടെ വികസന പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഏറ്റവും കൂടുതല്‍ അപകടം നടന്ന സ്ഥലമാണ് വലിയകുളങ്ങര. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതും പ്രദേശത്ത് മതിയായ അപകട സൂചന ബോര്‍ഡുകളും റിഫ്‌ലക്ടര്‍ ബോര്‍ഡുകളും ഇല്ലാത്തതും റോഡില്‍ വെളിച്ചമില്ലാത്തതും കാരണം അപകടം വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഒരു മാസം മുന്‍പ് ഇവിടെ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയും ഓട്ടോറിക്ഷയില്‍ ബസിടിച്ചും അപകടമുണ്ടായിട്ടുണ്ട്.

 

Back to top button
error: