ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് അവസാനിക്കുന്നില്ല ; രാജ്ഭവനിലെ അറ്റ്ഹോം പരിപാടി ബഹിഷ്ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ; പങ്കെടുത്തത് ബിജെപി നേതാക്കള്‍ മാത്രം

തിരുവനന്തപുരം: സര്‍വകലാശാല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ – രാജ്്ഭവന്‍ ഭിന്നത തുടരുന്നതിനിടയില്‍ രാജ്ഭവനില്‍ ഗവര്‍ണറുടെ അറ്റ് ഹോം പരിപാടി ബഹിഷ്ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പ്രതിപക്ഷ നേതാവും പരിപാടിയില്‍ പങ്കെടുക്കുന്നില്ല. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടുള്ള ചായസല്‍ക്കാരമാണ് സര്‍വകലാശാലാ വിഷയത്തില്‍ തട്ടി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരായി മാറിയത്.
പൗരപ്രമുഖര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി ഗവര്‍ണര്‍ നടത്തുന്ന വിരുന്ന് സല്‍ക്കാരം നടത്തുന്നതിന് രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. സര്‍വകലാശാല വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍-രാജ്ഭവന് ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്കരണം.
നേരത്തേ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ പുതിയ ഗവര്‍ണര്‍ ആര്‍ലേക്കറുമായും സര്‍ക്കാര്‍ പോരിലായിരുന്നു. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച് ഗവര്‍ണര്‍ തുടങ്ങിവെച്ച പോര് സര്‍വകലാശാലകളില്‍ വൈസ്ചാന്‍സലര്‍ നിയമിക്കലില് നിലനില്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പരിപാടികള്‍ ബഹിഷ്കരിക്കുന്ന തരത്തിലേക്ക് മന്ത്രിമാര്‍ കടന്നിരിക്കുകയാണ്.
സര്‍വകലാശാല വിഷയത്തില്‍ മന്ത്രിമാരായി ആര് ബിന്ദുവും പി രാജീവും നേരത്തേ രാജ്ഭവനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. അതിന് പിന്നാലെ ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിര്‍ദേശത്തെ ചൊല്ലി സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് ശക്തമായത്. കഴിഞ്ഞദിവസം എസ്എഫ്ഐ പരിപാടിക്കെതിരേ രംഗത്ത് വന്നിരുന്നു. വരുന്ന ദിവസങ്ങളില്‍ വി.സി. നിയമനത്തില രാജ്ഭവന് കടുത്ത നിലപാട് എടുത്തേക്കും.






