ഏഷ്യാ കപ്പില്‍ ഇന്ത്യ കളിക്കരുതേയെന്നു പ്രാര്‍ഥിക്കുന്നു! വെസ്റ്റ് ഇന്‍ഡീസിനെതിരായ തോല്‍വിക്കു പിന്നാലെ പരിഹാസവുമായി ബാസിത് അലി; കളി നടന്നാല്‍ ടീമിന്റെ സര്‍വനാശം

ഇസ്ലാമാബാദ്: വെസ്റ്റ്് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെതിരേ വിമര്‍ശനവും പരിഹാസവുമാണ് എല്ലാ മേഖലകളില്‍നിന്നും ഉയരുന്നത്. ഇനി പാകിസ്താനുള്ളത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരമാണ്. എന്നാല്‍, ഈ മത്സരം നടക്കല്ലേയെന്നു പ്രാര്‍ഥിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി.
സപ്തംബര്‍ 14നു ദുബായിലാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ സൂപ്പര്‍ പോര്. സമീപകാലത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മല്‍സരം നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ഇന്ത്യ മല്‍സരത്തില്‍നിന്നു പിന്‍മാറണമെന്നു മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഈ മത്സരം നടക്കരുതേയെന്നു പ്രാര്‍ഥിക്കുന്നതായി ബാസിത് പറയുന്നത്.
ഇന്ത്യ പിന്‍മാറണമെന്ന് പ്രാര്‍ഥന
അടുത്തിടെ ഡബ്ല്യുസിഎല്ലിലെ രണ്ടു മല്‍സരങ്ങളില്‍ പാകിസ്താനെതിരേ കളിക്കാന്‍ വിസമ്മതിച്ചതു പോലെ ഏഷ്യാ കപ്പിലും ഇന്ത്യ ‘നോ’ പറയണമെന്നാണ് ആഗ്രഹിക്കുന്നതെന്നു ബാസിത് അലി വ്യകതമാക്കി. ദി ഗെയിം പ്ലാനെന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബാസിത്.
‘ഏഷ്യ കപ്പില്‍ പാകിസ്താനെതിരേ കളിക്കുന്നതില്‍നിന്നു പിന്‍മാറണമെന്നാണ് എന്റെ പ്രാര്‍ഥന. കഴിഞ്ഞ ലോക ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്സ് ടൂര്‍ണമെന്റില്‍ നമ്മള്‍ ഇതു കണ്ടതാണ്. കളി നടന്നാല്‍ ഒരു ടീമിന്റെ സര്‍വ്വനാശമാണ സംഭവിക്കുക. നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത തരത്തിലായിരിക്കും പാകിസ്താനെ ഇന്ത്യന്‍ ടീം നാണം കെടുത്തുക’യെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യക്കെതിരേ മാത്രമല്ല, ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്താനെതിരേ പോലും ഇപ്പോഴത്തെ പാകിസ്താന്‍ ടീമിനു വിജയസാധ്യതയില്ലെന്നും ബാസിത് നിരീക്ഷിച്ചു. ‘നമ്മള്‍ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനോടു പരാജയപ്പെട്ടാല്‍ രാജ്യത്തുള്ള ആരും കാര്യമാക്കാന്‍ പോകുന്നില്ല. എന്നാല്‍, ഇന്ത്യയോടു തോല്‍വി വഴങ്ങിയാല്‍ അത് എല്ലാവരെയും ഭ്രാന്തരാക്കും’.
വെസ്റ്റ് ഇന്‍ഡീസിനെതിരേ ട്രിനിഡാഡില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ പാകിസ്താന്‍ 202 റണ്‍സിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയിരുന്നു. വിന്‍ഡീസുമായുള്ള കളിയില്‍ 295 റണ്‍സാണ് പാക് ടീമിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, അവിശ്വസനീയമാംവിധം ടീം തകര്‍ന്നടിഞ്ഞു. 29.2 ഓവറില്‍ വെറും 92 റണ്‍സിനു പാക് ടീം കൂടാരം കയറി. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനുള്‍പ്പെടെ പാക് ടീമിലെ നാലു പേരാണ് ഈ മല്‍സരത്തില്‍ ഡെക്കായത്. സല്‍മാന്‍ ആഗ (30), മുഹമ്മദ് നവാസ് (23), ഹസന്‍ നവാസ് (13) എന്നിവര്‍ മാത്രമേ രണ്ടക്കത്തിലെത്തിയുള്ളൂ. ആറു വിക്കറ്റുകളെടുത്ത ജെയ്ഡന്‍ സീല്‍സാണ് പാക് ടീമിന്റെ അന്തകനായത്.
പോര് മൂന്നു തവണ
വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ പരമാവധി മൂന്നു തവണ വരെ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഗ്രൂപ്പുഘട്ടം കടന്ന് ഇരുടീമും മുന്നേറിയാല്‍ സൂപ്പര്‍ ഫോറിലായിരിക്കും അടുത്ത പോരാട്ടം. അതിനു ശേഷം ഫൈനലിലും ഇന്ത്യ- പാക് ത്രില്ലര്‍ സംഭവിച്ചേക്കും.
ഏറ്റവും അവസാനമായി ഈ വര്‍ഷം യുഎഇയില്‍ തന്നെ നടന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി മുഖാമുഖം വന്നത്. അന്നു പാക് ടീമിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. എന്നാല്‍, ട്വന്റി 20 മത്സരത്തില്‍ ടീം കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചേക്കുമെന്നു കരുതുന്നവരുമുണ്ട്. ഏകദിനത്തില്‍ തോറ്റെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെ 2-1ന് ടി20യില്‍ പരാജയപ്പെടുത്തിയിരുന്നു. ‘I pray India refuse to play Pakistan in Asia Cup’: Basit Ali tears apart Rizwan, Babar after WI humiliation






