സൈനിക മേധാവിയുടെ നിര്‍ദേശം വീണ്ടും തള്ളി; ഗാസയില്‍ ആക്രമണം കടുപ്പിക്കാന്‍ റിസര്‍വ് സൈന്യത്തെ വിളിച്ചുവരുത്തി ഇസ്രയേല്‍; 40,000 പേര് ക്യാമ്പിലേക്ക്; പലര്‍ക്കും അതൃപ്തി; മന്ത്രിസഭയില്‍ രൂക്ഷമായ വാക്കേറ്റമെന്നും റിപ്പോര്‍ട്ട്
ഞായറാഴ്ച ചേര്‍ന്ന കാബിനറ്റ് മീറ്റിംഗില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യമുന്നയിച്ച ആര്‍മി ചീഫ് ഇയാല്‍ സമീറിന്റെ വാക്കുകള്‍ മന്ത്രിസഭയില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ജെറുസലേം/കെയ്റോ: ഗാസ സിറ്റിയില്‍ രൂക്ഷമായ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഇസ്രയേലി സൈന്യത്തിലേക്ക് റിസര്‍വ്ഡ് സൈനികര്‍ തിരിച്ചെത്തി തുടങ്ങി. ഗാസ പദ്ധതിയുമായി ബന്ധപ്പെട്ട് സൈനിക മേധാവികളും നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുമായി അഭിപ്രായ വ്യത്യാസം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ്ഡ് സൈനികരെ തിരിച്ചുവിളിച്ചത്. നടപടികള്‍ക്കു വേഗം കൂട്ടുകയെന്നതാണ് നെതന്യാഹുവിന്റെ നീക്കത്തിനു പിന്നില്‍. പലസ്തീന് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവുമൊടുവിലെ കണക്കുകള്‍ അനുസരിച്ച് ചൊവ്വാഴ്ച മാത്രം നൂറുപേര് കൊല്ലപ്പെട്ടു. ഇതില്‍ 35 പേര് ഗാസ സിറ്റിയിലുള്ളവരാണ്.
ഇസ്രയേലി റേഡിയോയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 40,000 റിസര്‍വ് സൈനികര്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണു പറയുന്നത്. രണ്ടുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നെതന്യാഹു ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയത്. നിലവില്‍ ഗാസയുടെ 75 ശതമാനം നിയന്ത്രണവും ഇസ്രയേലിന്റെ കൈകളിലാണ്.
ഞായറാഴ്ച ചേര്‍ന്ന കാബിനറ്റ് മീറ്റിംഗില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യമുന്നയിച്ച ആര്‍മി ചീഫ് ഇയാല്‍ സമീറിന്റെ വാക്കുകള്‍ മന്ത്രിസഭയില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മന്ത്രിമാരും നെതന്യാഹുവും തമ്മില്‍ ചൂടേറിയ വാക്കേറ്റവുമുണ്ടായി. നാലു മന്ത്രിമാരും രണ്ട് മിലിട്ടറി ഉദ്യോഗസ്ഥരും മീറ്റിംഗില്‍ പങ്കെടുത്തു. ബന്ദികളുടെ ജീവനെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഇയാല്‍ സമീര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്.
സമീറിന്റെ വാക്കുകള്‍ നേരത്തെയും മന്ത്രിസഭയില്‍ വന്‍ വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു. ഓഗസ്റ്റ് 20നു ചേര്‍ന്ന യോഗത്തിലാണ് ഗാസ പിടിച്ചെടുക്കുന്നതിലെ അപകടം സമീര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. നടപടിക്കു വേഗം കൂട്ടാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ മറ്റു സൈനിക വിഭാഗങ്ങളും ആശങ്ക അറിയിച്ചിരുന്നു. അടുത്ത രണ്ടു മാസത്തേക്ക് ഒരു നീക്കവും വേണ്ടെന്ന നിലപാടിലായിരുന്നു സൈന്യം.
ഗാസയിലെ ജനങ്ങള്‍ക്കു കൂടുതല്‍ സഹായം എത്തിക്കാനുള്ള സമയമാണ് സൈന്യം ആവശ്യപ്പെട്ടത്. പട്ടിണിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, റിസര്‍വ് സേനയും മന്ത്രിസഭയുടെ നീക്കത്തല്‍ അതൃപ്തരാണെന്നാണു വിവരം. സര്‍ക്കാര്‍ കുറച്ചുകൂടി മെച്ചപ്പെട്ട നയതന്ത്രം ഉപയോഗിക്കണമെന്നും ഗാസയെക്കുറിച്ചുള്ള ദീര്‍ഘദൃഷ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം.
എന്നാല്‍, ജയത്തില്‍ കുറഞ്ഞ് ഒന്നും വേണ്ടെന്നും ഇതിനായി ഏതറ്റംവരെയും പോകണമെന്നുമുള്ള അഭിപ്രായമാണ് മന്ത്രിസഭയ്ക്കുള്ളത്. ഇതേ അഭിപ്രായം തന്നെയാണ് പിന്നീടു സമീറും റിസര്‍വ് സൈന്യത്തിന്റെ ക്യാമ്പില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. ‘നാം ആക്രമണത്തിന്റെ തോത് കൂട്ടാന്‍ പോകുകയാണ്. അതിനുവേണ്ടിയാണ് നിങ്ങളെ വിളിച്ചുവരുത്തിയത്. ഗാസയില്‍ ഗ്രൗണ്ട് ഓപ്പറേഷനാണു ലക്ഷ്യം. ഒരു പിഴവും വരുത്താതിരിക്കുക. ഇതിനുമുമ്പ് പ്രവേശിക്കാത്ത എല്ലായിടത്തും ഇപ്പോള്‍തന്നെ നാം എത്തിയിട്ടു’ണ്ടെന്നും സമീര്‍ പ്രസംഗത്തില്‍ പറഞ്ഞു.
സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ കിഴക്കന്‍ മേഖലകളിലേക്ക് അയച്ചതിനുശേഷം വിദൂര നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ചു പൊട്ടിത്തെറിപ്പിക്കുകയാണു ചെയ്യുന്നതെന്നു ഷെയ്ഖ് റഡ്വാനിലെ നാട്ടുകാര്‍ പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ന്നു. കുടുംബങ്ങള്‍ പരക്കംപാച്ചിലിലാണിപ്പോഴെന്നും ഇവര്‍ പറഞ്ഞു.
ഗാസയില്‍ അറബിയില്‍ എഴുതിയ കുറിപ്പുകള്‍ വിതരണം ചെയ്തശേഷം തെക്കന്‍ മേഖലകളിലേക്കു പോകണമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നും ഇവിടെ തുടര്‍ന്നാല്‍ മരണം മാത്രമാകും ബാക്കിയെന്നും റഡ്വാനിലെ പ്രദേശവാസകള്‍ ആവര്‍ത്തിച്ചു.
തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്ന ഹമാസുമായിട്ടു മാത്രമാണു യുദ്ധമെന്നും നേരത്തേ ആക്രമണത്തിന് ഉപയോഗിച്ച സ്ഥലങ്ങളില്‍ മാത്രമാണു സ്ഫോടനം നടത്തുന്നതെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു. ഗാസയില്‍ പട്ടിണിയില്ല. ഹമാസ് പറയുന്നതുപോലെയല്ല കാരണങ്ങളെന്നും ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്നാണ് മൂന്നു കുട്ടികള്‍ മരിച്ചതെന്നും ഇസ്രയേല്‍ പറയുന്നു.
2023 ഒക്ടോബര്‍ ഏഴിന് അതിര്‍ത്തി കടന്നെത്തിയ ഹമാസ് തീവ്രവാദികള്‍ 1200 ഇസ്രയേലികളെ വധിച്ചതോടെയാണ് ഐഡിഎഫ് സൈനിക നടപടികള്‍ തുടങ്ങിയത്. 251 പേരെ ബന്ദികളാക്കി പിടിച്ചു. ഇതില്‍ കുട്ടികളടക്കം ഉള്‍പ്പെട്ടിരുന്നു. ഇതിനു മറുപടിയായി ഇസ്രയേല്‍ ആരംഭിച്ച സൈനിക നീക്കത്തില്‍ ഇതുവരെ 62,000 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നിലവില്‍ 48 ബന്ദികളാണ് ഹമാസിന്റെ കൈയിലുള്ളത്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടാകുമെന്നാണു കരുതുന്നത്.






