Breaking NewsCrimeLead NewsNEWS

അനാഥമായി കാര്‍, ക്ഷേത്രത്തിലും അസ്വാഭാവികമായ പെരുമാറ്റം; പൊന്തക്കാട്ടില്‍ മരിച്ചത് വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫര്‍; കോര്‍പറേറ്റ് ജീവിതത്തോട് വിടപറഞ്ഞ് സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന വസുധ

മംഗളൂരു: കൊല്ലൂര്‍ മൂകാംബയിലെ സൗപര്‍ണികാ നദിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറെ. ബെംഗളൂരു ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വസുധ ചക്രവര്‍ത്തിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. 45 വയസായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വസുധയെ സൗപര്‍ണികാ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 27നായിരുന്നു വസുധ ബെംഗളൂരുവില്‍ നിന്ന് കൊല്ലൂര്‍ എത്തിയത്. കാറില്‍ യാത്ര ചെയ്ത് എത്തിയ ഇവര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു. ക്ഷേത്രത്തിലും അസ്വാഭാവികമായി പെരുമാറിയിരുന്നതിനാല്‍ ഇവരെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. പിന്നാലെ യുവതി ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് ഓടി പോയി. ഇതിനിടെ വസുധയെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ അമ്മ വിമലയും പിറ്റേദിവസം തന്നെ കൊല്ലൂരില്‍ എത്തിയിരുന്നു. തുടര്‍ന്ന് വസുധയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും മകളെക്കുറിച്ച് വിവരം ലഭിച്ചില്ല. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Signature-ad

പൊലീസിന്റെ അന്വേഷണത്തില്‍ യുവതി പുഴയിലേക്ക് ചാടുന്നതായി കണ്ടു എന്ന് ചിലര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച്ച മുതല്‍ പൊലീസും അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. അന്വേഷണത്തിനൊടുവില്‍ യുവതി ചാടിയെന്ന് പറഞ്ഞ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അബദ്ധത്തില്‍ വെള്ളത്തില്‍ വീഴാനുള്ള സാധ്യതയാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ആത്മഹത്യയ്ക്കുള്ള സാഹചര്യമില്ലെന്നും പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

കോര്‍പറേറ്റ് ജീവിതം അവസാനിപ്പിച്ചാണ് വസുധ ഫോട്ടോഗ്രഫി രംഗത്തേയ്ക്ക് എത്തുന്നത്. കാടുകളും നദികളും അവിടങ്ങളിലെ ആവാസവ്യവസ്ഥകളുമായിരുന്നു വസുധയുടെ ക്യാമറയില്‍ അധികവും പതിഞ്ഞത്. വനത്തിനുള്ളിലെ വസുധയുടെ ഏകാന്തവാസം ഏറെ ശ്രദ്ധനേടിയിരുന്നതാണ്. വന്യജീവിതത്തിന്റെ സൗന്ദര്യം ഒപ്പുക മാത്രമായിരുന്നില്ല, അതിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു വസുധ നടത്തിയിരുന്നത്. അടുത്തകാലത്ത് നദീതടങ്ങളിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനായി വസുധ ശ്രമം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അവര്‍ കൊല്ലൂര്‍ എത്തിയത്. കിക്ക് ബോക്സിംഗിലും കരാട്ടെയിലും വസുധ പ്രാവീണ്യം തെളിയിച്ചിരുന്നു.

 

 

Back to top button
error: