Breaking NewsIndiaLead NewsNEWS

രാജി ആരോഗ്യകാരണങ്ങള്‍കൊണ്ട്; ധന്‍കര്‍ വീട്ടുതടങ്കലിലെന്ന ആരോപണംതള്ളി അമിത് ഷാ

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത് ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണെന്നും അല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ധന്‍കര്‍ വീട്ടുതടങ്കലില്‍ ആണെന്ന പ്രതിപക്ഷ ആരോപണവും അമിത് ഷാ തള്ളി. ഭരണഘടനാനുസൃതമായി മികച്ച പ്രകടനമാണ് ധന്‍കര്‍ കാഴ്ചവെച്ചതെന്നും അമിത് ഷാ, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു.

ധന്‍കറിന്റെ രാജിക്കത്ത് തന്നെ വ്യക്തമാണെന്നും അമിത് ഷാ പറഞ്ഞു. രാജിവെക്കുന്നതിന് ആരോഗ്യകാരണങ്ങളാണ് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. തനിക്ക് നല്ല പ്രവര്‍ത്തനകാലയളവ് ലഭ്യമാക്കിയതിന് പ്രധാനമന്ത്രിയോടും മറ്റു മന്ത്രിമാരോടും സര്‍ക്കാര്‍ അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചിട്ടുണ്ട്, അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ധന്‍കര്‍ വീട്ടുതടങ്കലിലാണെന്ന ചില പ്രതിപക്ഷ നേതാക്കന്മാരുടെ ആരോപണത്തോടും ഷാ പ്രതികരിച്ചു. സത്യത്തിന്റെയും നുണയുടെയും വ്യാഖ്യാനം പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെ മാത്രം ആശ്രയിച്ചാകരുതെന്ന് ഷാ പറഞ്ഞു. മുന്‍ ഉപരാഷ്ട്രപതിയുടെ രാജിയെച്ചൊല്ലി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

ജൂലൈ മാസം 21-ാം തീയതിയാണ് ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജിവെച്ചതെങ്കിലും പ്രതിപക്ഷം പലവിധ ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ധന്‍കറിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതാം തീയതി നടക്കും. സി.പി. രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥി. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യാമുന്നണിയുടെ സ്ഥാനാര്‍ഥി.

Back to top button
error: