ആദ്യം സി.ഐ.എ, പിന്നെ എംഐ6; ഇഎംഎസ് സര്‍ക്കാരിനെതിരെ ബ്രിട്ടീഷ് ചാരസംഘടനയും പ്രവര്‍ത്തിച്ചു; വെളിപ്പെടുത്തലുമായി പുസ്തകം

ന്യൂഡല്‍ഹി: ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ബ്രിട്ടിഷ് ചാരസംഘടനകളായ എംഐ6, എംഐ5 എന്നിവ പ്രവര്‍ത്തിച്ചെന്ന വെളിപ്പെടുത്തലുമായി പുസ്തകം. ‘സ്പൈയിങ് ഇന്‍ സൗത്ത് ഏഷ്യ: ബ്രിട്ടന്, ദ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആന്‍ഡ് ഇന്ത്യാസ് സീക്രട്ട് വാര്’ എന്ന പുസ്തകത്തിലാണു വിവരങ്ങള്‍. ലണ്ടനിലെ കിങ്സ് കോളജില്‍ ലക്ചററായ പോള്‍ മക്ഗാറാണ് ഇതെഴുതിയത്. യുഎസിന്റെ ചാരസംഘടന സിഐഎ 1950കളുടെ അവസാനം കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതിന്റെ വിവരങ്ങള്‍ മുന്‍പു തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍, ഇതാദ്യമായാണു ബ്രിട്ടിഷ് ചാരന്മാരുടെ പങ്കു വെളിപ്പെടുന്നത്. ജവാഹര്‍ലാല്‍ നെഹ്റു സര്‍ക്കാരും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവെന്നും പുസ്തകത്തിലുണ്ട്.
1960 വരെ ഇന്ത്യയില്‍ ബ്രിട്ടിഷ് ഹൈക്കമ്മിഷണറായിരുന്ന മാല്‍ക്കം മക്ഡൊണാള്‍ഡ് കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വന്നതിന്റെ ആശങ്ക യുഎസ് എംബസിയുമായി പങ്കുവച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ബ്രിട്ടനില്‍ എത്തിച്ചു കമ്യൂണിസ്റ്റ് ഭരണത്തിന്റെ അപകടത്തക്കുറിച്ചു ബോധ്യപ്പെടുത്താനും ഇവരെ എങ്ങനെ നേരിടണമെന്നു പരിശീലിപ്പിക്കാനും ബ്രിട്ടിഷ് ചാരന്മാര് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്നു പദ്ധതിയിട്ടുവെന്നും അടുത്തിടെ ബ്രിട്ടന് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ പോള്‍ വിശദീകരിക്കുന്നു.
1958ല്‍ അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന ബി.എന്‍. മുള്ളിക്ക് സംയുക്ത നീക്കത്തിനു ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിന് അനുമതി നല്കി. രാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതി വാങ്ങാനായി കോമണ്‍വെല്‍ത്ത് സെക്രട്ടറി ലോര്‍ഡ് ഹോം ഡല്‍ഹിയിലെത്തി അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഗോവിന്ദ് പന്ത്, ധനമന്ത്രി മൊറാര്‍ജി ദേശായി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. പക്ഷേ നെഹ്റു അത്ര താല്പര്യം കാട്ടിയില്ല. എങ്കിലും ഐബി പദ്ധതിയുടെ ഭാഗമായി പലരും ലണ്ടനില്‍ എത്തി പരിശീലനം നേടിയെന്നു പുസ്തകം പറയുന്നു.






