സഞ്ജു ടീമിലുണ്ട്, പക്ഷേ ഇല്ല! ഓപ്പണിംഗില്‍ അഗാര്‍ക്കര്‍ സാധ്യത കല്‍പ്പിക്കുന്നത് സഞ്ജുവിനെ; ഗംഭീറിന്റെ പ്ലാന്‍ വന്നാല്‍ പുറത്തുമാകും; അന്തിമ തീരുമാനം ദുബായില്‍ എത്തിയശേഷം; സാധ്യതകള്‍ ഇങ്ങനെ

മുംബൈ: ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ആരാകും ഓപ്പണിംഗിന് എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനും ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനുമായിട്ടാണ് ടീമിന്റെ പ്രഖ്യാപനം. മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്.
ടീമില്‍ ഉള്‍പ്പെട്ട താരങ്ങളെന്നതുപോലെ ടീമിനു പുറത്തായവരും ചര്‍ച്ചയായി. തകര്‍പ്പന്‍ ഫോമിലായിട്ടും ശ്രേയസ് അയ്യര്‍, യശസ്വി ജെയ്സ്വാള്‍, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവരുടെ പേരുകള്‍ ഇല്ലാതെ പോയതാണ് ആരാധകരുടെ പുരികമുയര്‍ത്തുന്നത്. ഇതില്‍ പ്രസിദ്ധ്, വാഷിംഗ്ടണ്‍, ധ്രുവ്, റിയാന്‍ പരാഗ്, യശസ്വി ജയ്സ്വാള്‍ എന്നിവരെ ബാക്കപ്പ് താരങ്ങളായി നിലനിര്‍ത്തി.
ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തില്‍ ഓവര്‍ടൈം പണിയെടുത്ത മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചതു മനസിലാക്കാമെങ്കിലും ശ്രേയസിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. സഞ്ജു ടീമില്‍ ഇടംപിടിച്ചത് ആരാധകര്‍ക്ക് ഒരേ സമയം ആഹ്ളാദവും ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്നതു കണ്ടറിയണം. സമീപകാലത്തൊന്നും ടി20 പ്ലാനുകളുടെ ഭാഗമല്ലാതിരുന്ന യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ ലൈനപ്പിലേക്കു മടങ്ങിയെത്തിയതാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അഗാര്‍ക്കര്‍ സൂചന നല്‍കിയിട്ടുണ്ട്. ഗില്‍-സഞ്ജു കൂട്ടുകെട്ട് മികച്ചതാണെന്നാണ് അഗാര്‍ക്കര്‍ പറയുന്നത്. അതുപോലെതന്നെ അഭിഷേക് ശര്‍മയെയും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു. ദുബായിലെത്തിയശേഷം ക്യാപ്റ്റനും കോച്ചും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതാണ് സഞ്ജു ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്. ഗില്ലിനെ മൂന്നാം നമ്പരിലേക്കു മാറ്റിയാല്‍ സഞ്ജുവിനു തന്നെയാണു സാധ്യത. അതല്ല ഗില്‍ ഓപ്പണിംഗ് ഇറങ്ങിയാല്‍ സഞ്ജുവിനെ മിഡില്‍ ഓര്‍ഡറിലേക്കു മാറ്റേണ്ടിയും വരും.
ഇന്ത്യയിലെ നമ്പര്‍വണ്‍ ടി20 താരമാണ് അഭിഷേക്. ഓപ്പണിംഗില്‍ ഇദ്ദേഹത്തിനുതന്നെ പരിഗണന കിട്ടുമെന്നാണു കരുതുന്നത്. അതുപോലെതന്നെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ഗംഭീറിനുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട താരം തന്നെയാണ് സഞ്ജു. അദ്ദേഹത്തിനു തുടര്‍ച്ചയായി ടീമില്‍ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതും ഈ കാരണത്താലാണ്. എന്നാല്‍ ഗംഭീറിന്റെ ഒരു വീക്ക്നെസ് കാരണം ചിലപ്പോള്‍ സഞ്ജുവിനു പ്ലെയിങ് ഇലവനിലെ സ്ഥാനം തന്നെ മറക്കേണ്ടി വന്നേക്കും.
ഇടം-വലം കൈ ബാറ്റ്സ്മാന്മാരെ പരീക്ഷിക്കുകയെന്നതു ഗംഭീറിന്റെ പതിവാണ്. കളിയിലെ സാഹചര്യങ്ങള്‍പോലും പരിഗണിക്കാതെ അദ്ദേഹം ഈ തീരുമാനമെടുത്തിട്ടുണ്ട്. എല്ലായ്പ്പോഴും ഇടംകൈ-വലംകൈ കോമ്പിനേഷനുണ്ടെങ്കില്‍ അതു വലിയ പ്ലസ് പോയിന്റാണെന്നു ഉറച്ചു വിശ്വസിക്കുന്നയാളാണ് അദ്ദേഹം. ഈ ഇടംകൈ- വലംകൈ കോമ്പിനേഷന്‍ കാരണം ഏറെ പഴികളും ഗംഭീര്‍ നേരിട്ടിരുന്നു. പക്ഷെ തന്റെ ടാക്റ്റിക്സ് മാറ്റാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഏഷ്യാ കപ്പിലും ഇതേ ഗെയിം പ്ലാനുമായിട്ടാവും ഗംഭീര്‍ ടീമിനെയിറക്കുക.
സഞ്ജു സാംസണ് പ്രശ്നമാകാന്‍ സാധ്യതയുള്ളതും ഇതാണ്. ശുഭ്മന്‍ ഗില്ലിനു വൈസ് ക്യാപ്റ്റന്‍സി നല്‍കിയതോടെ അഭിഷേക് ശര്‍മയ്ക്കൊപ്പം അദ്ദേഹം ഓപ്പണിംഗിന് ഇറങ്ങിയാല്‍ കഴിഞ്ഞ മൂന്നു പരമ്പകളിലും ഓപ്പണിങില്‍ വിലസിയ സഞ്ജുവിന്റെ കസേര തെറിക്കും.
ഇന്ത്യന്‍ ഏഷ്യാ കപ്പ് സ്ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, റിങ്കു സിങ്.
ബാക്കപ്പ് താരങ്ങള്‍- പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, യശസ്വി ജയ്സ്വാള്‍.
ഓപ്പണിങല്ലെങ്കില് അദ്ദേഹത്തിനു യോജിച്ച മറ്റൊരു പൊസിഷന്‍ മൂന്നാം നമ്പറാണ്. പക്ഷെ അവിടെയാണ് ‘അപകടം’ കാത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളായി ഈ പൊസിഷനില്‍ കളിചച്ചുകൊണ്ടിരിക്കുന്നത് യുവ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണ്. സൗത്താഫ്രിക്കയുമായി കഴിഞ്ഞ വര്‍ഷമവസാനം നടന്ന പരമ്പരയില്‍ തുടരെ കണ്ടു സെഞ്ച്വറികളടക്കം നേടിയ അദ്ദേഹം ഈ സ്ഥാനം ഭദ്രമാക്കിയിട്ടുണ്ട്. കൂടാതെ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ പുതിയ റാങ്കിങില്‍ തിലക് രണ്ടാംസ്ഥാനത്തുമുണ്ട്.
ഓപ്പണിങില്‍ ഗില്‍- അഭിഷേക് ജോടി ഓപ്പണ്‍ ചെയ്യുന്നതോടെ ഗംഭീറിന്റെ ആഗ്രഹം പോലെ ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ ലഭിക്കും. എന്നാല്‍ തിലകിനെ മാറ്റി സഞ്ജുവിനു ഏഷ്യാ കപ്പില്‍ മൂന്നാം നമ്പര്‍ നല്കിയാല് ടോപ്പ് ഫോറില്‍ വേറെ ഇടംകൈയന്മാരില്ലാതെ വരും. കാരണം നാലാമന് സൂര്യകുമാര്‍ യാദവാണ്.
സഞ്ജു വണ്‍ഡൗണായും സൂര്യ നാലാമതും കളിച്ചാല്‍ അഞ്ചാം നമ്പര്‍ മാത്രാമാണ് പിന്നീട് തിലകിനു ശേഷിക്കുന്നത്. പക്ഷെ ഗംഭീര്‍ അതിനു തയാറാവുമോയെന്നതാണ് ചോദ്യം. ഗില്‍-അഭിഷേക്, തിലക്-സൂര്യ എന്നിങ്ങനെയാണ് ടോപ്പ് ഫോറെങ്കില്‍ ഇടംകൈ- വലംകൈ കോമ്പിനേഷന്‍ കൃത്യമായിരിക്കും. ഗംഭീറിനു താല്‍പ്പര്യവും ഇതായിരിക്കും. അങ്ങനെ വന്നാല്‍ സഞ്ജു ടോപ്പ് ഫോറില്‍ നിന്നും പുറത്താവുകയും അഞ്ച്- ആറ് സ്ഥാനങ്ങളിലൊന്നില്‍ കളിക്കേണ്ടിയും വരും. പക്ഷെ ഈ റോളുകള്‍ അദ്ദേഹത്തിനു അത്ര യോജിച്ചതുമല്ല.
ടോപ് ത്രീയിലാണ് സഞ്ജു എല്ലായ്പ്പോഴും പെര്‍ഫോം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡ് കാരണം കീപ്പറായി ജിതേഷ് ശര്‍മയെ ഗംഭീര്‍ പരിഗണിച്ചേക്കും. അഞ്ചു മുതല്‍ ഏഴു വരെ എവിടെയും ബാറ്റ് ചെയ്യാന്‍ മിടുക്കനാണു ജിതേഷ്.
കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി ഫിനിഷിങില്‍ ജിതേഷ് മിന്നിക്കുകയും ചെയ്തിരുന്നു. ഈ കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ ഏഷ്യാ കപ്പില്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ ചിലപ്പോള്‍ സ്ഥാനവും ലഭിക്കാനിടയില്ല. പകരം ജിതേഷായിരിക്കും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറാകുക. asia-cup-2025-who-will-open-the-batting-ajit-agarkar-clears-the-air






