Breaking NewsCrimeLead NewsNEWS

ഭര്‍ത്താവിനെ കൊന്ന് ഉപ്പുനിറച്ച വീപ്പയ്ക്കുള്ളിലാക്കി; ഭാര്യയും വീട്ടുടമയുടെ മകനായ കാമുകനും പിടിയില്‍

ജയ്പുര്‍: ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊന്ന് മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി ഒളിപ്പിച്ചു. കൊലപാതകവിവരം പുറത്തറിഞ്ഞതോടെ പ്രതികളായ ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ്ചെയ്തു. രാജസ്ഥാനിലെ കിഷന്‍ഘട്ട് ബാസ് ജില്ലയിലാണ് സംഭവം.

ഉത്തര്‍പ്രദേശ് സ്വദേശിയും കിഷന്‍ഘട്ട് ബാസിലെ ഇഷ്ടികക്കളത്തില്‍ ജോലിക്കാരനുമായ ഹന്‍സ്റാം എന്ന സുരാജ്(35) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുനിതയും ഇവരുടെ കാമുകനായ ജിതേന്ദ്രയും ചേര്‍ന്നാണ് ഹന്‍സ്റാമിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ജന്മാഷ്ടമി ദിനമായ ഞായറാഴ്ചയാണ് കൃത്യം നടന്നതെന്നും കൊലപ്പെടുത്തിയശേഷം പ്രതികള്‍ മൃതദേഹം ഉപ്പുനിറച്ച വീപ്പയ്ക്കുള്ളിലാക്കി വീടിന്റെ മുകളില്‍ ഒളിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

Signature-ad

വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതില്‍ അയല്‍ക്കാര്‍ക്ക് തോന്നിയ സംശയവും ദമ്പതിമാരുടെ മക്കള്‍ നല്‍കിയ മൊഴികളുമാണ് അരുംകൊല പുറത്തറിയാന്‍ കാരണമായത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കഴുത്തറത്ത് വീപ്പയ്ക്കുള്ളില്‍ ഒളിപ്പിച്ചനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം അഴുകാനായി വീപ്പയ്ക്കുള്ളില്‍ ഉപ്പും നിറച്ചിരുന്നു. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ഹന്‍സ്റാം മിഥിലേഷ് എന്ന സ്ത്രീയുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടുടമയായ മിഥിലേഷിന്റെ മകനാണ് കേസിലെ രണ്ടാംപ്രതിയായ ജിതേന്ദ്ര. ഒന്നരമാസം മുന്‍പാണ് ഹന്‍സ്റാമും ഭാര്യ സുനിതയും മൂന്നുമക്കളും മിഥിലേഷിന്റെ വാടകവീട്ടില്‍ താമസം ആരംഭിച്ചത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുനിതയും ജിതേന്ദ്രയും അടുപ്പത്തിലാവുകയായിരുന്നു.

ജിതേന്ദ്രയുടെ ഭാര്യ 12 വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇതിനുശേഷം ഒറ്റയ്ക്കായിരുന്നു ഇയാളുടെ ജീവിതം. ഇതിനിടെയാണ് വീട്ടില്‍ വാടകയ്ക്ക് താമസത്തിനെത്തിയ സുനിതയുമായി അടുപ്പത്തിലായത്. ഹന്‍സ്റാമുമായും ഇയാള്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. ആദ്യം ഹന്‍സ്റാമുമായി സുഹൃത്ത്ബന്ധം സ്ഥാപിച്ചശേഷമാണ് ഇയാള്‍ സുനിതയുമായി അടുത്തത്. ഹന്‍സ്റാമും ഭാര്യയും ജിതേന്ദ്രയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും പതിവായി. ഇവര്‍ സ്ഥിരമായി ഒരുമിച്ച് മദ്യപിക്കാറുമുണ്ടായിരുന്നു. ബന്ധം വളര്‍ന്നതോടെ സുനിതയും ജിതേന്ദ്രയും ഒരുമിച്ച് റീല്‍സ് ചിത്രീകരിക്കുന്നതും ചിത്രങ്ങളെടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും പതിവാക്കി. ഇതോടെ ഹന്‍സ്റാം ബന്ധത്തെ വിലക്കി. തുടര്‍ന്നാണ് ഒരുമിച്ച് ജീവിക്കാനായി ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സുനിതയും കാമുകനും തീരുമാനമെടുത്തത്. ഇതിനായി ദിവസങ്ങള്‍ക്ക് മുന്‍പേ പ്രതികള്‍ ആസൂത്രണവും ആരംഭിച്ചു.

അയല്‍ക്കാരെല്ലാം ക്ഷേത്രത്തില്‍ പോകുമെന്നതിനാല്‍ ജന്മാഷ്ടമി ദിവസമാണ് പ്രതികള്‍ കൃത്യം നടത്താനായി തിരഞ്ഞെടുത്തത്. മൃതദേഹം ഒളിപ്പിക്കാനുള്ള വീപ്പ ഒരാഴ്ച മുന്‍പുതന്നെ സുനിത വീട്ടുടമയില്‍നിന്ന് വാങ്ങിയിരുന്നു. വെള്ളംനിറച്ച് വെയ്ക്കാനാണെന്ന് പറഞ്ഞാണ് വീപ്പ കടംവാങ്ങിയിരുന്നത്. തുടര്‍ന്ന് സമീപത്തൊന്നും ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. ഹന്‍സ്റാമിന് മദ്യംനല്‍കിയ ശേഷമാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പിന്നീട് മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി വീടിന് മുകളില്‍ ഒളിപ്പിക്കുകയായിരുന്നു.

Back to top button
error: