Breaking NewsCrimeLead NewsNEWS

ആരാധന തോന്നി ഫോണില്‍ ബന്ധപ്പെട്ടു, ആദ്യകാഴ്ചയില്‍ തന്നെ പീഡനം; വേടനെതിരെയുള്ള പരാതി ഡിജിപിക്ക്

തിരുവനന്തപുരം: റാപ് ഗായകന്‍ വേടന് (ഹിരണ്‍ ദാസ് മുരളി) എതിരെ 2 യുവതികള്‍ നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് മേധാവിക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്നു കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ രണ്ടു യുവതികളുടെ പരാതി എത്തിയത്. 2020ല്‍ നടന്ന സംഭവത്തെപ്പറ്റിയാണ് ഒരു യുവതിയുടെ പരാതി. 2021ല്‍ നടന്ന സംഭവത്തെപ്പറ്റി രണ്ടാമത്തെയും. പരാതിക്കാരില്‍ ഒരാള്‍ ദലിത് സംഗീതത്തില്‍ ഗവേഷണം നടത്തുന്നയാളാണ്.

വേടന്റെ ഇത്തരം പാട്ടുകള്‍ കേട്ടാണ് സമീപിച്ചതും പരിചയത്തിലായതും. പരിചയം സൗഹൃദമാവുകയും പലയിടങ്ങളില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്.

Signature-ad

വേടനോട് ആരാധന തോന്നിയാണ് പരിചയപ്പെട്ടത്. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട ശേഷം ആദ്യമായി കണ്ടപ്പോള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇ മെയിലിലാണ് ഇരുവരും പരാതി നല്‍കിയത്. മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്നും കൂടുതല്‍ തെളിവുകള്‍ കൈമാറാനുണ്ടെന്നും യുവതികള്‍ അറിയിച്ചിട്ടുണ്ട്. ഈ 2 യുവതികളും നേരത്തേ വേടനെതിരെ മീ ടു ആരോപണവും ഉന്നയിച്ചിരുന്നു. തൃക്കാക്കര പൊലീസ് റജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസില്‍ പ്രതിയായ വേടന്‍ ഇപ്പോഴും ഒളിവിലാണ്.

അതിനിടെ, വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി പരാതിക്കാരിയെ കക്ഷി ചേര്‍ത്തു. ഹര്‍ജി ചേര്‍ക്കാനുള്ള അപേക്ഷയെ വേടന്‍ എതിര്‍ത്തില്ല. രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്കു നിര്‍ദേശം നല്‍കിയ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ മാറ്റി.

Back to top button
error: