Breaking NewsKeralaLead NewsNEWS

കുവൈത്ത് മദ്യദുരന്തത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു; 5 മലയാളികള്‍കൂടി മരിച്ചെന്ന് സൂചന; 2 പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ച 13 പേരില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരന്‍ സച്ചിനാണ് (31) മരിച്ചത്. മറ്റ് 5 മലയാളികള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാര്‍ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത് അധികൃതരോ ഇന്ത്യന്‍ എംബസിയോ ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

വ്യാജമദ്യ നിര്‍മാണകേന്ദ്രം നടത്തിപ്പുകാരായ 2 ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേര്‍ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. ജിലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്‌മദിയ, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്. മദ്യനിരോധനമുള്ള കുവൈത്തില്‍ വ്യാജമദ്യം നിര്‍മിച്ചു വിതരണം ചെയ്തവരുടെ വിവരങ്ങള്‍ അധികൃതര്‍ ശേഖരിക്കുന്നുണ്ട്.

Signature-ad

ഒരേ സ്ഥലത്തു നിന്ന് മദ്യം സംഘടിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി കഴിച്ചവര്‍ കഴിഞ്ഞ ഞായറാഴ്ച മുതലാണ് ചികിത്സ തേടി ആശുപത്രികളില്‍ എത്തിത്തുടങ്ങിയത്. ലേബര്‍ ക്യാംപുകള്‍ അധികമുള്ള ഇടങ്ങളിലായിരുന്നു ദുരന്തമുണ്ടായത്. കഴിഞ്ഞ മേയിലും വിഷമദ്യം കഴിച്ച് 2 നേപ്പാള്‍ സ്വദേശികള്‍ ഇവിടെ മരിച്ചിരുന്നു.

3 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന സച്ചിന്‍ ഏതാനും മാസം മുന്‍പാണു നാട്ടില്‍ വന്നു മടങ്ങിയത്. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. പുലര്‍ച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം, രാവിലെ 8നു വീട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്. ഭാര്യ ഷിബിന (ഹുസ്‌ന ഡ്രൈവിങ് സ്‌കൂള്‍, വളപട്ടണം). മകള്‍ സിയ. ഇരിണാവ് സിആര്‍സിക്കു സമീപം പൊങ്കാരന്‍ മോഹനന്റെയും ഗിരിജയുടെയും മകനാണ്. സഹോദരന്‍ സരിന്‍ (ഗള്‍ഫ്).

Back to top button
error: