ഒരാളെ തീര്‍ത്തിട്ടുണ്ട്… വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ; കൊലയ്ക്കുശേഷം അയല്‍വീട്ടില്‍ അറിയിച്ചു, കൂസലില്ലാതെ സൈക്കിള്‍ ചവിട്ടിപ്പോയി

ആലപ്പുഴ: വൃദ്ധ ദമ്പതികളുടെ അതിദാരുണ കൊലപാതകത്തില്‍ നടുങ്ങി നാട്. തങ്കരാജിന്റെ കുടുംബം 30 വര്‍ഷമായി മന്നത്ത് വാര്‍ഡിലാണ് താമസം. മൂത്ത മകനാണ് ബാബു. ഇളയത് മകള്‍ മഞ്ജു. മക്കള്‍ രണ്ടുപേരുടെയും പഠനത്തിനായും മറ്റും തങ്കരാജും ആഗ്നസും ഏറെ താല്‍പര്യമെടുത്തെങ്കിലും ബാബു ലഹരിക്കടിമപ്പെട്ടു പോയെന്ന് നാട്ടുകാര്‍ പറഞ്ഞു. തങ്കരാജിനും മുന്‍പ് ഇറച്ചിക്കടയിലായിരുന്നു ജോലി. നേരത്തെ ഇവര്‍ താമസിച്ചിരുന്ന വഴിച്ചേരി കേന്ദ്രീകരിച്ചായിരുന്നു ബാബുവിന്റെ ജോലിയും മറ്റും. കയ്യില്‍ പണമില്ലാതാകുമ്പോള്‍ മാതാപിതാക്കളോട് പണം ചോദിക്കും. അധ്യാപികയായ മകള്‍ കൊടുക്കുന്നതായിരുന്നു മാതാപിതാക്കളുടെ പക്കല്‍ ഉണ്ടാകുക. ഇതേച്ചൊല്ലി ഇവരുടെ വീട്ടില്‍ ബാബു പതിവായി വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ഇന്നലെ രാവിലെ മഞ്ജുവിന്റെ വീട്ടിലെത്തി ബാബു പണം ചോദിച്ചെങ്കിലും കൊടുത്തില്ല. രാത്രിയോടെ ബാബു വീട്ടിലേക്കു പോകുന്നത് അയല്‍വാസികള്‍ കണ്ടു. ഒന്പതിനു ശേഷം വീട്ടില്‍ നിന്നു ബഹളവും കരച്ചിലും കേട്ടെങ്കിലും പതിവ് സംഭവമാണെന്നു കരുതി അയല്‍വാസികള്‍ കാര്യമാക്കിയില്ല.
‘ഒരാളെ ഞാന്‍ തീര്‍ത്തിട്ടുണ്ട്… വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ’, മാതാപിതാക്കളെ വെട്ടിയ ശേഷം അയല്‍വീട്ടിലെത്തി വിവരം പറയുമ്പോഴും ബാബുവിന്റെ മുഖത്ത് കുറ്റബോധത്തിന്റെ തരിപോലുമില്ലായിരുന്നു. വീട്ടുകാര്‍ നോക്കുമ്പോള്‍ തങ്കരാജന് ചോരവാര്‍ന്ന് കിടക്കുന്നതാണ് കണ്ടത്. ആഗ്നസിന് ജീവനുണ്ടായിരുന്നു. മാതാപിതാക്കളെ വകവരുത്തിയെന്ന് അയല്‍വാസികളെ അറിയിച്ച ശേഷം ബാബു സൈക്കിള്‍ ചവിട്ടിപ്പോയി. രണ്ടുമുറിയുള്ള ചെറിയ വീടിന്റെ തിണ്ണയിലാണ് തങ്കരാജ് കുത്തേറ്റു കിടന്നത്. തൊട്ടടുത്തായി ആഗ്നസും.
ബാബുവിനെ കണ്ടെത്താന്‍ പൊലീസിനോടൊപ്പം നാട്ടുകാരും പരിശ്രമിച്ചു. രാത്രി 10.20നാണ് സമീപത്തെ ബാറില്‍നിന്ന് ഇയാളെ പിടികൂടിയത്. മന്നത്ത് വാര്‍ഡില്‍ പനവേലി പുരയിടം വീട്ടില്‍ തങ്കരാജ്(70), ഭാര്യ ആഗ്നസ് (65) എന്നിവര്‍ ഇന്നലെ രാത്രിയാണ് ലഹരിക്ക് അടിമപ്പെട്ട മകന്റെ കുത്തേറ്റു മരിച്ചത്. ഇറച്ചിക്കടയിലെ തൊഴിലാളിയായിരുന്ന ബാബു കുറച്ചുകാലമായി വാഴക്കുല കടയില്‍ ജോലി നോക്കുകയാണ്.






