Breaking NewsKeralaLead NewsNEWS

തുടരുന്ന തലവേദന! മാസങ്ങളുടെ അധ്വാനം വെള്ളത്തിലായി; വിളവെടുത്ത വെളുത്തുള്ളി കാട്ടാനക്കൂട്ടം നശിപ്പിച്ചു

ഇടുക്കി: നാലരമാസത്തെ കാവലിനും പരിചരണത്തിനുംശേഷം വിളവെടുത്ത് ഒരുക്കിവച്ച കാന്തല്ലൂര്‍ വെളുത്തുള്ളി കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ മൂന്നുമണിക്കൂറോളം തടഞ്ഞുവെച്ചു. കാന്തല്ലൂര്‍ ആടിവയലില്‍ എം. മനോഹരന്റെ വെളുത്തുള്ളിയാണ് ഞായറാഴ്ച രാത്രിയില്‍ കാട്ടാനകള്‍ ചവിട്ടിയരച്ച് വ്യാപക നാശനഷ്ടം വരുത്തിയത്. വില്‍പ്പനക്കായി വിളവെടുത്ത വെളുത്തുള്ളിപ്പാടത്തിന് സമീപത്തായി ടാര്‍പ്പോളിനടിയില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്നു.

രാത്രിയോടുകൂടി കൃഷിയിടത്തിലിറങ്ങിയ കാട്ടാനകള്‍, സൂക്ഷിച്ചുവെച്ചിരുന്ന വെളുത്തുള്ളികള്‍ വലിച്ച് ചിതറിച്ചിട്ട് ചവിട്ടി മെതിച്ചു. പൂര്‍ണമായും ചതഞ്ഞ വെളുത്തുള്ളികള്‍ ഉപയോഗശൂന്യമായി. ഇതുകൂടാതെ സമീപത്തുള്ള കാന്തല്ലൂര്‍ സ്വദേശി ചന്ദ്രശേഖരന്റെയും ഉരുളക്കിഴങ്ങ് കൃഷിയും നശിപ്പിച്ചു. കര്‍ഷകരുടെ നാലുമാസം നീണ്ട അധ്വാനഫലമാണ് കാട്ടാനകള്‍ ഒറ്റരാത്രികൊണ്ട് ചതച്ചരച്ചത്.

Signature-ad

പ്രദേശം സന്ദര്‍ശിക്കാനെത്തിയ കാന്തല്ലൂര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മുത്തുകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരെ, പോംവഴിയുണ്ടാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ തടഞ്ഞുവെച്ചത്. മുമ്പും കാര്‍ഷിക വിളകള്‍ കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചപ്പോള്‍ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ജനവാസമേഖലയില്‍ എത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്താനായി വനംവകുപ്പ് ആര്‍ആര്‍ടി ടീമിനെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

 

Back to top button
error: