Breaking NewsKeralaLead NewsNEWS

പാര്‍ട്ടി കോണ്‍ഗ്രസുണ്ടെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസല്ല! സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക; അബദ്ധം സംഭവിച്ചതെന്ന് സിപിഎം ബ്രാഞ്ച് കമ്മിറ്റി വിശദീകരണം

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകക്ക് പകരം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക. ഏലൂര്‍ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകക്ക് പകരം മധ്യത്തില്‍ ചര്‍ക്കയുള്ള കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടിയാണ് ഇവര്‍ ഉയര്‍ത്തിയത്. സി.പി.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രദേശത്തെ മുതിര്‍ന്ന പൗരനെയാണ് പതാക ഉയര്‍ത്താന്‍ ക്ഷണിച്ചത്. .

ഏതാനും സമയത്തിനകം തെറ്റുമനസ്സിലാക്കി കൊടിമാറ്റിയെങ്കിലും പതാക ഉയര്‍ത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ നാടാകെ പ്രചരിച്ചതിനാല്‍ സംഭവം നാണക്കേടും വിവാദവുമായി. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് വിശദീകരണം. ലോക്കല്‍ കമ്മിറ്റി അംഗവും പാര്‍ട്ടി അംഗങ്ങളുമടക്കം നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും പതാക മാറിയത് തിരിച്ചറിഞ്ഞില്ല.

Signature-ad

വിവാദമായതിനെത്തുടര്‍ന്ന് സി.പി.എം നേതൃത്വം അന്വേഷണം നടത്തിയപ്പോള്‍ അബദ്ധം പറ്റിയതാണെന്നു ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കിയെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ബി. സുലൈമാന്‍ പറഞ്ഞു. ദേശീയപതാക കൂടാതെ എല്ലാ പാര്‍ട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തില്‍ ഉയര്‍ത്താനുള്ള കൊടിയെടുത്തപ്പോള്‍ മാറി എടുത്തതാണെന്നും ലോക്കല്‍ കമ്മിറ്റി അംഗം അഷ്‌റഫ് പറഞ്ഞു.

 

 

Back to top button
error: