Breaking NewsKeralaLead NewsNEWS

മിടുമിടുക്കി, തിരഞ്ഞെടുപ്പില്‍ മികച്ച വിജയം; പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ പോസ്റ്ററൊട്ടിച്ചു നാറ്റിച്ചു; നോവായി വനിതാ പഞ്ചായത്ത് അംഗത്തിന്റെ മരണം

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിപിഎം പ്രതിഷേധയോഗം നടത്തുകയും അപകീര്‍ത്തി പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തതിനു പിന്നാലെ ജീവനൊടുക്കിയ ആര്യനാട്ടെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം കോട്ടയ്ക്കകം പേഴുംകട്ടയ്ക്കാല്‍ വീട്ടില്‍ എസ്.ശ്രീജ (48) കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചത് മികച്ച ഭൂരിപക്ഷത്തോടെ. കോട്ടയ്ക്കകം വാര്‍ഡില്‍ മുന്‍ വൈസ് പ്രസിഡന്റ് ഒ.ശൈലജയെ (എല്‍ഡിഎഫ്) 392 വോട്ടിനു പരാജയപ്പെടുത്തി. ശ്രീജയ്ക്ക് 638 വോട്ട് ലഭിച്ചപ്പോള്‍ ശൈലജയ്ക്ക് കിട്ടിയത് 246 വോട്ട് .

20 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്ന ശ്രീജ സിപിഎം അധിക്ഷേപത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നു ബന്ധുക്കളും കോണ്‍ഗ്രസും ആരോപിച്ചു. എല്‍ഡിഎഫ് ഭരിക്കുന്ന ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് അംഗമാണ്. പലരില്‍നിന്നു കടം വാങ്ങിയ തുക ശ്രീജ തിരികെനല്‍കിയില്ലെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭര്‍ത്താവ് ജയകുമാര്‍ രംഗത്തെത്തിയിരുന്നു. സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ശ്രീജയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതാണു മരണത്തിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീജയ്ക്ക് 20 ലക്ഷത്തോളം രൂപ കടമുണ്ടെന്നും വായ്പയെടുത്ത് ഈ മാസം അതു കൊടുത്തു തീര്‍ക്കാനിരിക്കുകയായിരുന്നു എന്നും ജയകുമാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹന്‍ അടക്കമുള്ളവരാണ് ശ്രീജയെ ആക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ശ്രീജയ്‌ക്കെതിരെ തിങ്കളാഴ്ച വൈകിട്ട് പാലം ജംക്ഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച യോഗം സിപിഎം വിതുര ഏരിയ സെക്രട്ടറി പി.എസ്.മധുവാണ് ഉദ്ഘാടനം ചെയ്തത്. നാട്ടുകാരെ പറ്റിച്ച് വന്‍ സാമ്പത്തികത്തട്ടിപ്പു നടത്തിയ ശ്രീജയുടെയും കൂട്ടുനില്‍ക്കുന്ന കുറുവ മുന്നണിയുടെയും തീവെട്ടിക്കൊള്ള അന്വേഷിക്കുക എന്ന ആഹ്വാനത്തോടെയായിരുന്നു യോഗം. കോട്ടയ്ക്കകം മെംബറെ കാണാനില്ല, കോട്ടയ്ക്കകത്ത് കുറുവ സംഘം എന്നിങ്ങനെയെഴുതിയ പോസ്റ്ററുകളും വ്യാപകമായി പതിച്ചിരുന്നു.

അതേസമയം, ശ്രീജയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹന്‍ പൊലീസില്‍ പരാതി നല്‍കി. ശ്രീജയ്‌ക്കെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ച് പഞ്ചായത്തിലും പൊലീസിലും വനിതാ കമ്മിഷനിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ശ്രീജയുടെ സാമ്പത്തിക ഇടപാടുകളിലും മരണത്തിലുമുള്ള അവ്യക്തത നീക്കണം. മരണത്തില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്നു പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

 

 

Back to top button
error: