Breaking NewsKeralaLead NewsNEWS

പ്രതിഷേധമുയര്‍ത്തി ബി.ജെപി; ആഗോള അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിന്‍ എത്തില്ല, പകരം പ്രതിനിധികളെ അയക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എത്തില്ല. പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തിലേക്ക് എത്തുമെന്നാണ് വിവരം. അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി സ്റ്റാലിനെയായിരുന്നു സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്.

ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ചെന്നൈയില്‍ നേരിട്ടെത്തി സ്റ്റാലിനെ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് മറ്റു പരിപാടികളുണ്ടെന്നും തിരക്കിലാണെന്നും സ്റ്റാലിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചതായാണ് വിവരം. പ്രതിനിധികളായി തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

അതേസമയം, അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ചത് വലിയ വിമര്‍ശനത്തിനിടവെച്ചിരുന്നു. സ്റ്റാലിന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അയ്യപ്പഭക്തരുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇത് തടയുമെന്നും സ്റ്റാലിനും പിണറായി വിജയനും വര്‍ഷങ്ങളായി ശബരിമലയെയും അയ്യപ്പഭക്തരെയും ഹൈന്ദവ വിശ്വാസത്തെയും തകര്‍ക്കാനും അപമാനിക്കാനും നിരവധി നടപടികള്‍ ചെയ്തവരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു.

പിണറായി വിജയന്‍ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ചു, അവര്‍ക്കെതിരേ കേസെടുത്തു. പോലീസ് അതിക്രമം അഴിച്ചുവിട്ടു. ശബരിമലയുടെ ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം ചെയ്തു. സ്റ്റാലിനും അദ്ദേഹത്തിന്റെ മകനും ഹിന്ദുക്കളെ ആവര്‍ത്തിച്ച് അപമാനിക്കുകയും ഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറഞ്ഞവരുമാണ്. ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. ഇത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സെപ്റ്റംബര്‍ ഇരുപതാം തീയതി പമ്പാതീരത്താണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

 

Back to top button
error: