‘ബാബര്‍ അസം രാജ്യത്തിന്റെ അഭിമാനം; അദ്ദേഹത്തെ അപമാനിക്കരുത്’: പാക് പ്രധാനമന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പരാതി പ്രവാഹം; ഇങ്ങനെയൊരു ടീം പാക് ചരിത്രത്തില്‍ ആദ്യം; ടീമിലുള്ളത് കാറ്റഗറി എയില്‍ ഉള്‍പ്പെട്ട ഒരു താരം മാത്രം; അയവുണ്ടാകില്ലെന്ന സൂചന നല്‍കി കോച്ച്

ലഹോര്‍: ഏഷ്യ കപ്പ് മത്സരത്തില്‍നിന്ന് പാകിസ്താന്‍ സൂപ്പര്‍ താരം ബാബര്‍ അസമിനെ ഒഴിവാക്കിയതിനെിതിരേ ആരാധകരുടെ പ്രതിഷേധം. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇടപെടണമെന്നും ആവശ്യം. തങ്ങളുടെ ഇഷ്ടപ്പെട്ട കളിക്കാരനെ ഒഴിവാക്കിയതിനെതിരേ ആരാധകര്‍ ശക്തമായി പ്രതികരിക്കുന്നത് ശുഭലക്ഷണമാണെന്നാണ് കളി നിരീക്ഷിക്കുന്നവരുടെ വിലയിരുത്തല്‍.
രണ്ടു ദിവസം മുമ്പ് പുറത്തിറക്കിയ ടീമിലാണ് ബാബറിനെയും മുഹമ്മദ് റിസ്വാനെയും ഒഴിവാക്കി ഞെട്ടിച്ചത്. ടീമില്‍ കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന ഒരു താരം മാത്രമാണുള്ളത്. 21 വര്‍ഷത്തെ പാക് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി കളിയില്‍ ഫോം കണ്ടെത്താന്‍ പാടുപെടുകയാണ് ബാബര്‍. 2024ല്‍ ആണ് അവസാനമായി ടി20യില്‍ കളിച്ചത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള മത്സരത്തില്‍ 47, 0, 9 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഈ വര്‍ഷം ടി20 മത്സരങ്ങളില്‍ റിസ്വാനും കളിച്ചിട്ടില്ല. വിന്‍ഡീസുമായുള്ള മത്സരത്തില്‍ 16 ആണ് കൂടിയ സ്‌കോര്‍.
ടീമില്‍നിന്നു പുറത്തായതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു ട്വിറ്ററിലൂടെ പരാതി പ്രവാഹമാണിപ്പോള്‍. ദേശീയ ഹീറോയായ അദ്ദേഹത്തിനെ കാറ്റഗറി ബിയില്‍ കളിപ്പിക്കുന്നത് അനീതിയാണെന്നും അദ്ദേഹം രാജ്യത്തിന്റെ അഭിമാനമാണെന്നും ആരാധകര്‍ പറഞ്ഞു.
അതേസമയം, ട്വന്റി20 മത്സരങ്ങളിലെ മോശം സ്‌ട്രൈക്ക് റേറ്റാണ് ഏഷ്യാ കപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍നിന്ന് സൂപ്പര്‍ താരം ബാബര്‍ അസമിനെ തഴയാന്‍ കാരണമെന്ന് പരിശീലകന്‍ മൈക് ഹെസന്‍ പറഞ്ഞു. ബാബറിനോട് സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താനും സ്പിന്നര്‍മാര്‍ക്കെതിരെയുള്ള ബാറ്റിങ് കുറ്റമറ്റതാക്കാനും ആവശ്യപ്പെട്ടതായി ഹെസന്‍ പറഞ്ഞു.
രാജ്യാന്തര ട്വന്റി20യില്‍ 129 ആണ് ബാബറിന്റെ ബാറ്റിങ് സ്‌ട്രൈക്ക് റേറ്റ്. ഫ്രാഞ്ചൈസി ലീഗ് മത്സരങ്ങള്‍ കളിച്ച് സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയാല്‍ ബാബറിനെ ദേശീയ ടീമിലേക്കു പരിഗണിക്കുമെന്നും കോച്ച് പറഞ്ഞു. ഏഷ്യാ കപ്പിനു മുന്നോടിയായി യുഎഇയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ഈ ടീമിനെ തന്നെയാണ് പാകിസ്ഥാന്‍ ഇറക്കുന്നത്.
ആഘ സല്‍മാനാണ് ടീമിന്റെ ക്യാപ്റ്റന്‍. ഫഖര്‍ സമാന്‍, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഫഹീം അഷ്റഫ്, യുവ താരങ്ങളായ സയം അയൂബ്, ഹസന്‍ നവാസ്, മുഹമ്മദ് ഹാരിസ് അടക്കമുള്ളവരുണ്ട്. യുവ താരങ്ങള്‍ക്ക് വലിയ വേദിയില്‍ അവസരമൊരുക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. pcb-demotes-babar-azam-central-contracts-pakistanis-injustice-national-hero






