ഹുമയൂണ്‍ കുടീരത്തിന്റെ ഭാഗമായ പത്തേഷാ ദര്‍ഗയുടെ മേല്‍ക്കൂരയിടിഞ്ഞുവീണു ; അഞ്ചു മരണം, മൂന്ന് സ്ത്രീകള്‍ക്ക് ജീവന് നഷ്ടമായി ; അപകടം നടക്കുമ്പോള്‍ ഉള്ളിലുണ്ടായിരുന്നത് പത്തുപേര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഹുമയൂണ്‍ കുടീരത്തിന്റെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ചു മരണം. മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് മരണമടഞ്ഞതെന്നാണ് വിവരം. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നത്. തകര്‍ന്ന് കിടക്കുന്ന അവശിഷ്ടങ്ങളില്‍ ആരെങ്കിലും പെട്ടിട്ടുണ്ടോയെന്ന പരിശോധന നടക്കുകയാണ്.
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ഡല്‍ഹി നിസാമുദ്ദീനില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ പൈതൃക സ്മാരകമായ ഹൂമയൂണ്‍ ടോമ്പ്. ഇതിന്റെ ഭാഗമായ പത്തേഷാ ദര്‍ഗയുടെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. മരണമടഞ്ഞവരില്‍ ഒരു 80 കാരനുമുണ്ട്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ചികിത്സയ്ക്കായി എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി ആളുകള്‍ ദര്‍ഗ സന്ദര്‍ശിക്കുന്നതിന് ഇടയില്‍ മേല്‍ക്കൂര തകര്‍ന്നുവീണതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിസാമുദ്ദീന്‍ ഈസ്റ്റിലെ ഹുമയൂണിന്റെ ശവകുടീരത്തിനടുത്താണ് ദര്‍ഗ ഷെരീഫ് പത്തേഷാ സ്ഥിതി ചെയ്യുന്നത്. അവധിദിനമായതിനാല്‍ അനേകം വിനോദസഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് (ഡിഎഫ്എസ്), ഡല്‍ഹി പോലീസ്, എന്‍ഡിആര്‍എഫ്, ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) എന്നിവയുള്‍പ്പെടെ നിരവധി രക്ഷാ ഏജന്‍സികള്‍ സ്ഥലത്തെത്തി.
ഏകദേശം 25-30 വര്‍ഷം പഴക്കമുള്ളതായി കരുതപ്പെടുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണപ്പോള്‍ ‘ഇമാം’ ഉള്‍പ്പെടെ 15-20 പേര് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ഥലം വളഞ്ഞിരിക്കുകയാണ്.






