ലോക്‌സഭയിലേക്ക് ജയിക്കാനായി മാത്രം തൃശൂരിലേക്ക് വോട്ട് മാറ്റി, തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത്; സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ്

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തും വോട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ടുള്ളത്. ശാസ്തമംഗലത്തെ 41 ആം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു.
സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പതിറ്റാണ്ടുകളായി തിരുവനന്തപുരത്താണ് താമസിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി, തൃശൂരിലാണ് സ്ഥിരതാമസമെന്ന അസത്യപ്രസ്താവന നല്‍കി വോട്ടു ചേര്‍ക്കുകയായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞതായും അനില്‍ അക്കര പറഞ്ഞു.
നേരത്തെ സുരേഷ് ഗോപിയുടെ വോട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നേരത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ്, തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതിയ വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ ശാസ്തമംഗലത്താണ് സുരേഷ്‌ഗോപിക്കും കുടുംബത്തിനും സഹോദരങ്ങള്‍ക്കും വോട്ടുള്ളതെന്ന് കോണ്‍ഗ്രസ് പറയുന്നു.






