‘ബ്രാഹ്മണര്‍’ ഇന്ത്യക്കാരെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നെന്ന് ട്രംപിന്റെ ഉപദേശി; വിമര്‍ശനം, ഉദ്ദേശിച്ചത് വരേണ്യ വര്‍ഗത്തെയെന്ന് വിശദീകരണം

വാഷിങ്ടന്‍ ബ്രാഹ്മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുകയാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോയുടെ പരാമര്‍ശത്തില്‍ സമ്മിശ്ര പ്രതികരണങ്ങള്‍. വാര്‍ധക്യ കാലത്ത് സംഭവിക്കുന്ന തകര്‍ച്ചയാണ് നവാരോയ്ക്ക് സംഭവിച്ചിരിക്കുന്നതെന്നും ജാതി പറയുന്ന നടപടി ലജ്ജാകരമാണെന്നുമാണ് പ്രതികരണങ്ങള്‍.
റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ തീരുവ വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിക്ക് പിന്നാലെയാണ് ഇന്ത്യക്കെതിരെ വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ രംഗത്തെത്തിയത്. ബ്രാഹ്മണര്‍ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ലാഭം കൊയ്യുകയാണെന്നും അത് നിര്‍ത്തണമെന്നുമായിരുന്നു നവാരോ പറഞ്ഞത്. മോദി മികച്ച നേതാവാണെന്നും നവാരോ ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദിയാണ് നവാരോയുടെ പരാമര്‍ശത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. ‘വാര്‍ദ്ധക്യത്തിന്റെ ഉന്നതിയിലെത്തുമ്പോള്‍ സംഭവിച്ച തകര്‍ച്ച’ എന്നാണ് പ്രിയങ്ക നവാരോയുെട പ്രസ്താവനയെ വിശേഷിപ്പിച്ചത്. തന്റെ വാദം ഉന്നയിക്കാന്‍ ഇന്ത്യയിലെ ഒരു പ്രത്യേക ജാതി സ്വത്വത്തെ ആക്ഷേപിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക വിമര്‍ശിച്ചു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാഗരിക ഘോഷ് നവാരോയുടെ പ്രസ്താവനയെ ന്യായീകരിച്ച് രംഗത്തെത്തി. ‘ബോസ്റ്റണ്‍ ബ്രാഹ്മണന്’ എന്നത് ഒരുകാലത്ത് യുഎസിലെ ന്യൂ ഇംഗ്ലണ്ടിലുണ്ടായിരുന്ന സമ്പന്നരായ വരേണ്യവര്‍ഗത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്ന പദമായിരുന്നുവെന്നും ‘ബ്രാഹ്മണന്’ എന്നതു കൊണ്ട് വരേണ്യവര്ഗത്തെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നുമാണ് സാഗരിക എക്സില്‍ കുറിച്ചത്.






