Breaking NewsKeralaLead NewsNEWS

വേടന്‍ പാഠമാണ്! റാപ്പര്‍ വേടനെക്കുറിച്ച് പഠിപ്പിക്കാന്‍ കേരള സര്‍വകലാശാലയും; പീഡന പരാതിയില്‍ ഒളിച്ചുകളി തുടരുന്നു

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ സംഗീതത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനൊരുങ്ങി കേരള സര്‍വകലാശാല. നാല് വര്‍ഷ ഇംഗ്ലീഷ് ബിരുദ കോഴ്സില്‍ മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം ഉള്‍പ്പെടുത്തിയിട്ടുളളത്. വേടന്റെ സംഗീതം സാമൂഹിക നീതിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് പാഠഭാഗത്തില്‍ പറയുന്നത്. നാല് വര്‍ഷ ബിരുദ കോഴ്സില്‍ ഇംഗ്ലിഷ് ഡിപ്പാര്‍ട്മെന്റുകള്‍ പഠിപ്പിക്കേണ്ട മള്‍ട്ടി ഡിസിപ്ലിനറി കോഴ്സായ ‘കേരള സ്റ്റഡീസ് ആര്‍ട്ട് ആന്റ് കള്‍ചര്‍’ എന്ന സിലബസിലാണ് വേടനെക്കുറിച്ച് പ്രതിപാദിക്കുന്നത്.

ഡികോഡിംഗ് ദ് റൈസ് ഒഫ് മലയാളം റാപ്: എ ഡീപ് ഡൈവ് എന്ന ലേഖനമാണ് പഠിക്കേണ്ടത്. ഇതില്‍ രണ്ടാമത്തെ മോഡ്യൂളില്‍ ദി കീ ആര്‍ട്ടിസ്റ്റ് ഇന്‍ മലയാളം റാപ്പ് എന്ന ഉപതലക്കെട്ടില്‍ ഒരു ഖണ്ഡിക വേടനെക്കുറിച്ചാണ്. വേറിട്ട സംഗീതത്തിലൂടെ മലയാള റാപ്പ് രംഗത്ത് ശാക്തീകരണത്തിന്റെ പ്രതീകമായി വേടന്‍ മാറിയിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

Signature-ad

നാല് വര്‍ഷ ഡിഗ്രി കോഴ്സ് പഠിക്കുന്നവര്‍ക്ക്, മൂന്നാം സെമസ്റ്ററില്‍ തിരഞ്ഞെടുക്കാവുന്ന പേപ്പറാണ് കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ചര്‍. കാലിക്കറ്റ് സര്‍വകലാശാല വേടന്റെ വരികള്‍ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം, യുവഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ വേടന്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടിയത്. വേടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചില്‍ അന്ന് വാദം തുടരും.

Back to top button
error: