ഓണം തൂക്കി ബെവ്കോ; റെക്കോര്‍ഡ് വില്‍പന, 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടിയുടെ മദ്യം; ഈ മാസം മൂന്ന് അവധി

തിരുവനന്തപുരം: ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന. പത്ത് ദിവസം കൊണ്ട് 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടിയുടെ വര്‍ധനയാണ് മദ്യവില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.
ഉത്രാടദിനത്തില്‍ മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത് 1.46 കോടി രൂപയുടെ മദ്യം കരുനാഗപ്പള്ളി ഔട്ട്ലെറ്റില്‍ നിന്നു മാത്രം വിറ്റു.
ആറ് ഔട്ട്ലെറ്റുകള്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു. സൂപ്പര്‍ പ്രീമിയം ഷോപ്പുകളിലും റെക്കോര്‍ഡ് വില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 മടങ്ങ് വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഓണം സീസണില്‍ 776.82 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഉത്രാടംവരെയുള്ള ഒമ്പതു ദിവസം 701 കോടിയോളം രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. എക്സൈസ് വകുപ്പിന് കീഴിലുള്ള ബെവ്കോയ്ക്ക് സംസ്ഥാനത്ത് 278 ഔട്ട്ലെറ്റുകളും 155 സെല്‍ഫ് സര്‍വീസ് ഔട്ട്ലെറ്റുകളുമാണ് ഉള്ളത്. തിരുവോണത്തിന് പുറമെ ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് സെപ്റ്റംബര്‍ ഏഴിനും ശ്രീനാരായണ ഗുരു സമാധി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 21-നും ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരിക്കും.
ഇത്തവണ ഓണം പ്രമാണിച്ച് ബെവ്കോ ജീവനക്കാര്‍ക്ക് ലഭിച്ച ബോണസ് തുകയും ശ്രദ്ധേയമായിരുന്നു. 102,500 രൂപ റെക്കോഡ് ബോണസാണ് ഇത്തവണ ബെവ്കോ ജീവനക്കാര്‍ക്ക് ലഭിച്ചത്. കടകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ആയി നല്‍കും. കഴിഞ്ഞ വര്‍ഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയര്‍ ഹൗസുകളിലേയും സുരക്ഷാ ജീവനക്കാര്‍ക്ക് 12500 രൂപ ബോണസ് ആയി ലഭിക്കും. കഴിഞ്ഞവര്‍ഷം 95,000 രൂപയായിരുന്നു ബോണസ്. അതിന് മുമ്പത്തെ വര്‍ഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് ലഭിച്ചത്.






