സര്‍ക്കാര്‍ ആശുപത്രി ഐസിയുവില്‍ നവജാതശിശുക്കളെ എലി കടിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് നവജാതശിശുക്കളെ എലി കടിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് സംഭവം. സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നായ മഹാരാജ യശ്വന്ത്‌റാവു ചികിത്സാലയ (എംവൈഎച്ച്) യിലാണ് സംഭവം. ഇതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.
ആശുപത്രി സൂപ്രണ്ട് ഡോ. അശോക് യാദവ് പിടിഐയോട് സംസാരിച്ചപ്പോള്‍ സംഭവം സ്ഥിരീകരിച്ചു.’കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍, തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഒരു കുഞ്ഞിന്റെ വിരലുകള്‍ എലികള്‍ കടിച്ചു, മറ്റൊരു കുഞ്ഞിന് തലയിലും തോളിലും കടിയേറ്റു,’ അദ്ദേഹം പറഞ്ഞു. അതിനിടെ ഖാര്‍ഗോണ്‍ ജില്ലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞുങ്ങളില്‍ ഒന്നിനെ വൈദ്യസഹായത്തിനായി എംവൈഎച്ച് യിലേക്ക് അയച്ചു. സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിന്, എംവൈഎച്ച് ജീവനക്കാര്‍ക്ക് 24 മണിക്കൂര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രി ജനാലകളില്‍ ശക്തമായ ഇരുമ്പ് വലകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഭക്ഷണാവശിഷ്ടങ്ങള്‍ എലികളെ ആകര്‍ഷിക്കുന്നുണ്ടെന്നും പുറത്തുനിന്നുള്ള ഭക്ഷണം വാര്‍ഡുകളിലേക്ക് കൊണ്ടുവരരുതെന്ന് അറ്റന്‍ഡന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കോണ്‍ഗ്രസ് എംഎല്‍എയും മധ്യപ്രദേശ് പ്രതിപക്ഷ നേതാവുമായ ഉമാങ് സിംഗര്‍ ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയില്‍ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിന്റെ (എന്‍ഐസിയു) വീഡിയോ പങ്കുവെക്കുകയും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ വിമര്‍ശിക്കുകയും ചെയ്തു.എന്‍ഐസിയുവില്‍ ചുറ്റിത്തിരിയുന്ന ഒരു എലി, ഒരു കിടക്കയില്‍ നിന്ന് മറ്റൊന്നിലേക്ക് ഇഴഞ്ഞു നീങ്ങുന്നതും വയറുകളിലൂടെയും മറ്റ് ഉപകരണങ്ങളിലൂടെയും ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തെ വംശഹത്യയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സര്‍ക്കാര്‍ കുറ്റകരമായ പരാജയമാണെന്ന് സിംഗര്‍ ആരോപിച്ചു. ഇത് ബിജെപിയുടെ ആരോഗ്യകരമായ മധ്യപ്രദേശ് എന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സമാനമായ ആശങ്കകള്‍ പ്രകടിപ്പിച്ചുകൊണ്ട്, സംസ്ഥാന കോണ്‍ഗ്രസ് വക്താവ് നീലഭ് ശുക്ലയും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ‘ രണ്ട് നവജാത ശിശുക്കളെ എലികള്‍ കടിച്ചുകീറിയ സംഭവം വെറും ഭരണപരമായ അനാസ്ഥയല്ല, മറിച്ച് മനുഷ്യ സംവേദനക്ഷമതയെ പിടിച്ചുലയ്ക്കുന്ന ഒരു ഭയാനകമായ സംഭവമാണ്,’ ശുക്ല പറഞ്ഞു.






