വൈശാഖ് ചിത്രത്തില്‍ മോഹന്‍ലാല്‍, രചന ഉദയകൃഷ്ണന്‍, നിര്‍മ്മാണം ആശിര്‍വാദ്; ഷൂട്ടിംഗ് നവംബര്‍ 10ന്
എലോണിന് ശേഷമുള്ള മോഹന്‍ലാലിന്റെ പ്രൊജക്ടിനെക്കുറിച്ച് അവ്യക്തത തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വൈശാഖ് – ഉദയകൃഷ്ണന്‍ ചിത്രമെത്തുന്നത്. നേരത്തെ ഇത് സംബന്ധിച്ച് കഥാചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പെട്ടെന്ന് ഈ പ്രൊജക്ട് ഓണാകുമെന്ന് അധികമാരും കരുതിയിരുന്നില്ല. കാരണം ശ്രീകുമാര്‍ മേനോന്റെ ഒരു ചിത്രവും ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍പ്പുണ്ടായിരുന്നു. അത് പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകാന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് പുതിയ ട്വിസ്റ്റ്. അടുത്ത മോഹന്‍ലാല്‍ ചിത്രം വൈശാഖ് സംവിധാനം ചെയ്യും. ഉദയകൃഷ്ണനാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ 10 ന് എറണാകുളത്ത് തുടങ്ങും.
ഈ പ്രൊജക്ട് കമ്മിറ്റ് ചെയ്തതിനുപിന്നാലെ ഉദയകൃഷ്ണന്‍ എഴുത്ത് ജോലികളിലേയ്ക്കും കടന്നിട്ടുണ്ട്. താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരേയുമടക്കം വൈകാതെ പ്രഖ്യാപിക്കും. എലോണിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ ബറോസിന്റെ വര്‍ക്കുകളിലേയ്ക്കും ലാല്‍ കടന്നിരുന്നു. നാല് ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. നിലവില്‍ സെറ്റുകള്‍ ഒരുക്കിയിരിക്കുന്ന ഉദയയുടെ ഫ്‌ളോറിലായിരുന്നു ഷൂട്ടിംഗ്.
നവംബര്‍ 1 ന് ലാല്‍ ദുബായിലേയ്ക്ക് പോകും. 10 ന് മടങ്ങിയെത്തും. അതിന് പിന്നാലെ വൈശാഖ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. നൂറു കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാളചിത്രം പുലിമുരുകന് ശേഷം മോഹന്‍ലാല്‍-വൈശാഖ്-ഉദയകൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുമിക്കുന്ന ചിത്രംകൂടിയാണിത്. പുലിമുരുകന്റെ രണ്ടാംഭാഗം തുടങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ടായിരുന്നു. അതിനിടെയാണ് മറ്റൊരുകഥയുമായി ഉദയകൃഷ്ണന്‍ മോഹന്‍ലാലിനെ സമീപിക്കുന്നതും അത് പെട്ടെന്നൊരു പ്രൊജക്ടായി മാറുന്നതും.